ഗ്ലോബല്‍ കേപബിലിറ്റി സെന്ററുകള്‍ ഇന്ത്യയുടെ ശക്തിയാകുന്നു; താരിഫ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ശക്തിപകരാന്‍ മറ്റൊരു മേഖല കൂടി വളര്‍ന്നു വരുന്നു; ആഗോള വ്യാപാരയുദ്ധത്തില്‍ ഇന്ത്യയുടെ ശക്തമായ ആയുധമായി ജി സി സി കള്‍

ആഗോള വ്യാപാരയുദ്ധത്തില്‍ ഇന്ത്യയുടെ ശക്തമായ ആയുധമായി ജി സി സി കള്‍

Update: 2025-09-11 01:40 GMT

മുംബൈ: രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, ബ്രിട്ടീഷ് ചില്ലറ വില്പന മേഖലയിലെ ഭീമന്മാരായ ടെസ്‌കോ ഇന്ത്യയില്‍ എത്തുന്നത് ഒരു ബാക്ക് - ഓഫീസുമായാണ്. സ്ഥാപനത്തിന്റെ യു കെയിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന രീതിയിലുള്ള ഐ ടി, ഫിനാന്‍സ് ജോലികളായിരുന്നു അവിടെ നടന്നിരുന്നത്. എന്നാല്‍, ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, ടെസ്‌കോയുടെ ബാംഗ്ലൂരിലെ കാമ്പസ് അടിമുടി മാറിയിരിക്കുകയാണ്. അവരുടെ ചുമതലകളും വിപുലമായി കഴിഞ്ഞു. ഇന്ന് അതീവ സങ്കീര്‍ണ്ണങ്ങളായ ചില ചുമതലകള്‍ നിര്‍വ്വഹിക്കുന്നോരു സ്ട്രാറ്റജിക് എഞ്ചിനായി മാറിയിരിക്കുകയാണ് ടെസ്‌കോയുടെ ഇന്ത്യയിലെ ക്യാമ്പസ്.

കമ്പനിയുടെ വെന്‍ഡര്‍മാരെ മാനേജ് ചെയ്യുന്നത് മുതല്‍, ഭാവിയിലെ ആവശ്യകത കണ്ടെത്താനുള്ള ഡാറ്റാ അനലിറ്റിക്സും,. ഇന്‍വെന്ററി പ്ലാനിംഗും, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടികണ്ട് പ്രവചിക്കലുമൊക്കെ ഇന്ന് ഇവിടെ നടക്കുന്നു എന്ന് ടെസ്‌കോ ബിസിനസ്സ് സൊല്യൂഷന്‍സിന്റെ സി ഇ ഒ സുമിത് മിത്ര പറയുന്നു. എന്തിനധികം, ഇന്ന് യു കെയില്‍ ഒരു വരുന്ന ഒരു പുതിയ ടെസ്‌കോ എക്സ്പ്രസ്സിന്റെയോ സൂപ്പര്‍ സ്റ്റോറിന്റെയോ ഡിസൈനിംഗും നടക്കുന്നത് ഇവിടെയാണ്, ഇന്ത്യ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ (ജി സി സി) മേഖലയില്‍ കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടത്തിന് ഒരു ഉദാഹരണം മാത്രമാണിത്.

പല ആഗോള ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യയില്‍ ബാക്ക് - ഓഫീസുകള്‍ തുറന്നപ്പോള്‍, അവ കേവലം കോള്‍ സെന്ററുകളോ അല്ലെങ്കില്‍ ഹെല്പ് ഡസ്‌ക് ഔട്ട്‌പോസ്റ്റുകളോ മാത്രമായിരുന്നു. എന്നാല്‍, അവയില്‍ പലതും ഇന്ന് വൈവിധ്യമാര്‍ന്ന, അതീവ സങ്കീര്‍ണ്ണമായ ചുമതലകളാണ് നിര്‍വഹിക്കുന്നത്. ഐടി മുതല്‍ ഫിനാന്‍സ്, ഡിസൈന്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന് തുടങ്ങി എ ഐ സഹായത്തോടെയുള്ള ഓട്ടോമേഷന്‍ വരെ ഇവ നിര്‍വഹിക്കുന്നുണ്ട്. ആഗോള തലത്തില്‍ നിലവിലുള്ള വ്യാപാര സംഘര്‍ഷം ഒരുപക്ഷെ ഇവയുടെ വളര്‍ച്ച ഒന്ന് മന്ദഗതിയിലാക്കിയെക്കാമെങ്കിലും, തടയാന്‍ ആവാത്ത ശക്തിയായി വളര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ജി സി സികള്‍.

കേവലം അദ്ധ്വാനം മാത്രമല്ല അവര്‍ നല്‍കുന്നത്, ബൗദ്ധികമായ നവാശയങ്ങളും ഇന്ന് ഇന്ത്യന്‍ കമ്പനികള്‍ നല്‍കുന്നു എന്ന് മിത്ര പറയുന്നു. ബി ബി സിയുമായുള്ള ഒരു ഈമെയില്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇന്ന് ടെസ്‌കോ ഉള്‍പ്പടെ പല ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത് കേവലം ധനലാഭം നോക്കി മാത്രമല്ല എന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍, വിപുലമായ നൈപുണി ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. സാങ്കേതികവിദ്യയില്‍ അതി വിദഗ്ധരായ തൊഴിലാളികളെ ഇവിടെ ലഭിക്കുന്നുണ്ട് എന്നതുകൂടിയാണ് പല കമ്പനികളെയും ഇന്ത്യയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ആഗോള തലത്തിലുള്ള നികുതി സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ ജി സി സികളെ സഹായിക്കുന്ന ധ്രുവ അഡ്വൈസേഴ്സ് പറയുന്നത് ഇത്തരം ജി സി സികള്‍ മാതൃസ്ഥാപനത്തിന്റെ ഡിജിറ്റല്‍ ഇരട്ടകളാണ് എന്നാണ്. ഒരു സമുദ്രത്തിന് അപ്പുറവും ഇപ്പുറവുമായി സ്ഥിതിചെയ്യുന്ന ഇരട്ടകള്‍. ഗൂഗിളും, ഗോള്‍ഡ്മാന്‍ സാഷും മുതല്‍ പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡായ വിക്‌റ്റോറിയ സീക്രട്ടിന് വരെ ഇന്ന് ഇന്ത്യയില്‍ ജി സി സിയുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ ജി സി സികള്‍ ഉള്ള ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം 2010 ല്‍ 700 ആയിരുന്നെങ്കില്‍ ഇന്നത് 1,700 ആണ്. ഏകദേശം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ സെന്ററുകള്‍, എല്ലാം കൂടി പ്രതിവര്‍ഷം 65 ബില്യന്‍ ഡോളറാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് സംഭാവന ചെയ്യുന്നത്.

ആഗോളാടിസ്ഥാനത്തില്‍ വളര്‍ന്ന് വരുന്ന വ്യാപാര തടസ്സങ്ങളും, ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് ജോലികള്‍ പുറം കരാര്‍ നല്‍കുന്നതിനെതിരെയുള്ള തിരിച്ചടികളും നിലനില്‍ക്കുന്നുണ്ടെങ്കിലും, ഈ രംഗത്ത് ഇന്ത്യയ്ക്ക് ശോഭനമായ ഒരു ഭാവിയാണ് ഉള്ളതെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഇ വൈ പറയുന്നു. 2030 ആകുമ്പോഴേക്കും ജി സി സികള്‍ 100 ബില്യന്‍ ഡോളര്‍ വരുമാനമുള്ള ഒരു മേഖലയായി മാറുമെന്നും അവര്‍ പറയുന്നു. നിലവില്‍ പ്രതിവര്‍ഷം 14 ശതമാനം നിരക്കിലാണ് ഈ മേഖല വളര്‍ച്ച രേഖപ്പെടുത്തുനന്ത്.

എഞ്ചിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, ഡിജിറ്റല്‍ സ്‌കില്‍ ഉള്ള തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ ഒരു ക്ഷാമവും ഇല്ല എന്നതുമാത്രമല്ല ഈ വളര്‍ച്ചക്ക് കാരണമായി ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മരിച്ച് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന എ ഐ ഹബ്ബുകളില്‍ ഒന്നാണ് ഇന്ത്യ എന്നതും ഇതിനൊരു കാരണമാണ്. എഞ്ചിനീയറിംഗ് രംഗത്തെ എല്ലാ വൈദഗ്ധ്യങ്ങളും ഒരിടത്തു തന്നെ ലഭ്യമാകുമ്പോള്‍, ആഗോള ഭീമന്മാര്‍ തങ്ങളുടെ ജി സി സികള്‍ക്കായി ഏറ്റവുമധികം താത്പര്യം കാണിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നു എന്നാണ് നോയ്ഡയിലും ബംഗലൂരുവിലും ജി സി സികള്‍ തുറന്ന അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ആര്‍ക്ടിക് വോള്‍ഫിന്റെ ഡാന്‍ ഷിയപ്പ പറയുന്നത്.

സാങ്കേതിക വിദ്യയില്‍ പ്രവീണരായ തൊഴില്‍ സൈന്യവും, അനുകൂലമായ സര്‍ക്കാര്‍ നയങ്ങളും, ജി സി സി രംഗത്ത് ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റിയിരിക്കുന്നു എന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന് പുറമെ, ഓരോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ഇതിനു കാരണമാണ്. ഇന്ന് ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ പോലും വിദഗ്ധരായ തൊഴിലാളികളെ ലഭ്യമാണ്. അവിടെ വീണ്ടും ചെലവ് കുറയും എന്നതിനാല്‍ കൂറ്റുതല്‍ അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ ചെറു പട്ടണങ്ങളിലേക്ക് എത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കില്‍ ജി സി സി ആരംഭിച്ച ഫ്രഞ്ച് സ്പിരിറ്റ് ഉല്‍പ്പാദകരായ പെര്‍നോഡ് റിക്കാര്‍ഡ് അത്തിരത്തില്‍ ഒന്നാണ്.

Tags:    

Similar News