പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്തെ കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ സഹായം ഒരുക്കും; റഷ്യന്‍ എണ്ണയായാലും മറ്റെന്തായാലും ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടത്തു നിന്ന് വാങ്ങുമെന്ന് ധനമന്ത്രി; അമേരിക്കന്‍ വെല്ലുവിളിയെ ഇന്ത്യ അംഗീകരിക്കില്ല
ന്യൂഡല്‍ഹി: യു.എസ് ചുമത്തിയ ഉയര്‍ന്ന തീരുവ മൂലം പ്രതിസന്ധിയിലായി കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ആശ്വാസ പാക്കേജ് ഉടന്‍ കൊണ്ടുവരുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കിയേക്കും. കയറ്റുമതിക്കാരെ സഹായിക്കാന്‍ പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ എണ്ണയായാലും മറ്റെന്തായാലും, ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടത്തുനിന്ന് വാങ്ങും. വലിയ തുകയാണ് എണ്ണ ഇറക്കുമതിക്കായി ചെലവാക്കുന്നത്. ആ ഇടപാട് നമുക്ക് ഏറ്റവും അനുയോജ്യമായ വിധത്തിലായിരിക്കണം. തീര്‍ച്ചയായും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുമെന്നും നിര്‍മല സീതാരാമന്‍ വിശദീകരിച്ചു കഴിഞ്ഞു. അമേരിക്കന്‍ സമ്മര്‍ദ്ദം അംഗീകരിക്കില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ധനമന്ത്രി.
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന സൂചനയാണ് ആശ്വാസ പാക്കേജിലുള്ളത്. സാഹചര്യം ഉടന്‍ മാറുമെന്നുപറഞ്ഞ് കയറ്റുമതിക്കാരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 27 മുതല്‍ യുഎസ് ഏര്‍പ്പെടുത്തിയ 50% താരിഫുകള്‍ ബാധിച്ച വ്യവസായങ്ങള്‍ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള്‍ പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ട്, മന്ത്രി പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കുമേല്‍ യു.എസ് പിഴത്തീരുവയടക്കം 50 ശതമാനം തീരുവ ചുമത്തിയിരുന്നു.
ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പുറമെയാണ്, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായി ഓഗസ്റ്റ് 27 മുതല്‍ 25 ശതമാനം പിഴ തീരുവയും ചുമത്തിയത്. എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്നാരോപിച്ചായിരുന്നു ഇത്. യു.എസ് തീരുവ 50 ശതമാനമായി ഉയര്‍ത്തിയത് ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, ചെമ്മീന്‍, തുകല്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ തുണിത്തര, വസ്ത്ര നിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കയറ്റുമതി പ്രോത്സാഹന ദൗത്യം, പ്രത്യേക സാമ്പത്തിക മേഖല, ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്‌കരണം, തുണി വ്യവസായം പോലുള്ള തൊഴില്‍ പ്രാധാന്യമുള്ള മേഖലകളെ ജിഎസ്ടി വഴി പിന്തുണയ്ക്കല്‍ തുടങ്ങിയവ സര്‍ക്കാരിന്റ ആശ്വാസ പാക്കേജില്‍ ഉണ്ടാകും. പുതിയ പാക്കേജ് അവതരിപ്പിച്ച് രാജ്യത്ത് നിന്നുള്ള കയറ്റുമതി രംഗത്തിന് നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ സഹായം ഒരുക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. രാജ്യത്തെ വ്യവസായ രംഗങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയുടെ അധിക തീരുവ പ്രഹരത്തിലുള്ള തങ്ങളുടെ ആശങ്ക സര്‍ക്കാരിനോട് പങ്കുവച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചില കാര്യങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 50 ശതമാനം അധിക തീരുവയുടെ ആഘാതമേറ്റ കമ്പനികളെ സംരക്ഷിക്കാന്‍ ആ പാക്കേജ് എന്തായാലും കൊണ്ടുവരുമെന്ന് ധനമന്ത്രി പറയുന്നു.
യുഎസിന്റെ അധിക തീരുവ ഉണ്ടാക്കുന്ന തിരിച്ചടിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറയുന്നു. ജിഎസ്ടി പരിഷ്‌കരണത്തിലൂടെ അധിക തീരുവ മൂലമുണ്ടാകുന്ന ആഘാതം മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്ന് കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.