അവധി ആഘോഷിക്കാനായി എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തി; പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങവെ കയത്തില്‍ പൊലിഞ്ഞത് മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവന്‍; മുങ്ങിമരിച്ചത്, സഹോദരങ്ങളുടെ മക്കള്‍; ഇരിട്ടി ചരല്‍പ്പുഴയിലും രണ്ട് പേര്‍ മുങ്ങിമരിച്ചു
ഇരിട്ടി ചരല്‍പ്പുഴയിലും രണ്ട് പേര്‍ മുങ്ങിമരിച്ചു
കാസര്‍കോട്: കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. റിയാസ് (17) , യാസിന്‍(13), സമദ്(13) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായി മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് മൂവരും കുളിക്കാനിറങ്ങിയത്. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്‌നിരക്ഷാ സേനയുടെ തിരച്ചിലില്‍ ഉടന്‍ കണ്ടെത്തിയിരുന്നു. ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രദേശവാസികളും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. എരിഞ്ഞിപ്പുഴയില്‍ കച്ചവടം നടത്തുന്ന അഷ്റഫ് - ശബാന ദമ്പതികളുടെ മകനാണ് യാസിന്‍. അഷ്റഫിന്റെ സഹോദരന്‍ മജീദിന്റെ മകനാണ് സമദ്. ഇവരുടെ സഹോദരി മഞ്ചേശ്വരത്ത് താമസിക്കുന്ന റംലയുടെയും സിദ്ദിഖിന്റെയും മകനാണ് റിയാസ്.
അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരും ആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. മൂന്നു പേരുടെയും മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കുട്ടികളുടെ മൃതദേഹം പുറത്തെത്തിച്ചത്. ബേഡകം പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തി.
ആദ്യം റിയാസിന്റെയും പിന്നീട് യാസിന്‍, സമദ് എന്നിവരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. റിയാസിനെ പുറത്തെടുത്ത് ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ ഒപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം.
മുങ്ങിപ്പോയ റിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സ്ത്രീ അലറിവിളിച്ചതോടെ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇവരില്‍ റിയാസിനെയും യാസീനെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാസീനും സമദിനും നീന്തല്‍ അറിയാമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
നേരത്തെയും പ്രദേശത്ത് അപകടം നടന്നിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. കണ്ണൂരിലും സമാനസംഭവത്തില്‍ രണ്ടുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ ഇരിട്ടിയില്‍ ചരല്‍പ്പുഴയിലാണ് രണ്ടുപേര്‍ മുങ്ങിമരിച്ചത്. കണ്ണൂര്‍ സ്വദേശികളായ ആല്‍ബിന്‍ (ഒന്‍പത്), വിന്‍സെന്റ് (42) എന്നിവരാണ് മരിച്ചത്.
ആല്‍ബിന്‍ പുഴയില്‍ വീണപ്പോള്‍ വിന്‍സെന്റ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. വിന്‍സെന്റും ആല്‍ബിനും അയല്‍വാസികളാണ്. ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിന്‍സെന്റിന്റെ അമ്മയെ കാണാനായി ഇരിട്ടിയിലെത്തിയതായിരുന്നു ഇരുവരും. പുഴ കാണാനായി ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. പുഴയില്‍ മുങ്ങിപ്പോയ ആല്‍ബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിന്‍സെന്റ് അപകടത്തില്‍പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.