ജോലി വാഗ്ദാന തട്ടിപ്പുകള്‍ ഉയരാന്‍ കാരണം വമ്പന്‍ സ്രാവുകളെ വെറുതെ വിടുന്ന അന്വേഷക വീഴ്ചയോ? ബില്യണ്‍ എയര്‍ത്ത് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മുഖ്യ പ്രതിയ്ക്ക് വിദേശത്ത് സുഖവാസമെന്ന് സൂചന; അര്‍ച്ചന തങ്കച്ചനെ മാത്രം അറസ്റ്റ് ചെയ്ത് വമ്പന്‍മാരെ വെറുതെ വിടുന്നത് എന്തിന്? തട്ടിപ്പുകള്‍ വാഴുമ്പോള്‍

Update: 2025-05-16 06:18 GMT

കൊച്ചി: ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ സ്ഥാപനത്തിന്റെ മറവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. കേസില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ അര്‍ച്ചന തങ്കച്ചന്‍ പോലീസിന്റെ പിടിയിലായിരുന്നു. മുഖ്യ പ്രതി ജിത്തു ആന്റണി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കവെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇത്തരം കേസുകളിലെ വീഴ്ചകളാണ് കേരളത്തില്‍ ഉദ്യോഗ തട്ടിപ്പുകള്‍ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ പണം തട്ടിയ കേസില്‍ അര്‍ച്ചന മുന്‍പും പോലീസിന്റെ പിടിയിലായിരുന്നു. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് എളമക്കര പോലീസ് അന്ന് അന്വേഷണം നടത്തിയിരുന്നത്. ക്രൈം നമ്പറായ 343/2024 ആ കേസില്‍ 5 പ്രതികള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. എന്നാല്‍ അതിന് ശേഷം വന്ന തട്ടിപ്പ് പരാതികളില്‍ രണ്ടു പേരിലേക്ക് അന്വേഷണം ഒതുങ്ങി. പിന്നീടുള്ള കേസുകളില്‍ ഒരാളെ മാത്രമാണ് പോലീസിന് പിടികൂടാനായത്. ജിത്തു ആന്റണി, അര്‍ച്ചന തങ്കച്ചന്‍, ലിബിന്‍ വര്‍ക്കീസ്, അരുണിമ അപ്പു, ആഷിക് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവര്‍ക്കെല്ലാം ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

പിന്നീട് വന്ന കേസുകളില്‍ അര്‍ച്ചന തങ്കച്ചന്‍ മാത്രമായിരുന്നു അറസ്റ്റിലായത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം സമാനമായ തട്ടിപ്പില്‍ അര്‍ച്ചന പിടിയിലാകുമ്പോഴും ജിത്തു ആന്റണി വിദഗ്ധമായി മുങ്ങി. നിരവധി ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പ്രതികള്‍ കബളിപ്പിച്ചിരുന്നു. ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന കമ്പനിയുടെ രേഖകള്‍ പ്രകാരം രണ്ട് ഡയറക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇതില്‍ ജിത്തു എംഡിയാണ്. അര്‍ച്ചന ഡയറക്ടറും. അതുകൊണ്ടാണ് അര്‍ച്ചനയെ പിടികൂടിയത്. എന്നാല്‍ ജിത്തുവിനെ പിടികൂടാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ല.

സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലെ പരസ്യം കണ്ടാണ് പരാതിക്കാരന്‍ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെടുന്നത്. ദുബായിലും, ഇടപ്പള്ളിയിലെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മെയ് മാസത്തില്‍ ദുബായില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ സുഹൃത്ത് മുഖേനയും, പ്രതികള്‍ നല്‍കിയ അക്കൗണ്ടിലേക്ക് 280000 രൂപയും അയച്ചു. കൂടാതെ ഇടപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നേരിട്ട് 1,000,000 രൂപയും പരാതിക്കാരന്‍ നല്‍കിയിരുന്നു. പല തവണകളായി ഏഴര ലക്ഷത്തോളം രൂപയാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്നും തട്ടിയത്.

വ്യാജ രേഖകള്‍ ഉണ്ടാക്കി ടൂറിസ്റ്റ് വിസയിലും നിരവധി പേരെ ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് വിടാന്‍ ശ്രമം നടന്നെങ്കിലും വിഎഫ്എസില്‍ നിന്നും ഈ വിസകള്‍ നിരസിച്ചതായും തട്ടിപ്പിനിരയായവര്‍ പറയുന്നു. പല ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രതികളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ബുധനാഴ്ചയാണ് അര്‍ച്ചന തങ്കച്ചന്‍ അറസ്റ്റിലായത്. പ്രതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പന്നിയങ്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സതീഷ്‌കുമാര്‍, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവര്‍ ചേര്‍ന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതി പല ആളുകളില്‍നിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നും സമാനകുറ്റകൃത്യം നടത്തിയതിന് പ്രതിയുടെ പേരില്‍ എറണാകുളം പോലീസ് സ്റ്റേഷനില്‍ രണ്ട് കേസും വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Similar News