വില്‍പനയ്ക്കായി യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കും; റാന്നിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രധാനി; ഇടപാടുകളെല്ലാം ഗൂഗിള്‍ പേ വഴി: പത്തനംതിട്ടയില്‍ കഞ്ചാവ് കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍
പത്തനംതിട്ടയില്‍ കഞ്ചാവ് കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍
റാന്നി: കഞ്ചാവ് കേസില്‍ പത്തനംതിട്ട സ്വദേശിയായ യുവ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സന്തോഷ് ജംഗ്ഷനില്‍ താമസിക്കുന്ന 26കാരന്‍ ദേവീകൃഷ്ണയാണ് അറസ്റ്റിലായത്. വില്‍പനയ്ക്കായി യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ദേവികൃഷ്ണ. കോട്ടയത്തേക്കുള്ള യാത്രാ മധ്യേയാണ് പ്രത്യേക പൊലീസ് സംഘം ദേവീകൃഷ്ണയെ പിടികൂടിയത്. ഗൂഗിള്‍ പേ വഴി ഇടപാടകള്‍ നടത്തിയതിന്റെ തെളിവു സഹിതമായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവുമായി റാന്നിയില്‍ അറസ്റ്റിലായ യുവാക്കളുടെ സംഘത്തിലെ പ്രധാനിയാണ് ഈ ഡോക്ടറെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് പ്രവൃത്തിപരിചയത്തിനായി ജോലി ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ജനുവരി 25 ന് രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ റാന്നി പൊലീസിന്റെ പിടിയിലായിരുന്നു. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം സഞ്ജു മനോജ്, ഇയാളുടെ സുഹൃത്ത് ആഷിഫ് ഷാജി എന്നിവരെയാണ് കാര്‍ തടഞ്ഞിട്ട് പൊലീസ് പിടികൂടിയത്. ഈ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ പ്രധാനി ഡോക്ടറെന്ന് മനസ്സിലായത്.
തുടര്‍ന്ന് പോലിസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പോലിസ് അന്വേഷണത്തില്‍ വില്പനയ്ക്കായി യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയത് ദേവീകൃഷ്ണയാണെന്ന് പൊലീസ് കണ്ടെത്തി. ഗൂഗിള്‍ പേ വഴി പണമിടപാട് നടന്നതിന്റെ തെളിവുകളടക്കം ശേഖരിച്ചാണ് പോലിസ് ഡോക്ടറിലേക്ക് എത്തിയതും അറസ്റ്റ് ചെയ്തതും. ഒളിവിലുള്ള ഒരു പ്രതി കൂടി ഈ കേസില്‍ പിടിയിലാകാനുണ്ട്.
പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് എന്ന നിലയില്‍ കുറച്ചുകാലം ദേവീകൃഷ്ണ ജോലി ചെയ്തിട്ടുണ്ട്. ഉക്രൈയിനില്‍ നിന്നാണ് എംബിബിഎസ് നേടിയത്. ഡോക്ടര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.