ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു; വിടവാങ്ങിയത് ലോകസിനിമയിലെ ക്ലാസിക്കുകളിലൊന്നായ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗയെ അനശ്വരമാക്കിയ താരം; മരണം കൊൽക്കത്തയിൽ അർബുദത്തെ തുടർന്ന് ചികിത്സയിലായിരിക്കെ; ആദരാഞ്ജലികളുമായി പ്രമുഖര്‍
കൊൽക്കത്ത: മികച്ച ലോക സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രമാണ് 'പഥേർ പാഞ്ചാലി'. സത്യജിത് റായ് സംവിധാനം ചെയ്ത ചിത്രത്തിലെ ദുർഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ ബംഗാളി അഭിനേത്രി ഉമാ ദാസ്ഗുപ്ത (83) അന്തരിച്ചു. ഇന്ന് രാവിലെ 8.15 ന് കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദ ബാധിതയായിരുന്നു ഉമ.
നടൻ ചിരഞ്ജീത് ചക്രവർത്തിയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. ഉമാ ദാസ് ഗുപ്തയുടെ മകളിൽ നിന്നാണ് തനിക്ക് വാർത്ത ലഭിച്ചതെന്ന് ചിരഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 14-ാം വയസ്സിലാണ് ബിഭൂതിഭൂഷൻ ബന്ദ്യോപാധ്യായയുടെ നോവലിൽ നിന്ന് രൂപപ്പെടുത്തിയ പഥേർ പാഞ്ചാലിയിൽ ഉമ ദുർഗ്ഗയെന്ന കഥാപാത്രമായെത്തുന്നത്. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി, പിനാകി സെൻഗുപ്ത, ചുനിബാല ദേവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. എന്നാൽ പഥേർ പാഞ്ചാലിക്ക് ശേഷം ഉമാ ദാസ് ഗുപ്ത മുഖ്യധാരാ സിനിമയിലേക്ക് എത്തിയില്ല.
സ്കൂൾ ചടങ്ങിൽ ബാലതാരമായി നടത്തിയ സ്റ്റേജ് പ്രകടനത്തിനിടെയാണ് ഉമയെ സത്യജിത് റായ് ശ്രദ്ധിക്കുന്നത്. തുടർന്നാണ് ഉമ പഥേർ പാഞ്ചാലിയിലെത്തുന്നത്. ചിത്രത്തിലെ ഉമയുടെ പ്രകടനം വളരെയേറെ പ്രശംസിക്കപ്പെട്ടു. കൊൽക്കത്തയിൽ ജനിച്ചു വളർന്ന ഉമ ദാസ് ഗുപ്ത ചെറുപ്പം മുതലേ നാടകരംഗത്ത് സജീവമായിരുന്നു. പഥേർ പാഞ്ചാലിക്ക് പുറമെ കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നിവയിലും അവർ അഭിനയിച്ചു. എന്നാൽ സിനിമയിൽ നിന്നും വിട്ടു നിന്ന ഉമ അധ്യാപികയായി ജോലി ചെയ്തിരുന്നു.
ഉമാ ദാസ് ഗുപ്തയ്ക്ക് ആദരാഞ്ജലികളുമായി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവും (ടിഎംസി) എംപിയും എഴുത്തുകാരനുമായ കുനാൽ ഘോഷ് നടിയുടെ വിയോഗം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചു. "പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ യാത്രയായി" എന്നാണ് ഇദ്ദേഹം ബംഗാളിയില്‍ എഴുതിയ പോസ്റ്റിൽ കുറിച്ചത്.