ടീച്ചറെ...അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി; എന്നും ചിരികളിയുമായി നിൽക്കുന്ന അധ്യാപികയുടെ ചേതനയറ്റ ശരീരം കണ്ട് നിറകണ്ണുകളോടെ വിറങ്ങലിച്ച് നിന്ന് സഹപ്രവർത്തകരും; നാടിന് താങ്ങാനാകാതെ സ്റ്റെഫിയുടെ അപകടം മരണം; പ്രിയപ്പെട്ടവൾ ഇനി ജ്വലിക്കുന്ന ഓർമ്മ
മാനന്തവാടി: കണ്ണീർപ്പൂക്കൾ അർപ്പിച്ച് ഒരു നാടും വിദ്യാലയവും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് വിട നൽകി. വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക സ്റ്റെഫിയുടെ (33) അകാല വിയോഗം ഇനിയും ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും. ദിവസങ്ങളായി മരണത്തോട് മല്ലിട്ട ശേഷം ഇന്ന് പുലർച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സ്റ്റെഫി മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു കല്ലോടി നിവാസികളെ നടുക്കിയ ആ അപകടം നടന്നത്. കല്ലോടി പടക്കൂട്ടില്‍ വിനീതിന്റെ ഭാര്യയായ സ്റ്റെഫി ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. കല്ലോടിക്ക് സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കും ഒരു സ്വകാര്യ സ്‌കൂളിന്റെ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്റ്റെഫിക്ക് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് വിനീതിനും പരിക്കേറ്റിരുന്നു.
ഉടൻ തന്നെ സ്റ്റെഫിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് പുലർച്ചെയോടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായിരുന്ന സ്റ്റെഫി കുട്ടികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. കല്ലോടി പ്രദേശത്തുകാർക്കും സ്റ്റെഫിയുടെ വിയോഗം വലിയ ആഘാതമായി. അയിലമൂല കളരിക്കല്‍ അപ്പച്ചന്റെയും മേഴ്‌സിയുടെയും മൂത്ത മകളാണ് സ്റ്റെഫി.
കുടുംബത്തിന്റെ താങ്ങായിരുന്ന സ്റ്റെഫിയുടെ മരണം ആ വീട്ടിലും വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. 33 വയസ്സ് മാത്രം പ്രായമുള്ള യുവ അധ്യാപികയുടെ മരണം നാടിന്റെ നൊമ്പരമായി മാറി. വിനീത്-സ്റ്റെഫി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്: ഇവാന റോസ് വിനീത്, ഇയാന്‍ അല്‍ഫോന്‍സ് വിനീത്. അമ്മയുടെ വേർപാട് തിരിച്ചറിയാനാവാത്ത പ്രായത്തിലുള്ള ഈ കുരുന്നുകൾ നാടിന്റെ മുഴുവൻ കണ്ണ് നനയിക്കുന്ന കാഴ്ചയായി.
സ്റ്റെഫിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കല്ലോടിയിലുള്ള വീട്ടിലെത്തിച്ചു. തുടർന്ന് നടന്ന സംസ്‌കാര ചടങ്ങുകളിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ വലിയൊരു ജനസഞ്ചയം പങ്കെടുത്തു. വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. ഒരു വിദ്യാലയത്തിന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനകളും ഏറ്റുവാങ്ങിയിരുന്ന സ്റ്റെഫി ടീച്ചർ, ഒടുവിൽ ഓർമ്മയായി മാറി.
