നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു; അന്ത്യം അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കൊല്ലം പട്ടത്താനത്തെ വസതിയില്‍: വിടവാങ്ങിയത് കളിയാട്ടം, പ്രണയവര്‍ണ്ണങ്ങള്‍, പട്ടാഭിഷേകം തുടങ്ങി നിരവധി സിമനിമകളില്‍ തിളങ്ങിയ പ്രതിഭ
നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു
കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. അസുഖബാധിതനായി ഏറെനാളായി ചികിത്സയില്‍ തുടരവെയാണ് അന്ത്യം. നടനും എംഎല്‍എയുമായ എം. മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്. തൃശൂര്‍ സ്വദേശിയായ രാജേന്ദ്രന്റെ സംസ്‌കാരം വെള്ളിയാഴ്ച തൃശൂരിലെ തൃത്തല്ലൂരില്‍ നടക്കും.
ഒട്ടേറെ ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള ഇ.എ.രാജേന്ദ്രന്‍ നാടകങ്ങളും സംവിധാനം ചെയ്തു. ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു. 1981ല്‍ ഗ്രീഷ്മം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. നാടകരംഗത്ത് ഏറെ സജീവമായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നാടക സംവിധാനം അദ്ദേഹം തുടര്‍ന്നിരുന്നു. കളിയാട്ടം, പ്രണയവര്‍ണ്ണങ്ങള്‍, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അദ്ദേഹം അഭിനയിച്ചു.
നാടകത്തിലും ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പല ക്ലാസിക് കൃതികളെയും നാടക രൂപത്തില്‍ ആവിഷ്‌കരിച്ച് കാളിദാസ കലാകേന്ദ്രയിലൂടെ അവതരിപ്പിച്ചു. കളിയാട്ടം, പ്രണയവര്‍ണ്ണങ്ങള്‍, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും നാടക ആചാര്യനുമായിരുന്ന ഓ മാധവന്റെയും പ്രശസ്ത നാടക അഭിനേത്രി വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. മകന്‍ ദിവ്യദര്‍ശനും നടനാണ്. പകല്‍ ഒമ്പതോടെ ആശുപത്രിയില്‍നിന്നും മൃതദേഹം വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനമുണ്ടാകും. ഉച്ചയോടെ കാളിദാസ കലാകേന്ദ്രത്തിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ടോടെ മൃതദേഹം തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും.