യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ വിടവാങ്ങി; അന്ത്യം, കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ; വിടവാങ്ങിയത്, പ്രതിസന്ധി ഘട്ടത്തില്‍ സഭയെ ഒരുമിപ്പിച്ചു ചേര്‍ത്തുപിടിച്ച അധ്യക്ഷന്‍

ആറ് മാസമായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

Update: 2024-10-31 12:24 GMT

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ സഭയെ ഒരുമിപ്പിച്ചു ചേര്‍ത്തുപിടിച്ച അധ്യക്ഷനായിരുന്നു അദ്ദേഹം.

ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്.

യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടതും ബാവയാണ്.

പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമത്തെയാളായി 1929 ജൂലായ് 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങള്‍മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി.

ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്റെ പഠനം നാലാം ക്ലാസില്‍ മുടക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അഞ്ചലോട്ടക്കാരന്‍ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്‌ക്കൊപ്പം പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായില്‍ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകര്‍ഷിച്ചത്.

അഞ്ചലോട്ടക്കാരന്റെ ജോലി രാജിവച്ച് പൗരോഹിത്യ ശ്രേണിയുടെ ആദ്യഘട്ടമായ കോറൂയോ പട്ടം നേടി. തുടര്‍ന്ന് പിറമാടം ദയറായില്‍ എത്തുമ്പോള്‍ തോമസിന്റെ പ്രായം 23 വയസ്സായിരുന്നു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ല്‍ വൈദികപട്ടം സ്വീകരിച്ചു. ഫാദര്‍ തോമസ് ചെറുവിള്ളില്‍ എന്നായിരുന്നു ആദ്യ പേരുമാറ്റം. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരി ആയ കാലത്ത് തന്നെ വെള്ളത്തൂവലിലും കീഴ്മുറിയിലും വലമ്പൂരിലും പള്ളിവികാരിയായി സേവനമനുഷ്ഠിച്ചു.

കൊല്‍ക്കത്തയിലെ കല്‍ക്കരി ഖനിയില്‍ ജോലി നോക്കുന്നവര്‍ക്കിടയിലും കഷ്മീരിലെ ഉതംപൂരിലും ഫാദര്‍ തോമസ് ചെറുവിള്ളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാനും പള്ളിവികാരിയായിരുന്ന അദ്ദേഹത്തിന് സാധിച്ചു. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ച ഫാദര്‍ തോമസ് ചെറുവിള്ളില്‍ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വര്‍ണനാവുകാരന്‍ എന്നായിരുന്നു.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി മുതല്‍ പുത്തന്‍കുരിശിലെ പാത്രിയാര്‍ക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയ്ക്ക് മുതല്‍ക്കൂട്ടായത് ഫാ.തോമസ് ചെറുവിള്ളിലിന്റെ ദീര്‍ഘ വീക്ഷണവും സംഘാടനാ പാടവവും കൊണ്ടാണ്. 1970-71 കാലഘട്ടം മുതല്‍ തന്നെ സഭയില്‍ അനൈക്യത്തിന്റെ വിത്തുകള്‍ മുളച്ചു തുടങ്ങിയിരുന്നു. ഓര്‍ത്തഡോക്‌സ് , യാക്കോബായ സഭാതര്‍ക്കം ചൂടുപിടിച്ചുവന്ന 1974 ഫെബ്രുവരി 24 ന് തോമസ് മാര്‍ ദിവന്ന്യാസിയോസ് എന്ന പേരില്‍ അങ്കമാലി ഭദ്രാസനാധിപനായി ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസിനൊപ്പം ദമാസ്‌കസില്‍ വച്ച് അഭിഷിക്തനായി.

1974 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ അങ്കമാലി ഭദ്രാസനാധിപനായിരുന്നു തോമസ് മാര്‍ ദിവന്ന്യാസിയോസ്. ഇക്കാലത്തിനിടയില്‍ പഴന്തോട്ടം, മാമലശേരി, കോലഞ്ചേരി, തൃക്കുന്നത്ത് സെമിനാരി പള്ളി തുടങ്ങി സഭാതര്‍ക്കങ്ങളുണ്ടായ ഇടങ്ങളിലെല്ലാം യാക്കോബായ വിശ്വാസി സമൂഹത്തിന് നീതിലഭിക്കാന്‍ അദ്ദേഹം നിന്നു.

പുത്തന്‍കുരിശില്‍ 2000 ഡിസംബര്‍ 27ന് ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗമാണ് തോമസ് മാര്‍ ദിവന്ന്യാസിയോസിനെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമന്‍ എന്ന പേരില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്‌ക്കസില്‍ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാല്‍ 2019 മെയ് 1 ന് ഭരണച്ചുമതലകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.

Tags:    

Similar News