എം കെ സാനു അന്തരിച്ചു; അന്ത്യം എറണാകുളത്തെ ആശുപത്രിയില്‍; മലയാള സാഹിത്യ വിമര്‍ശനത്തില്‍ കാറ്റും വെളിച്ചവും കടത്തി വിട്ട് കടന്നുവന്ന എഴുത്തുകാരന്‍; 'നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' അടക്കം ജീവചരിത്ര കൃതികളിലും കയ്യടക്കം; എറണാകുളത്ത് നിന്ന് എംഎല്‍എയായി ജനസേവനവും; 98 ാം വയസില്‍ വിടവാങ്ങുമ്പോഴും എഴുത്തിന്റെ ലോകത്ത്

എം കെ സാനു അന്തരിച്ചു

Update: 2025-08-02 12:47 GMT

കൊച്ചി: പ്രഗല്‍ഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായ എം കെ സാനു അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. 98 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്ന് വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നു.

നിരൂപണ കൃതികള്‍ക്കൊപ്പം ജീവചരിത്ര രചനയിലും അദ്ദേഹം കൈയടക്കം കാട്ടി. തന്റെ ആദ്യവിമര്‍ശന ഗ്രന്ഥത്തിന് കാറ്റും വെളിച്ചവും എന്നാണ് അദ്ദേഹം പേരിട്ടത്. ചങ്ങമ്പുഴയെക്കുറിച്ചു മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല ജീവചരിത്രം 'നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' സാനുമാഷുടേതാണ്.

വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിങ്ങനെ ശ്രദ്ധേയമായ പല പുരസ്‌ക്കാരങ്ങളും ലഭിച്ചു. എം കെ സാനുവിനെക്കുറിച്ച് ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജാലകങ്ങളിലെ സൂര്യന്‍ എന്ന ഡോക്യുമെന്ററിയും ഒരുക്കിയിട്ടുണ്ട്. സാനുമാഷിനെക്കുറിച്ച് ഡോ. എ അരവിന്ദാക്ഷന്‍ മഹത്വത്തിന്റെ സങ്കീര്‍ത്തനം എന്ന സമഗ്ര പഠനവും തയ്യാറാക്കി.


ഭാര്യ: പരേതയായ എന്‍.രത്നമ്മ. മക്കള്‍: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോള്‍സ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജര്‍, എനര്‍ജി മാനേജ്‌മെന്റ് സര്‍വീസസ്, ദുബായ്). മരുമക്കള്‍: സി.വി.മായ, സി.കെ.കൃഷ്ണന്‍ (റിട്ട.മാനേജര്‍, ഇന്ത്യന്‍ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പല്‍ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാര്‍ (ഇംഗ്ലിഷ് വിഭാഗം മുന്‍ മേധാവി, കാലടി സംസ്‌കൃത സര്‍വകലാശാല), മിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ദുബായ്).

1928 ഒക്ടോബര്‍ 27 ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് സാനു മാസ്റ്റര്‍ ജനിച്ചത്. സ്‌കൂളധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വിവിധ സര്‍ക്കാര്‍ കോളജുകളിലും അധ്യാപകനായിരുന്നു.1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987ല്‍ കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.

കൃതികള്‍

പ്രഭാതദര്‍ശനം

സഹൊദരന്‍ കെ അയ്യപ്പന്‍

മലയാള സാഹിത്യ നായകന്മാര്‍ - കുമാരനാശാന്‍

ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍

എം. ഗോവിന്ദന്‍

അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് - ആശാന്‍ പഠനത്തിന് ഒരു മുഖവുര

മൃത്യുഞ്ജയം കാവ്യജീവിതം

ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (ജീവചരിത്രം)

യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)

ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം)

അസ്തമിക്കാത്ത വെളിച്ചം (ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറുടെ ജീവചരിത്രം)

ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)

കുമാരനാശാന്റെ നളിനി - വിശുദ്ധാനുരാഗത്തില്‍ തെളിയുന്ന ദിവ്യദീപ്തി

മോഹന്‍ലാല്‍ - അഭിനയ കലയിലെ ഇതിഹാസം

നാരായണ ഗുരുസ്വാമി

അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1985) - അവധാരണം

വയലാര്‍ അവാര്‍ഡ് (1992) - ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം (2002)

പത്മപ്രഭാ പുരസ്‌കാരം (2011)

എന്‍.കെ. ശേഖര്‍ പുരസ്‌കാരം (2011)

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2011) - ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം - 2010

എഴുത്തച്ഛന്‍ പുരസ്‌കാരം (2013)

Tags:    

Similar News