'പിഎംഎ സമീറിനെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു; പാര്‍ട്ടിക്കാരന്‍ എന്ന വികാരമാണ് പ്രകടിപ്പിച്ചത്; സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുളളത്': മത്സര സാധ്യത തള്ളാതെ അബ്ദുറഹ്‌മാന്‍ രണ്ടത്താണി; യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.വിജയരാഘവന്‍

Update: 2026-03-18 09:47 GMT

മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തിന് പിന്നാലെ ഇടതുസ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മത്സരസാധ്യത തള്ളാതെ മുന്‍ എംഎല്‍എയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി. ആദര്‍ശപരമായി താന്‍ ലീഗുകാരനാണെന്നും ഇന്നുവരെ ആ ട്രാക്കില്‍നിന്ന് തെറ്റിപ്പോയിട്ടില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തിരൂരങ്ങാടി സ്ഥാനാര്‍ഥിക്കെതിരെ താനിട്ട പോസ്റ്റ് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ നിലപാടാണ് ആ പോസ്റ്റിലുള്ളത്. പാര്‍ട്ടിക്കാരന്‍ എന്ന വികാരമാണ് പ്രകടിപ്പിച്ചത്. ലീഗ് വിടുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഐഡിയോളജിക്കലി ലീഗുകാരനാണെന്നും എന്നാല്‍ സിപിഐഎം നേതാക്കളുമായി നല്ല ബന്ധമാണെന്നും രണ്ടത്താണി പ്രതികരിച്ചു. മുഹമ്മദലി ശിഹാബ് തങ്ങള്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കി. അതേ പാത പിന്തുടരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും രണ്ടത്താണി കൂട്ടിച്ചേര്‍ത്തു.

എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രകടമാണെന്നാണ് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞത്. ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ചിലരുടെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞല്ലോ, എന്താണ് ആ താത്പര്യമെന്ന ചോദ്യത്തിന് അതൊക്കെ എല്ലാവര്‍ക്കും സ്വാഭാവികമായി അറിയുന്ന കാര്യമാണെന്നായിരുന്നു മറുപടി. ഒരു പാര്‍ട്ടിക്കാരന്‍ എന്ന നിലയിലുള്ള വികാരം മാത്രമാണ് പ്രകടിപ്പിച്ചത്. ആദര്‍ശപരമായി താന്‍ ലീഗുകാരനാണ്. ഇന്നുവരെ ആ ട്രാക്കില്‍നിന്ന് തെറ്റിപ്പോയിട്ടുള്ള ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഈ പരിസരത്തുള്ള സിപിഎം നേതാക്കളുമായെല്ലാം തനിക്ക് സൗഹൃദമുണ്ടല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് രണ്ടത്താണി നല്‍കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിനെ തെറ്റായി വ്യാഖാനിക്കുകയാണെന്നും അത് ഒരു പ്രതികരണം മാത്രമല്ലേയെന്നും രണ്ടത്താണി പറഞ്ഞു.

മുസ്ലിംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് അബ്ദുറഹിമാന്‍ രണ്ടത്താണി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയത്. തിരൂരങ്ങാടിയില്‍ പി.എം.എ. സമീറിനെ സ്ഥാനാര്‍ഥിയാക്കിയതിനെയായിരുന്നു അദ്ദേഹം പ്രധാനമായും എതിര്‍ത്തത്. പ്രാദേശിക കമ്മിറ്റികളോ പ്രവര്‍ത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പിഎംഎ സമീര്‍ എന്നയാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും സ്ഥാനാര്‍ഥിയാക്കിയെന്നും നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താത്പര്യത്തിനായാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ മാനദണ്ഡം ചോദ്യംചെയ്യുന്നത് അച്ചടക്കലംഘനമായി കാണരുതെന്നും പാര്‍ട്ടിക്കായി കഠിനാധ്വാനംചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും രണ്ടത്താണി ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം, മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ അബ്ദുറഹിമാന്‍ രണ്ടത്താണി തിരൂരിലോ താനൂരിലോ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നും സൂചനയുണ്ട്. യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പി.ബി അംഗം എ.വിജയരാഘവന്‍ പറഞ്ഞു. രണ്ടത്താണിയുടെ അതൃപ്തി ചെറിയ കാര്യമല്ലെന്നും രണ്ടത്താണി ലീഗിനെ പ്രതിരോധിച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വി. അബ്ദുറഹിമാന്‍ ഇതുവരെ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിട്ടില്ല. താനൂരില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിലുള്ള നീരസമാണ് ഇതിനുകാരണമെന്ന് അറിയുന്നു. തിരൂരിലേക്ക് മാറാനും വി. അബ്ദുറഹിമാന് ആഗ്രഹമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അബ്ദുറഹിമാന്‍ രണ്ടത്താണിയുമായി സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടെന്ന സൂചനകളും പുറത്തുവരുന്നത്. തിരൂരില്‍ ഇതുവരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ, വി. അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റി, അബ്ദുറഹിമാന്‍ രണ്ടത്താണിയെ താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുമെന്നാണ് സൂചന. അല്ലെങ്കില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട്.

Tags:    

Similar News