കുട്ടനാട്ടില്‍ ജോസഫ് വിഭാഗത്തിന് 'സീറ്റ് വിറ്റു' എന്ന് പൊട്ടിത്തെറിച്ച് സജി ജോസഫ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പടിയിറക്കം; സ്വതന്ത്രനായി മത്സരിക്കും; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിന്ന് പോരാട്ടം തുടങ്ങാന്‍ വിമതപ്പട; യുഡിഎഫിന് തലവേദനയായി ആലപ്പുഴ കോണ്‍ഗ്രസിലെ പ്രതിസന്ധി

കുട്ടനാട്ടില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Update: 2026-03-18 09:49 GMT

ആലപ്പുഴ: കുട്ടനാട് നിയമസഭാ സീറ്റ് ജോസഫ് വിഭാഗത്തിന് വിറ്റുവെന്നാരോപിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. സജി ജോസഫിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡിസിസിയില്‍ കൂട്ടരാജിക്ക് വഴിയൊരുങ്ങിയത് ആലപ്പുഴയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.

ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജി ജോസഫ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കവെ അദ്ദേഹം വികാരാധീനനായി. ജനിച്ച അന്നുമുതല്‍ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കുവേണ്ടി വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും സജി ജോസഫ് പറഞ്ഞു.

കുട്ടനാടിനെ വില്‍പനച്ചരക്കാക്കി

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സജി ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായുള്ള പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുന്നത് അങ്ങേയറ്റം വേദനയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും, കുട്ടനാട്ടിലെ ജനവികാരം നേതൃത്വം മാനിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡലത്തിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും 'പേയ്മെന്റ് സീറ്റുകള്‍' ഉണ്ടാവില്ലെന്നും നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ തഴയപ്പെട്ടത് മണ്ണറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രാദേശിക നേതാക്കളാണെന്ന് വിമതര്‍ ആരോപിക്കുന്നു.

'ഞാന്‍ കുട്ടനാട്ടുകാരുടെ സ്ഥാനാര്‍ത്ഥിയാണ്. രണ്ട് മുന്നണികളിലും സാമ്പത്തിക ശക്തികളാണ് മത്സരിക്കുന്നത്. അവര്‍ക്കെതിരെ സാധാരണക്കാരുടെ ശബ്ദമായി ഞാന്‍ ഉണ്ടാകും,' സജി ജോസഫ് വ്യക്തമാക്കി.

പ്രസ്ഥാനത്തെയോ നേതാക്കളെയോ കുറ്റം പറയാന്‍ തനിക്കാവില്ലെന്നും എന്നാല്‍ കുട്ടനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനം രക്ഷിക്കാനാണ് ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നും, ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്നും കുട്ടനാട്ടിലെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളിലെ തെറ്റ് തിരുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തന്നോടൊപ്പം നിരവധി പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ് വിടുമെന്ന് അവകാശപ്പെട്ട സജി ജോസഫ്, മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതുവരെ മുതിര്‍ന്ന നേതാക്കളാരും അനുനയിപ്പിക്കാന്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും, കുട്ടനാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ ഒന്നടങ്കം തന്നോടൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ സാമ്പത്തിക ശക്തികള്‍ക്കെതിരെയുള്ള പോരാട്ടമാണിതെന്നും, പ്രചാരണത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സജി ജോസഫിനെ കൂടാതെ ഡിസിസി ജനറല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ പ്രമുഖ നേതാക്കളും വലിയൊരു വിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സീറ്റ് വിഭജനത്തിലെ പാളിച്ചകളും പ്രാദേശിക വികാരം മാനിക്കാത്തതുമാണ് ഈ കൂട്ടരാജിയ്ക്ക് കാരണമായത്.

സജി ജോസഫ്, നാളെ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഔദ്യോഗികമായി പ്രചരണത്തിലേക്ക് കടക്കും. രാജിക്കത്തുകള്‍ ഇതിനോടകം തന്നെ ഡിസിസി പ്രസിഡന്റിന് കൈമാറിക്കഴിഞ്ഞു.

Tags:    

Similar News