ഭീകരാക്രമണത്തില്‍ താജ് കത്തിയെരിയുമ്പോള്‍ ഹോട്ടലിന് പുറത്ത് പതറാതെ നിന്ന രത്തന്‍ ടാറ്റ; കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ചു; ദേശീയ നിധിയാണ് രത്തന്‍ ടാറ്റയെന്ന് കമല്‍ഹാസന്‍

ജീവന്‍കൊടുത്തും ടാറ്റയുടെ ജീവനക്കാര്‍ അതിഥികള്‍ക്ക് സുരക്ഷയൊരുക്കി

Update: 2024-10-10 07:06 GMT

മുംബൈ: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നടുക്കുന്ന ഓര്‍മകളില്‍ ഒന്നാണ് 2008 ലെ മുംബൈ ഭീകരാക്രമണം. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്ത് പത്ത് പാകിസ്ഥാന്‍ ഭീകരരാണ് ആക്രമണം നടത്തിയത്. 2008 നവംബര്‍ 26-നാണ് മുംബൈ നഗരത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ ലക്ഷ്യമിട്ട അഞ്ച് സ്ഥലങ്ങളില്‍ ഒന്ന് രത്തന്‍ ടാറ്റയുടെ മുത്തച്ഛന്‍ ജംഷെഡ്ജി ടാറ്റ നിര്‍മ്മിച്ച താജ് മഹല്‍ പാലസ് ഹോട്ടലായിരുന്നു. ഒബ്റോയ്-ട്രൈഡന്റ് ഹോട്ടല്‍, താജ് മഹല്‍ പാലസ് ഹോട്ടല്‍, നരിമാന്‍ പോയിന്റിലെ ചബാദ് ഹൗസ്, ലിയോപോള്‍ഡ് കഫേ, ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിട്ട മറ്റ് സ്ഥലങ്ങള്‍.

ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഡംബര ഹോട്ടലായ താജ് മഹല്‍ പാലസില്‍ തോക്കുധാരികളായ ഭീകരര്‍ നിരവധി ജീവനുകളാണ് അപഹരിച്ചത്. താജ് മഹല്‍ പാലസ് ഹോട്ടലിന് 400 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. എന്നാല്‍, സ്ഥാപനത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും മുറുകെപ്പിടിച്ച ജീവനക്കാര്‍ സ്വന്തം ജീവന്‍ പണയം വെച്ച് അതിഥികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. അതിഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ജീവനക്കാര്‍ ശ്രമിച്ചത്. അതിഥികള്‍ ഹോട്ടലിന് പുറത്തിറങ്ങുന്നതിന് മുമ്പ് രക്ഷപ്പെടാന്‍ ജീവനക്കാരില്‍ പലരും വിസമ്മതിക്കുകയാണ് ഉണ്ടായത്.

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രത്തന്‍ ടാറ്റ ഹോട്ടല്‍ സന്ദര്‍ശിച്ചു. ഭീകരാക്രമണത്തില്‍ താജ് കത്തിയെരിയുമ്പോള്‍ ഹോട്ടലിന് പുറത്ത് രത്തന്‍ ടാറ്റ പതറാതെ നിന്നു. സ്വന്തം സുരക്ഷിതത്വത്തിന് അദ്ദേഹം എത്രത്തോളം വില കല്‍പ്പിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു രത്തന്‍ ടാറ്റയുടെ ഇടപെടല്‍. തുടര്‍ന്ന് ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഭീകരാക്രമണത്തിനെതിരേയുള്ള നിത്യസ്മാരകമാക്കി താജിനെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലിന്റെ കൊളാബ എന്‍ഡില്‍ നിന്ന് രത്തന്‍ ടാറ്റ എന്‍എസ്ജിയുടെ രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുകയായിരുന്നു. താജിനുമുന്നില്‍ പലപ്പോഴും ഒറ്റയ്ക്കായിരുന്നു രത്തന്‍ ടാറ്റ. സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്ന രത്തന്‍ ടാറ്റയെ അവിടെ കാണാനാകുമായിരുന്നു. ജീവന്‍കൊടുത്തും ടാറ്റയുടെ തൊഴിലാളികള്‍ അതിഥികള്‍ക്ക് സുരക്ഷയൊരുക്കി.

പ്രതീക്ഷിച്ചത് പോലെ തന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രത്തന്‍ ടാറ്റ സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ മുന്നിട്ടിറങ്ങി. ഭീകരാക്രമണത്തില്‍ പരിക്കേറ്റ തന്റെ ജീവനക്കാരെ അദ്ദേഹം ആശുപത്രികളിലെത്തി സന്ദര്‍ശിക്കുകയും ആക്രമണത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയുടെ പ്രവര്‍ത്തനങ്ങള്‍.

അടിയന്തര സഹായം നല്‍കുന്നതിനായി ഒരു ക്രൈസിസ് മാനേജ്മെന്റ് ടീം രൂപവത്കരിക്കുകയായിരുന്നു ആദ്യത്തെ നടപടി. പരിക്കേറ്റവര്‍ക്കുള്ള വൈദ്യസഹായം, ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താത്കാലിക പാര്‍പ്പിടം, പെന്‍ഷന്‍, മറ്റ് തൊഴിലുകള്‍ തേടുന്നതിന് സഹായം എന്നിവ ഉറപ്പാക്കി. കൂടാതെ, ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടല്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ടപ്പോള്‍ ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടില്ലെന്ന് മാത്രമല്ല ഇക്കാലയളവില്‍ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രത്തന്‍ ടാറ്റ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

ഭീകരാക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റിന് രൂപം നല്‍കി. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ താജ് ജീവനക്കാരന്റെയും കുടുംബത്തിന് 36 ലക്ഷം മുതല്‍ 85 ലക്ഷം രൂപ വരെ തുക കൈമാറി. കൊല്ലപ്പെട്ട ഓരോ ജീവനക്കാരന്റെയും കുടുംബത്തിന് അവര്‍ വിരമിക്കുന്ന തീയതി വരെയുള്ള മുഴുവന്‍ ശമ്പളവും നല്‍കി. മരണപ്പെട്ട ജീവനക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം മറന്നില്ല.

ഒരിക്കലും മറക്കാനാകാത്ത നാശമെന്നായിരുന്നു 2020ലെഴുതിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ താജ് ആക്രമണത്തെ രത്തന്‍ ടാറ്റ വിശേഷിപ്പിച്ചത്. 'നമുക്ക് നഷ്ടമായവരുടെ വിയോഗത്തില്‍ വിലപിക്കാം, ശത്രുക്കളെ കീഴടക്കിയ ധീരന്മാരെ ആദരിക്കാം. നമ്മള്‍ ഓര്‍ക്കേണ്ടത് ഐക്യവും ദയവും നിറഞ്ഞ പ്രവര്‍ത്തനങ്ങളെയാണ്. അത് വരും വര്‍ഷങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കാം,' രത്തന്‍ ടാറ്റ കുറിച്ചു.

രത്തന്‍ ടാറ്റ എന്റെ ഹീറോ- കമല്‍ഹാസന്‍

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നടന്‍ കമല്‍ഹാസന്‍. താന്‍ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തന്‍ ടാറ്റയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ദേശീയ നിധിയാണ് രത്തന്‍ ടാറ്റയെന്നും സാമൂഹികമാധ്യമമായ എക്‌സില്‍ കമല്‍ഹാസന്‍ കുറിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടകാര്യവും നടന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്ട്രനിര്‍മാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആധുനിക ഇന്ത്യയുടെ കഥയില്‍ എക്കാലവും പതിഞ്ഞുകിടക്കുമെന്നും അദ്ദേഹം ഒരു ദേശീയ നിധിയാണെന്നും കമല്‍ ഹാസന്‍ കുറിച്ചു.

അദ്ദേഹത്തിന്റെ യഥാര്‍ഥ സമ്പത്ത് ഭൗതികമായ സമ്പത്തല്ല, മറിച്ച് ധാര്‍മികതയും വിനയവും രാജ്യസ്നേഹവുമാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. രാജ്യം പ്രതിസന്ധിയിലായിരിക്കുന്ന ആ ഘട്ടത്തില്‍ അദ്ദേഹം തലയുയര്‍ത്തി നിന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ പുനര്‍നിര്‍മിക്കാനും കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരാനുമുള്ള ഇന്ത്യയുടെ താത്പര്യത്തിന്റെ ആള്‍രൂപമായി.-കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ താജ് ഹോട്ടലിന്റെ ഒരു ഭാഗം കത്തിയമരുകയും കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ആക്രമണംനടന്ന ദിവസത്തിനുശേഷം നവംബര്‍ 29-നാണ് രത്തന്‍ ടാറ്റ, അന്നത്തെ ഇന്ത്യന്‍ ഹോട്ടല്‍സ് വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാറിനൊപ്പം വീണ്ടും താജ് ഹോട്ടല്‍ സന്ദര്‍ശിച്ചു. ഭീകരാക്രമണത്തിനെതിരേയുള്ള നിത്യസ്മാരകമാക്കി താജിനെ പുനരുജ്ജീവിപ്പിക്കുമെന്ന പറഞ്ഞ രത്തന്‍ ടാറ്റ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അടിയന്തരസഹായം നല്‍കുന്നതിനായി ഒരു ക്രൈസിസ് മാനേജ്മെന്റ് ടീമും രൂപവത്കരിച്ചു. പരിക്കേറ്റവര്‍ക്കുള്ള വൈദ്യസഹായം, ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താത്കാലിക പാര്‍പ്പിടം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം എന്നിവ തടസ്സംകൂടാതെ നടന്നു.

തുടര്‍ച്ചയായി 21 വര്‍ഷം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റ ബുധനാഴ്ചയാണ് അന്തരിച്ചത്. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയര്‍ത്തി.ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് രത്തന്റെ ജനനം. രത്‌നം എന്നാണ് ആ പേരിന്റെ അര്‍ഥം. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളില്‍ പഠനം. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി.

1991-ല്‍ ജെ.ആര്‍.ഡി. ടാറ്റയില്‍നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍. ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു.

Tags:    

Similar News