പ്രശസ്ത നാടക കലാകാരന്‍ വിജേഷ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു; പൊലിഞ്ഞത് നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ അതുല്യപ്രതിഭ

പ്രശസ്ത നാടക കലാകാരന്‍ വിജേഷ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

Update: 2026-01-24 04:30 GMT

കൊച്ചി: പ്രശസ്ത നാടക കലാകാരന്‍ വിജേഷ് കെ.വി(49) പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം വിജേഷ് പ്രശസ്തനാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയില്‍ സജീവമാകുന്നത്.

കോഴിക്കോട് പുതിയറ സ്വദേശിയാണ്. ചലച്ചിത്ര നടിയും നാടകപ്രവര്‍ത്തകയുമായ കബനിയാണ് ഭാര്യ. ഏകമകള്‍ സൈറ. ഭാര്യ കബനിയുമായി ചേര്‍ന്ന് രൂപം നല്‍കിയ 'തിയ്യറ്റര്‍ ബീറ്റ്‌സ്' എന്ന ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നാടക പരിശീലനവുമായി നിറഞ്ഞ് നിന്നു. നിരവധി സിനിമകള്‍ക്കുവേണ്ടി അഭിനയ പരിശീലന കളരികളുടെ നേതൃത്വം വഹിച്ചു. അവിര റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ പാട്ടെഴുതി സിനിമാരംഗത്തും സജീവമായി.

മങ്കിപെന്‍, മാല്‍ഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്‍, പുള്ളിമാന്‍, ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് വിജേഷ്. അച്ഛന്‍: വിജയന്‍. അമ്മ : സത്യഭാമ. ശനിയാഴ്ച രാവിലെ പത്തരക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം.

Tags:    

Similar News