ദുരന്തങ്ങള്‍ വിടാതെ വേട്ടയാടി നെല്‍സനെയും കുഞ്ഞുങ്ങളെയും; ആദ്യ ഭാര്യ ആറു വര്‍ഷം മുന്‍പ് അപകടത്തില്‍ വിട്ടു പോയപ്പോള്‍ കൂട്ടായെത്തിയ നിഷയും ഇപ്പോള്‍ ഓര്‍മ്മയായി; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികളെ കണ്ണീരിലാക്കി ഒരു വിയോഗ വാര്‍ത്ത
ദുരന്തങ്ങള്‍ വിടാതെ വേട്ടയാടി നെല്‍സനെയും കുഞ്ഞുങ്ങളെയും
ലണ്ടന്‍: വിധി പലപ്പോഴും ഇത്തരത്തിലാണ്, ചിലരുടെ പിന്നാലെ ക്രൂരതയുമായി എത്തിക്കൊണ്ടിരിക്കും, പരീക്ഷണങ്ങളില്‍ നിന്നും പരീക്ഷണങ്ങളിലേക്കുള്ള യാത്രയാകും ജീവിതം. ഒരു വേദനയുടെ ആഘാതത്തില്‍ നിന്നും മറികടക്കാന്‍ ശ്രമിക്കുമ്പോഴേക്കും അടുത്തതു എത്തിക്കഴിഞ്ഞിരിക്കും. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ദിവസങ്ങള്‍ ഇല്ലെന്നു പറയും പോലെയാണ് ചിലര്‍ക്ക് വേദനയില്ലാത്ത ജീവിതവും. ഇപ്പോള്‍ സമാനമായ അനുഭവമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഐന്‍ട്രിമില്‍ ഉള്ള നെല്‍സണും അനുഭവിക്കുന്നത്.
ഏഴു വര്‍ഷം മുന്‍പാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യവേ നെല്‍സന്റെ ഭാര്യ കാര്‍ അപകടത്തില്‍ മരിക്കുന്നത്. അന്ന് അയര്‍ലന്‍ഡ് മലയാളികള്‍ മാത്രമല്ല ലോകമെങ്ങും പ്രവാസികള്‍ ആ ദാരുണ അപകടത്തില്‍ കണ്ണീരോടെ ദുഖത്തിലായി. മനഃപൂര്‍വം അല്ലാത്ത അപകടം എന്ന വിലയിരുത്തലിലും നെല്‍സണും മറ്റും മാപ്പ് നല്കാന്‍ തയാറായതിനാലും കാര്‍ ഓടിച്ച മലയാളി വനിതയെ കോടതി വെറുതെ വിട്ട വാര്‍ത്തയും രണ്ടു വര്‍ഷം മുന്‍പ് മലയാളികളെ തേടി എത്തിയിരുന്നു. ഇതിനിടയില്‍ ഒരു പുതു ജീവിതം ആഗ്രഹിച്ചാണ് നെല്‍സണ്‍ നിഷയെന്ന മലയാളി യുവതിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.
മൂന്നു മക്കളെ സ്വന്തം തോളില്‍ എടുത്തു വളര്‍ത്തുക എന്ന ഉത്തരവാദിത്തമാണ് ഭാര്യയുടെ മരണ ശേഷം നെല്‍സനെ തേടിയെത്തിയത്. ഇതിനിടയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്റെ ഭാരം ലഘൂകരിക്കാനും അവര്‍ക്ക് ഒരമ്മയുടെ സ്നേഹം നഷ്ടമാകരുത് എന്ന ചിന്തയിലുമാണ് നെല്‍സണ്‍ നിഷയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പതിനൊന്നു വയസ് മുതല്‍ താഴേക്ക് പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളാണ് 2019 ല്‍ അമ്മയുടെ ശവപേടകത്തിനു അരികെ ഇരുന്നു ഏങ്ങലടിച്ചു നെല്‍സന്റെ കൈപിടിച്ച് നെഞ്ചിലേക്ക് ചാഞ്ഞത്. കരളുറപ്പുള്ള ഏതൊരാളെയും പിടിച്ചുലയ്ക്കുന്ന കാഴ്ചയായാണ് അന്ന് പ്രവാസികള്‍ നിസ്സഹായതയോടെ ആ അമ്മയ്ക്ക് വിട നല്‍കിയത്. 37 വയസെന്ന നന്നേ ചെറുപ്രായത്തിലാണ് ആദ്യഭാര്യയും നെല്‍സനെ വിട്ടു പിരിയുന്നത്.
എന്നാല്‍ അടുത്തിടെ ക്യാന്‍സര്‍ രോഗ സ്ഥിരീകരണം നിഷയെ തേടി എത്തിയതോടെ നെല്‍സന്റെ ജീവിതത്തിലേക്ക് വീണ്ടും വിധി ഇരുള്‍ പടര്‍ത്തിയിരിക്കുകയാണ്. ഇന്നലെ നിഷ മരിച്ചെന്ന വാര്‍ത്ത ഒരാഘാതമായി മലയാളി സമൂഹത്തിലേക്ക് എത്തിയപ്പോള്‍ എങ്ങനെ നെല്‍സനെയും മക്കളെയും ഒക്കെ ആശ്വസിപ്പിക്കും എന്ന വേപഥുവായിരുനു മലയാളികള്‍ പരസ്പരം പങ്കിട്ടിരുന്നത്. ജീവിതത്തിലേക്ക് ഉള്ള മടക്കം വിധിക്ക് ഇഷ്ടപ്പെടാത്ത മട്ടിലാണ് ഇപ്പോള്‍ നിഷയെയും തട്ടിയെടുത്തിരിക്കുന്നത്.മരിക്കുമ്പോള്‍ 42 വയസ് മാത്രമായിരുന്നു നിഷയ്ക്ക് പ്രായം.
നിഷയുടേതും രണ്ടാം വിവാഹം ആയിരുന്നു.യുകെ കെ സി എ യുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ് ഈ കുടുംബം. നിഷ പുതുവേലി വെള്ളംതടത്തില്‍ കുടുംബ അംഗമാണ്. നെല്‍സണ്‍ ജോണ്‍ കരിപ്പാടം തടത്തില്‍ കുടുംബാംഗവും, ഇരുവരുടെയും പ്രിയപ്പെട്ട ബന്ധുമിത്രാദികള്‍ അയര്‍ലണ്ടിലും യുകെയിലും പലയിടത്തായി താമസമുണ്ട്. നിഷയുടെ അകാല വേര്‍പാടില്‍ യുകെ കെ സി എ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.
