പ്രമുഖ അഭിഭാഷകന്‍ റാം ജഠ്മലാനി സ്വീഡനില്‍ പോയി മടങ്ങിയിട്ടും ലഭിക്കാത്ത അമൂല്യമായ രേഖകള്‍; രാജീവിനെ ഞെട്ടിച്ച ആ ബോംബ്; ബോഫോഴ്സ് രഹസ്യങ്ങളുമായി ഉണ്ണികൃഷ്ണന്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ തിരുത്തപ്പെട്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ അപ്രമാധിത്വം; ഇന്ദിരയേയും രാജീവിനേയും വിറപ്പിച്ച ഉണ്ണികൃഷ്ണന്‍; കോലീബി സഖ്യത്തേയും അതിജീവിച്ചു; വിടവാങ്ങുന്നത് ബോഫോഴ്‌സ് വിപ്ലവം

Update: 2026-03-03 00:32 GMT

കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കിയ ബോഫോഴ്സ് വിവാദത്തിന്റെ കുന്തമുനയായി പാര്‍ലമെന്റില്‍ ജ്വലിച്ചു നിന്ന വിപ്ലവ സോഷ്യലിസ്റ്റായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍. ഡല്‍ഹിയില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ പ്രത്യേക ദൂതനായി വടകരയിലെത്തി കേരള രാഷ്ട്രീയത്തിലെ ആദ്യ 'സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ' പാര്‍ലമെന്ററി ജീവിതം തുടങ്ങിയ ഉണ്ണികൃഷ്ണന്‍, പില്‍ക്കാലത്ത് രാജീവ് ഗാന്ധി എന്ന കരുത്തനായ പ്രധാനമന്ത്രിയെപ്പോലും വിറപ്പിച്ച പ്രക്ഷോഭകാരിയായി മാറി. എണ്‍പതുകളില്‍ ദേശീയ രാഷ്ട്രീയത്തിലെ മിന്നും നക്ഷത്രമായിരുന്നു കെപി എന്ന കെപി ഉണ്ണികൃഷ്ണന്‍. ഈ വ്യക്തിയാണ് ഓര്‍മ്മയിലേക്ക് മായുന്നത്.

1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ വീശിയടിച്ച സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് കേരളം തൂത്തുവാരിയപ്പോഴും, ആ ചക്രവാതച്ചുഴിയില്‍ വീഴാതെ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന കേരളത്തിലെ മൂന്ന് എംപിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് ഭരണപക്ഷ ബെഞ്ചുകളില്‍ ഇരുന്നുകൊണ്ട് നേരിടാന്‍ ഏറ്റവും പ്രയാസമുള്ള നേതാവും ഉണ്ണികൃഷ്ണനായിരുന്നു. ബോഫോഴ്സ് വിവാദം കത്തിയ നാളുകളില്‍ ഉണ്ണികൃഷ്ണന്‍ സഭയില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് പോലും ഭരണകക്ഷി ബെഞ്ചുകളില്‍ നെഞ്ചിടിപ്പുണ്ടാക്കിയിരുന്നു എന്നാണ് ചരിത്രം. സ്വീഡനിലെ തന്റെ പഴയ സുഹൃത്തുക്കളില്‍ നിന്നും പത്രപ്രവര്‍ത്തകയായ ചിത്രാ സുബ്രഹ്‌മണ്യത്തില്‍ നിന്നും ലഭിച്ച അതീവ രഹസ്യവിവരങ്ങള്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം രാജീവ് ഗാന്ധിയെ ഞെട്ടിച്ചു. ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ഖത്രോക്കിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവിട്ടതോടെ ബോഫോഴ്സ് കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റി.

വടകരയുമായുള്ള ഉണ്ണികൃഷ്ണന്റെ ബന്ധം തികച്ചും അപ്രതീക്ഷിതമായിരുന്നു. 1971-ല്‍ ലീലാ ദാമോദരമേനോനായി എഴുതിത്തുടങ്ങിയ ചുമരെഴുത്തുകള്‍ മായ്ച്ചാണ് ഇന്ദിരാഗാന്ധി ഉണ്ണികൃഷ്ണനെ കളത്തിലിറക്കിയത്. അന്ന് കെപിസിസിയിലെ യുവതുര്‍ക്കികള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും വടകരയെ തന്റെ കോട്ടയാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് വടകര കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ ഉണ്ണികൃഷ്ണന്‍ യുഗമായിരുന്നു. 1991-ല്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത 'കോലീബി' പരീക്ഷണത്തെപ്പോലും തറപറ്റിച്ചുകൊണ്ട് അദ്ദേഹം വടകരയുടെ ചുവപ്പു കാത്തു. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും 'താന്‍ എന്നും കോണ്‍ഗ്രസുകാരനാണ്' എന്ന് അവകാശപ്പെട്ട അദ്ദേഹം, വി.പി. സിങ് മന്ത്രിസഭയിലെ കരുത്തനായ ക്യാബിനറ്റ് മന്ത്രിയായും തിളങ്ങി. വടകരയുടെ രാഷ്ട്രീയ ബോധ്യങ്ങളെ കൃത്യമായ സോഷ്യലിസ്റ്റ് പാതയിലേക്ക് നയിച്ച ആ വാഗ്മിയുടെ വിയോഗം ദേശീയ രാഷ്ട്രീയത്തിലെ ഒരു വലിയ അധ്യായത്തിന് കൂടിയാണ് തിരശ്ശീല വീഴ്ത്തുന്നത്.

രാജീവിനെ ഞെട്ടിച്ച ആ ബോംബ്; ബോഫോഴ്സ് രഹസ്യങ്ങളുമായി ഉണ്ണികൃഷ്ണന്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ ബോഫോഴ്സ് വിവാദത്തില്‍ രാജീവ് ഗാന്ധി എന്ന അതികായനായ പ്രധാനമന്ത്രിയെ വിറപ്പിച്ച വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ കെ.പി. ഉണ്ണികൃഷ്ണന്റെ ഓര്‍മ്മകളില്‍ ഇന്നും തിളങ്ങിനില്‍ക്കുന്നു. ദേശീയ രാഷ്ട്രീയം ബോഫോഴ്സ് ഇടപാടില്‍ പുകയുമ്പോള്‍, സ്വീഡനില്‍ നിന്നും ജനീവയില്‍ നിന്നും ശേഖരിച്ച സുപ്രധാന രേഖകളുമായി ഉണ്ണികൃഷ്ണന്‍ സഭയില്‍ എഴുന്നേറ്റു നിന്നത് ഭരണപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിടിപ്പിച്ചു.

ബോഫോഴ്സ് വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഉണ്ണികൃഷ്ണന്‍ സ്വീഡന്‍ സന്ദര്‍ശിക്കുന്നത്. ജനീവയില്‍ വെച്ച് 'ദി ഹിന്ദു' കറസ്പോണ്ടന്റ് ചിത്രാ സുബ്രഹ്‌മണ്യത്തെ കണ്ടുമുട്ടിയത് വഴിത്തിരിവായി. എന്നാല്‍ അതിലും വലിയൊരു സര്‍പ്രൈസ് അദ്ദേഹത്തെ കാത്തിരുന്നത് പഴയൊരു സുഹൃത്തിന്റെ രൂപത്തിലായിരുന്നു. ഡല്‍ഹിയില്‍ സ്വീഡന്റെ നയതന്ത്ര പ്രതിനിധിയായി ജോലി ചെയ്തിരുന്ന ആ സുഹൃത്ത്, ഉണ്ണികൃഷ്ണന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തി. രാജീവ് ഗാന്ധിയെക്കുറിച്ച് സുഹൃത്ത് ചോദിച്ചപ്പോള്‍ 'നല്ല രീതിയില്‍ പോകുന്നു' എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ മറുപടി. എന്നാല്‍, രാജീവിനെക്കുറിച്ച് താനും അങ്ങനെയാണ് കരുതിയതെന്നും പക്ഷെ ബോഫോഴ്സ് ഇടപാടുകള്‍ സംശയം ജനിപ്പിക്കുന്നുവെന്നുമായിരുന്നു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.

പിറ്റേന്ന് കൂടുതല്‍ രേഖകളുമായി എത്തിയ സുഹൃത്ത്, ഇടപാടിലെ ഗുണഭോക്താവെന്ന് സംശയിക്കുന്ന ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ഖത്രോക്കിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈമാറി. പ്രമുഖ അഭിഭാഷകന്‍ റാം ജഠ്മലാനി പോലും സ്വീഡനില്‍ പോയി മടങ്ങിയിട്ടും ലഭിക്കാത്ത അമൂല്യമായ രേഖകളായിരുന്നു അവ. രാഷ്ട്രതാത്പര്യം മുന്‍നിര്‍ത്തി അവ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചു. സഭയില്‍ അന്നത്തെ പ്രതിരോധ മന്ത്രി കെ.സി. പന്തിനെ സാക്ഷിനിര്‍ത്തി ഉണ്ണികൃഷ്ണന്‍ ആ രേഖകള്‍ പുറത്തുവിട്ടപ്പോള്‍ രാജീവ് ഗാന്ധി നടുങ്ങിപ്പോയി.

ഖത്രോക്കിയിലേക്ക് വിരല്‍ചൂണ്ടുന്ന ആ തെളിവുകള്‍ ഉണ്ണികൃഷ്ണന് എവിടെ നിന്ന് ലഭിച്ചു എന്നത് കോണ്‍ഗ്രസ് പാളയത്തില്‍ വലിയ ചര്‍ച്ചയായി. സഭയ്ക്ക് പുറത്ത് കാണുമ്പോള്‍ രാജീവ് ഗാന്ധി സൗഹൃദം പ്രകടിപ്പിച്ചിരുന്നെങ്കിലും, ആ വെളിപ്പെടുത്തലുകള്‍ അദ്ദേഹം വ്യക്തിപരമായി എടുത്തിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ വിശ്വസിച്ചിരുന്നു. പാര്‍ലമെന്റില്‍ തന്നെ ഏറ്റവും ഫലപ്രദമായി നേരിട്ടത് ഉണ്ണികൃഷ്ണനാണെന്ന ബോധ്യം രാജീവിനുമുണ്ടായിരുന്നു. ഒരു വലിയ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ അടിത്തറ തോക്കിടപാട് രേഖകളിലൂടെ പിടിച്ചുലച്ച വടകരയുടെ ആ വിപ്ലവ സോഷ്യലിസ്റ്റാണ് ഓര്‍മ്മയിലേക്ക് മടങ്ങുന്നത്.

ഇന്ദിരയുടെ മിത്രവും ശത്രുവും!

1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയുടെ ചുവരുകളില്‍ ആദ്യം തെളിഞ്ഞത് ലീലാ ദാമോദരമേനോന്റെ പേരായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലീലയെ നിശ്ചയിച്ച് ചുമരെഴുത്തുകള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് ഇന്ദിരാഗാന്ധിയുടെ ഇടപെടലുണ്ടാകുന്നത്. ദില്ലിയിലെ പത്രപ്രവര്‍ത്തകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ എഴുതിയ ചുവരുകള്‍ മായ്ച്ചു കളഞ്ഞ് പുതിയ ചരിത്രമെഴുതാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. അന്ന് തുടങ്ങിയ ആ വടകര ബന്ധം പിന്നീട് ആറു തവണത്തെ റെക്കോര്‍ഡ് വിജയങ്ങളിലേക്കാണ് നീണ്ടത്. 1977, 80, 84, 89, 91 വര്‍ഷങ്ങളില്‍ വടകര ഉണ്ണികൃഷ്ണനൊപ്പം ഉറച്ചുനിന്നു.

വി.കെ. കൃഷ്ണമേനോന്റെ അരുമശിഷ്യനും ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അദ്ദേഹം സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള പ്രതിപത്തി മൂലം അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് ഐയുമായി തെറ്റുകയും ഇടതുപക്ഷ ചേരിക്കൊപ്പം ചേരുകയും ചെയ്തു. വി.പി. സിങ് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ-ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരിക്കെ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശബ്ദമായി അദ്ദേഹം മാറി.

Tags:    

Similar News