ഷാര്‍ജയില്‍ ഉപ്പയെ കാണാന്‍ ഉമ്മയ്ക്കൊപ്പം എത്തി; പാര്‍ക്കിംഗില്‍ നിന്നും പുറത്തേക്കെടുത്ത വാഹനം കവര്‍ന്നത് ആറുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കിട്ടിയ കണ്‍മണിയെ; കുഞ്ഞ് അലന്റെ വിയോഗം താങ്ങാന്‍ കഴിയാത്ത വേദനയിലും കാറോടിച്ച ഡ്രൈവര്‍ക്ക് മാപ്പ് നല്‍കി മാപ്പുനല്‍കി മലയാളി ദമ്പതികള്‍
കുഞ്ഞ് അലന്റെ വിയോഗം താങ്ങാന്‍ കഴിയാത്ത വേദനയിലും കാറോടിച്ച ഡ്രൈവര്‍ക്ക് മാപ്പ് നല്‍കി മാപ്പുനല്‍കി ദമ്പതികള്‍
ഷാര്‍ജ: ഷാര്‍ജയില്‍ മകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയായ ഡ്രൈവര്‍ക്ക് മാപ്പു നല്‍കി മലയാളി ദമ്പതിമാര്‍. നാട്ടില്‍ നിന്ന് മാതാവിനോടൊപ്പം പിതാവിനെ കാണാനെത്തിയ പിഞ്ചുബാലനാണ് വാഹനാപകടത്തില്‍ മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകന്‍ അലന്‍ റൂമിക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ലഭിച്ച കണ്‍മണിയെയാണ് നഷ്ടമയത്.
പാര്‍ക്കിംഗില്‍ നിന്നും പുറത്തേക്കെടുത്ത വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഉള്ളുരുകുന്ന വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കില്‍ നിന്ന് മോചിപ്പിക്കാന്‍ മാപ്പുനല്‍കിയിരിക്കുകയാണ് മലയാളി ദമ്പതികള്‍. മാപ്പു നല്‍കിയത് മലയാളി ഡ്രൈവര്‍ക്കാണ് എന്നാണ് സൂചനകള്‍.
ഈ മാസം 11നാണ് ഷാര്‍ജയില്‍ അലന്‍ റൂമിയുടെ മരണത്തിനിടയായ വാഹനാപകടമുണ്ടായത്. സന്ദര്‍ശക വീസയില്‍ ഷാര്‍ജയില്‍ ഭര്‍ത്താവിന്റെ അടുത്ത് മകനെയും കൊണ്ട് എത്തിയതായിരുന്നു സഫ്‌ന. 'ഫ്‌ലാറ്റിന് സമീപം മണല്‍ വിരിച്ച പാര്‍ക്കിങ് ഏരിയയില്‍ മാലിന്യം നിക്ഷേപിക്കാന്‍ സഫ്‌ന പോയപ്പോള്‍ കൂടെയുണ്ടായിരുന്ന അലന്‍ പെട്ടെന്ന് കയ്യില്‍ നിന്ന് കുതറി ഓടുകയും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയില്‍ കുട്ടി അതിനടിയില്‍പ്പെടുകയുമായിരുന്നു.
'ഡ്രൈവര്‍ക്ക് കുട്ടിയെ കാണാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ, മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' വിതുമ്പലോടെ ഷറഫുദ്ദീന്‍ പറഞ്ഞു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവന്‍ രക്ഷിക്കാനായില്ല.
ദുരന്തം മനഃപൂര്‍വ്വം സംഭവിച്ചതല്ലെന്നും സ്വന്തം കുഞ്ഞിന്റെ വേര്‍പാടിന് പിന്നാലെ മറ്റൊരു കുടുംബം കൂടി ദുരിതത്തിലാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഷറഫുദ്ദീന്‍ വ്യക്തമാക്കി. തലാല്‍ ഗ്രൂപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഷറഫുദ്ദീനെ കാണാന്‍ കഴിഞ്ഞ മാസം 18-നാണ് അലനും അമ്മയും സന്ദര്‍ശക വിസയില്‍ ഷാര്‍ജയില്‍ എത്തിയത്.