ഇത്രയും പണം ചിലവാക്കി ഇവരെ കൊണ്ടുവരണോ എന്ന് ചോദിച്ചവരോട് ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെങ്കില്‍ മന്ത്രിയായി തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ ആര്‍ജ്ജവം; കുവൈറ്റ് യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിച്ച മന്ത്രി; മൂന്ന് ഹെലികോപ്ടറുകള്‍ മാറി കയറി കണ്ണും കെട്ടി എത്തിയത് സാക്ഷാല്‍ സദ്ദാം ഹുസൈന് മുന്നില്‍; ഇന്ത്യയുടെ ആദ്യ ആകാശ ഒഴുപ്പിക്കല്‍ ഉണ്ണികൃഷ്ണന്‍ വക
കോഴിക്കോട്: അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബാഗ്ദാദിന്റെ ആകാശത്ത് മരണത്തിന്റെ ഇരമ്പല്‍ തീര്‍ക്കുന്ന നാളുകള്‍. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന ഒളിത്താവളത്തിലിരുന്ന് വന്‍ശക്തിയായ അമേരിക്കയെ സദ്ദാം ഹുസൈന്‍ വെല്ലുവിളിക്കുന്നു. ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന ആ യുദ്ധഭൂമിയിലേക്ക്, കുടുങ്ങിപ്പോയ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു മലയാളി മന്ത്രി ചെന്നിറങ്ങി- കെ.പി. ഉണ്ണികൃഷ്ണന്‍. വടകരയുടെ പ്രിയനേതാവ് വിടവാങ്ങുമ്പോള്‍, ചരിത്രം ബാക്കിവെക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ പ്രവാസി ഒഴിപ്പിക്കലിന് പിന്നിലെ ആ ചടുലമായ നീക്കങ്ങളാണ്. ആ നേതാവാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ ഓര്‍മ്മയായത്.
കുവൈത്തിനെ ഇറാഖ് ആക്രമിച്ചപ്പോള്‍ അവിടെ കുടുങ്ങിയത് ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. വി.പി. സിങ് മന്ത്രിസഭയിലെ കരുത്തനായ കെ.പി. ഉണ്ണികൃഷ്ണന്‍ അന്ന് പ്രവാസികള്‍ക്കായി കാബിനറ്റില്‍ പോരടിച്ചു. 'ഇത്രയും പണം ചിലവാക്കി ഇവരെ കൊണ്ടുവരണോ' എന്ന് ചോദിച്ച ഉദ്യോഗസ്ഥരോട്, 'ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെങ്കില്‍ എനിക്ക് മന്ത്രിയായി തുടരാന്‍ താല്പര്യമില്ല' എന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു. ഒടുവില്‍ ദൗത്യം ഉണ്ണികൃഷ്ണന്റെ ചുമലിലായി. അതു വിജയിക്കുകയും ചെയ്തു.
സദ്ദാമിനെ കാണുക എന്നത് മരണത്തെ മുഖാമുഖം കാണുന്നതിന് തുല്യമായിരുന്നു. ബാഗ്ദാദില്‍ നിന്ന് മൂന്ന് ഹെലികോപ്റ്ററുകള്‍ മാറിമാറി കയറി. ഒളിത്താവളത്തിന് കിലോമീറ്ററുകള്‍ക്ക് മുമ്പ് കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടി. എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നിശ്ചയമില്ലാത്ത യാത്ര. ഒടുവില്‍ കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ സാക്ഷാല്‍ സദ്ദാം ഹുസൈന്‍. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സദ്ദാം ശാന്തനായിരുന്നു. ഇന്ത്യക്കാരെ സുരക്ഷിതമായി വിട്ടുനല്‍കാമെന്ന് സദ്ദാം ഉറപ്പുനല്‍കി. എന്നാല്‍ ഒരൊറ്റ നിബന്ധന മാത്രം: 'ഇന്ത്യക്കാരെ കൊണ്ടുപോകാിക്കാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അമേരിക്കയുടെ സഹായം തേടരുത്.'
ആ വാക്ക് പാലിച്ച്, എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ജോര്‍ദാന്‍ വഴി പറന്നുയര്‍ന്നു. ഒരു വശത്ത് അമേരിക്കന്‍ മിസൈലുകള്‍ ആകാശത്ത് വെളിച്ചം തീര്‍ക്കുമ്പോള്‍ മറുവശത്ത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഗിന്നസ് ബുക്കില്‍ ഇടംനേടിയ ആ മഹാദൗത്യത്തിന് ചുക്കാന്‍ പിടിച്ചത് വടകരയുടെ ഈ വിപ്ലവ സോഷ്യലിസ്റ്റായിരുന്നു. വന്‍ശക്തികളെപ്പോലും ഭയക്കാത്ത സദ്ദാമിന്റെ മുഖത്ത് അന്ന് കണ്ട ആ ചിരിയും ശാന്തതയും ഉണ്ണികൃഷ്ണന്‍ എന്നും അത്ഭുതത്തോടെയാണ് ഓര്‍ക്കാറുള്ളത്. പ്രവാസികള്‍ക്കായി ഒരു മന്ത്രി നടത്തിയ ഏറ്റവും വലിയ നയതന്ത്ര പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ കൂടിയാണ് ഉണ്ണികൃഷ്ണന്റെ വിയോഗത്തോടെ മായുന്നത്.
ഗള്‍ഫിലെ ആദ്യ പ്രവാസി ഒഴിപ്പിക്കലിന് പിന്നിലെ ചാലക ശക്തി- കുവൈത്തിനെ മോചിപ്പിക്കാനും സദ്ദാമിനെ പിടികൂടാനുമായി അമേരിക്കന്‍സേന കരയിലും ആകാശത്തും ഭീകരാന്തരീക്ഷം തീര്‍ത്തിരുന്നു. സദ്ദാമിനെ കാണുകയെന്നത് ദുഷ്‌കരമായ ദൗത്യമാണെന്ന് അറിഞ്ഞിട്ടും സ്വന്തം നാട്ടുകാരുടെ മോചനം ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗമില്ലാതിരുന്നതിനാല്‍ വെല്ലുവിളി നിറഞ്ഞ ആ യാത്രയ്ക്ക് തിരിക്കുകയായിരുന്നു. അസാധാരണമായ കര്‍മശേഷിയും കഴിവുമുള്ളവര്‍ വെല്ലുവിളികളെയും പ്രതിസന്ധികളെയും അവസരമാക്കി മാറ്റാറുണ്ട്. സ്വതസ്സിദ്ധമായ തന്റെ കഴിവ് തെളിയിക്കാനുള്ള അത്തരമൊരു അവസരമായിരുന്നു ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് യുദ്ധം.
അന്ന് ഏറ്റവുമധികം പ്രവാസികളുള്ള മണ്ഡലമായ വടകരയില്‍നിന്നുള്ള ലോക്‌സഭാംഗംകൂടിയായ ഉണ്ണികൃഷ്ണനെ നാട്ടില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ സഹായാഭ്യര്‍ഥനയുമായി ബന്ധപ്പെട്ടിരുന്നു. അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഉണ്ണികൃഷ്ണന്‍ പ്രധാനമന്ത്രി വി.പി. സിങ്ങിനെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടു. സുരക്ഷാപ്രശ്നവും കോടികളുടെ ചെലവും കണക്കിലെടുത്ത് അന്നത്തെ കാബിനറ്റ് സെക്രട്ടറി പാണ്ഡെ എന്റെ ആവശ്യം എതിര്‍ത്തു. ഇന്ത്യക്കാര്‍ക്ക് അപകടമൊന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും അവരെല്ലാം നാട്ടില്‍ തിരിച്ചെത്തുമെന്നിരിക്കെ കോടികള്‍ മുടക്കി അവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുന്നത് വന്‍ബാധ്യത വരുത്തിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പതിനായിരക്കണക്കിന് കോടിരൂപയുടെ വിദേശമൂലധനം നാട്ടിലെത്തിക്കുന്ന പ്രവാസികളെ ആപദ്ഘട്ടത്തില്‍ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. എന്തുകൊണ്ടും ഇവര്‍ സംരക്ഷണം അര്‍ഹിക്കുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ പിന്നെ മന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു ഉണ്ണികൃഷ്ണന്‍. ഒടുവില്‍ എന്റെ അഭിപ്രായം കാബിനറ്റ് അംഗീകരിച്ചു. പ്രവാസികളെ അപകടം കൂടാതെ നാട്ടിലെത്തിക്കാനുള്ള മിഷന്റെ ചുമതല മന്ത്രിസഭ എന്നെ ഏല്‍പ്പിച്ചു. പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ബാഗ്ദാദ് യാത്ര.
