നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലറും നൂറുല്‍ ഇസ്ലാം സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഡോ. എ.പി. മജീദ് ഖാന്‍ അന്തരിച്ചു; വിട പറഞ്ഞത് കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിത്വം
ഡോ. എ.പി. മജീദ് ഖാന്‍ അന്തരിച്ചു
തിരുവനന്തപുരം: നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലറും ഇരുപതോളം നൂറുല്‍ ഇസ്ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഡോ. എ.പി. മജീദ് ഖാന്‍ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിത്വമാണ്.
നെയ്യാറ്റിന്‍കര വെള്ളംകുളം ബംഗ്ലാവില്‍ അലിസന്‍ മുഹമ്മദിന്റെയും സല്‍മാബീവിയുടെയും മകനാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എന്‍.ഐ. ഐ.ടി.ഐ. ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ചാണ് വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം ശോഭിച്ചത്. പിന്നീട് വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ നടത്താനായി നില കൊണ്ടു.
കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എഞ്ചിനീയറിങ് കോളേജിന്റെ സ്ഥാപകന്‍ കൂടിയാണ്. കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തില്‍ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കുചേര്‍ന്നിരുന്നു. കേരളത്തിന്റെ വൈദ്യുതീകരണത്തിലും പ്രത്യേകിച്ച് മലബാര്‍ മേഖലകളിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യന്‍ സൈനികര്‍ക്കും എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക പരിശീലനം നല്‍കുന്നതിലും അദ്ദേഹവും സ്ഥാപനവും നിര്‍ണായക പങ്ക് വഹിച്ചു. നൂറുല്‍ ഇസ്ലാം എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി ആരോഗ്യ രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു.
സൈഫുന്നീസയാണ് ഭാര്യ. മക്കള്‍: ശബ്‌നം ഷഫീക്ക് (നൂറുല്‍ ഇസ്ലാം എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), എം.എസ്. ഫൈസല്‍ ഖാന്‍ (നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രൊ-ചാന്‍സലര്‍, നിംസ് മെഡിസിറ്റി എം.ഡി). രാവിലെ 8.30 മുതല്‍ 10.30വരെ തക്കല നൂറുല്‍ ഇസ്ലാം സര്‍വകലാശാലയിലും 11.30 മുതല്‍ 3.30വരെ നെയ്യാറ്റിന്‍കരയിലെ സ്വവസതിയിലും പൊതുദര്‍ശനം ഉണ്ടാകും.