മലയാളത്തിന്റെ ഭാവഗായകന് ശനിയാഴ്ച കലാകേരളം വിട നല്‍കും; സംസ്കാര ചടങ്ങുകള്‍ വൈകിട്ട് ചേന്ദമംഗലം തറവാട്ട് വീട്ടില്‍; സംഗീത നാടക അക്കാദമിയിലും പൊതുദര്‍ശനം; അനുശോചനമറിയിച്ച് ഭാഷാഭേദമെന്യേ പ്രമുഖര്‍; നിത്യഹരിത ഗാനങ്ങള്‍ ബാക്കിയാക്കി പി ജയചന്ദ്രന് മടങ്ങുമ്പോള്‍
മലയാളത്തിന്റെ ഭാവഗായകന് ശനിയാഴ്ച കലാകേരളം വിട നല്‍കും
തൃശൂര്‍: മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് കലാകേരളം ശനിയാഴ്ച വിട നല്‍കും.സംസ്കാരച്ചടങ്ങുകള്‍ ശനിയാഴ്ച ചേന്ദമംഗലത്ത് വച്ചുനടക്കും. നാളെ രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. 12 മണി മുതല്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനം. മറ്റന്നാള്‍ 11 -ാം തിയ്യതി രാവിലെ 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കും.
വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.
മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദസൗഭഗമുണ്ടായിരുന്നു. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം അഞ്ച് തവണയും ദേശീയ പുരസ്കാരം ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ 'കാത്താളം കാട്ടുവഴി' ഗാനത്തിന് 1994-ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. 'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം' എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമുണ്ടാകില്ല.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തികള്‍ ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു.1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന് തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1966ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരന്-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല.ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ ഭാവഗായകനായി ഹൃദയത്തില്‍ ഏറ്റെടുത്തു.
ചിദംബരനാഥ് മുതല്‍ മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി.പി.ഭാസ്കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന് വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന് നല്കി.
ഭാവഗായകന് പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്.ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന് ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും.മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്.തലമുറകളുടെ ഹൃദയം കവര്‍ന്ന നാദവിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീതലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.
പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന് വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും.ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.കുടുംബത്തെ ദുഖം അറിയിക്കുന്നു.ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
മലയാളികളുടെ മനസില്‍ പതിഞ്ഞ പി ജയചന്ദ്രന്റെ ഭാവഗാനങ്ങള്‍ക്ക് ഒരിക്കലും മരണമില്ലായെന്ന് മന്ത്രി കെബി. ഗണേഷ് കുമാര്‍. എത്ര എത്ര ഭാവഗാനങ്ങളാണ് നമ്മള് ഏറ്റുപാടിയത്, ഇപ്പോഴും ഏറ്റുപാടുന്നത്. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും കൂട്ടായി നിന്ന ശബ്ദമാധുര്യം. എവിടെയും എപ്പോഴും പറയാനുള്ള കാര്യങ്ങള്‍ ആരോടും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന നിലപാടുള്ള ഒരു ഗായകനെയാണ് നമുക്ക് നഷ്ടമായത്. മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്നു പി.ജയചന്ദ്രന്റേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അനശ്വരഗാനങ്ങളിലൂടെ സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീര്‍ത്ത പി.ജയചന്ദ്രന്റെ വിയോഗം ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവത്ത ഒന്നാണന്ന് മന്ത്രി വിഎന്‍ വാസവന്.മലയാളികള്‍ക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും സന്തോഷത്തിന്റെയും വൈകാരിക വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് വിടവാങ്ങിയത്. പി. ജയചന്ദ്രന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ് മലയാളികള്‍ക്ക്. എല്ലാ സംഗീതപ്രേമികളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി ജയചന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന് അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെസി ഡാനിയേല്‍ പുരസ്കാരം അദ്ദേഹത്തിന് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ കലാജീവിതത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കാലാതിവര്‍ത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം പിടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആറു പതിറ്റാണ്ടു കാലത്തെ സംഗീതജീവിതത്തില്‍ 5 ഭാഷകളിലായി പതിനായിരത്തില്‍ അധികം ഗാനങ്ങളാണ് പി. ജയചന്ദ്രന് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഓരോ ഗാനവും നമ്മുടെ മനസുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ക്കുന്നു. അദ്ദേഹം സ്വരമാധുര്യം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗാനങ്ങള്‍ അനശ്വരമായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കി, ആ ഗാനങ്ങളെ വരും തലമുറയ്ക്കായി ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്.