രണ്ടു വര്‍ഷം മുന്‍പ് മലയാളി യുവതി ലെസ്റ്ററില്‍ കുഴഞ്ഞു വീണു മരിച്ച സമാന സാഹചര്യം റെഡ്ഡിംഗിലും; വീട്ടില്‍ കുഴഞ്ഞു വീണ 24കാരി പ്രസീനയുടെ വേര്‍പാട് വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍; മെയ് മാസ ദിനങ്ങള്‍ക്ക് ചൂടിനൊപ്പം തുടര്‍ച്ചയായി വേര്‍പാടുകളുടെ ഹൃദയഭാരവും; യുകെ മലയാളികളെ നൊമ്പരപ്പെടുത്തി പ്രസീനയുടെ മടക്കം
ലണ്ടന്‍: ഒരു ഡസനോളം മരണങ്ങള്‍ക്ക് കാതോര്‍ക്കേണ്ടി വന്ന മെയ്മാസ ദിനങ്ങള്‍ വിടവാങ്ങുന്ന അവസാന ദിവസവും ആകസ്മിക മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്ന ഞെട്ടലിലാണ് യുകെ മലയാളികള്‍. യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞു ലണ്ടനില്‍ ജോലി തേടിയ യുകെ മലയാളി പെണ്‍കുട്ടി പ്രസീന വര്‍ഗീസാണ് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മരണപ്പെട്ടത്.
പ്രസീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല എന്നാണ് പ്രാഥമിക വിവരം. പ്രസീനയ്ക്ക് ഹൃദയ സ്തംഭനം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെറും 24 കാരിയായ പ്രസീനയുടെ മരണം രണ്ടു വര്‍ഷം മുന്‍പ് ലെസ്റ്ററില്‍ നിന്നും എത്തിയ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഭര്‍ത്താവിന്റെ അടുക്കലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മരിച്ച പെണ്‍കുട്ടിയുടെ ഓര്‍മ്മയാണ് വിളിച്ചു വരുത്തുന്നത്.
സമപ്രായക്കാരായ ഇരുവരുടെയും മരണത്തില്‍ ഇപ്പോള്‍ സമാനതകളാണ് യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എത്തുന്നത്. പ്രത്യേക അസുഖങ്ങള്‍ ഇല്ലാതെ ചെറുപ്പക്കാര്‍ മരണത്തിനു കീഴ്പ്പെടുന്നതിന്റെ ഹൃദയഭാരം കനത്തതായതിനാല്‍ പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ പ്രസീനയുടെ മരണവും തീരാ വേദനയായി മാറുകയാണ്.
റെഡ്ഡിംഗിലെ മിനി - ജോസി ദമ്പതികളുടെ മകളാണ് പ്രസീന. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുന്നത്. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.
പ്രസീനയുടെ വേര്‍പാടിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് ഇവരുടെ വീട്ടില്‍ വച്ച് ഒപ്പീസ് പ്രാര്‍ത്ഥന നടത്തുന്നുണ്ട്. ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഭവനത്തിലേക്ക് എത്താവുന്നതാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. കുടുംബം സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ് എന്ന വിവരവും റെഡ്ഡിംഗില്‍ നിന്നും എത്തിയിട്ടുണ്ട്.
ആഴ്ച അവധിയുടെ ആലസ്യത്തില്‍ പതുക്കെ എഴുന്നേറ്റ മലയാളികള്‍ക്ക് ആദ്യം വെയില്‍സില്‍ നിന്നും കേള്‍ക്കേണ്ടി വന്ന മരണത്തിനു ശേഷമാണു തൊട്ടു പിന്നാലെ റെഡ്ഡിംഗില്‍ നിന്നും മരണ വാര്‍ത്ത കേള്‍ക്കേണ്ടി വന്നിരിക്കുന്നത്.