കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു; അന്ത്യം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വസതിയില്‍; കോണ്‍ഗ്രസില്‍ നിര്‍ണായക ചുമതലകള്‍ നിര്‍വഹിച്ച കൃഷ്ണ അവസാന കാലത്ത് പ്രവര്‍ത്തിച്ചത് ബിജെപിക്കൊപ്പം; വിട പറഞ്ഞത് ബെംഗളൂരുവിനെ മഹാനഗരമാക്കി വളര്‍ത്തിയ നേതാവ്
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
ബെഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്നു എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ വസതിയില്‍ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം ഇടക്കാലം കൊണ്ട് ബിജെപി രാഷ്ട്രീയത്തിനൊപ്പമാണ് പ്രവര്‍ത്തിച്ചത്.
സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 2009 മുതല്‍ 2012 വരെ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുന്‍പ് 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2017-ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 1962-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു.
ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളര്‍ത്തുന്നതില്‍ എസ് എം കൃഷ്ണയുടെ പങ്ക് വലുതായിരുന്നു. ബംഗളുരുവിനെ ഐടി നഗരമാക്കി വളര്‍ത്തിയതിലും വലിയ പങ്ക് കൃഷ്ണക്കുണ്ട്. 1971ല്‍ പി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ചേര്‍ന്ന കൃഷ്ണ അതേവര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് വീണ്ടും ലോക്സഭാംഗമായി. 1972-ല്‍ കര്‍ണാടക നിയമസഭ കൗണ്‍സില്‍ അംഗമായതിനെ തുടര്‍ന്ന് ലോക്സഭാംഗത്വം രാജിവച്ചു. 1972 മുതല്‍ 1977 വരെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1980-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1993 വരെ നിയമസഭാ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍ കര്‍ണാടക ഉപ-മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1994-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതല്‍ 1999 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1999 മുതല്‍ 2000 വരെ കര്‍ണാടക പി.സി.സി പ്രസിഡന്ന്റുമായിരുന്നു അദ്ദേഹം.
1999-ലാണ് കൃഷ്ണ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1999-ല്‍ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. 2004-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമരാജ്പേട്ട മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയെങ്കിലും 2004-ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു. 2008-ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.
2017 ജനുവരി 30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചു കോണ്‍ഗ്രസ് വിട്ടു. 2017 മുതല്‍ ബി.ജെ.പി അനുഭാവിയായി തുടര്‍ന്ന കൃഷ്ണ 2017 മാര്‍ച്ച് 22ന് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. ബിജെപി രാഷ്ട്രീയത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ഉറ്റബന്ധം സൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു എസ്എം കൃഷ്ണ.