കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് സിനിമാപഠനം; 1954ല്‍ ഹോളിവുഡില്‍ അഭിനയിച്ച മലയാളി; ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി; തിരികെ നാട്ടിലെത്തിയപ്പോള്‍ മലയാളം സിനിമയില്‍ അഭിനയവും സംവിധാനവും; അന്തരിച്ച തോമസ് ബെര്‍ളി ഹോളിവുഡിലേക്കും വഴിവെട്ടിയ മലയാളി
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് സിനിമാപഠനം
ഫോര്‍ട്ട്കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെര്‍ളി (93) അന്തരിച്ചു. ദീര്‍ഘകാലമായി മത്സ്യസംസ്കരണ-കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ പ്രശസ്തമായ കുരിശിങ്കല്‍ കുടുംബാംഗമാണ്. മുന്‍ കൗണ്‍സിലര്‍മാരായിരുന്ന കെ.ജെ. ബെര്ളിയുടെയും ആനി ബെര്ളിയുടെയും മകനാണ്.
ഹോളിവുഡിലേക്ക് വഴിവെട്ടിയ മലയാളിയാണ് തോമസ് ബെര്‍ളി. മലയാളി സമൂഹത്തിന് സിനിമകള്‍ പരിചിതമായ കാലത്തിന് മുമ്പാണ് അദ്ദേഹം ഹോളിവുഡില്‍ പയറ്റിയത് എന്നോര്‍ത്താല്‍ അത് അത്ഭുതമാണ്. ഹോളിവുഡില്‍ കൈവെച്ച ശേഷം മലയാള സിനിമയിലും അദ്ദേഹം സജീവമായിരുന്നു. അന്പതുകളിലാണ് തിരക്കഥയെഴുതിയും അഭിനയിച്ചുമൊക്കെ അദ്ദേഹം ഹോളിവുഡിന്റെ ഭാഗമായി മാറിയത്. 1954ല്‍ അദ്ദേഹം ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചു.
അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍നിന്ന് സിനിമാപഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇത്. കൂടാതെ ഇംഗ്ലീഷ് സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സിനിമ പഠിക്കാന്‍ അമേരിക്കയിലേക്കു പോയ കലാകാരനാണ് തോമസ് ബെര്‍ളി. അദ്ദേഹം ഇന്റര്‍മീഡിയറ്റ് പഠനം കഴിഞ്ഞ് ഭാവിയെക്കുറിച്ച് ആലോചിച്ചു നടക്കുന്ന കാലത്താണ് അക്കാലത്തെ പ്രമുഖ സംവിധായകനായ വിമല്‍കുമാറിനെ കാണുന്നത്. സിനിമയില്‍ അഭിനയിക്കാമോ എന്ന് വിമല്‍കുമാറിന്റെ ചോദ്യം. കേട്ടപാടെ അദ്ദേഹം സമ്മതം മൂളി. വീട്ടുകാരുടെ സമ്മതത്തോടെ വിമല്‍കുമാറിന്റെ 'തിരമാല' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
ആ സിനിമയില്‍ തോമസ് ബെര്‍ളി നായകനായിരുന്നു. പ്രമുഖ നടന് സത്യനായിരുന്നു ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചത്. പടം ഹിറ്റായി. പക്ഷേ, സിനിമയ്ക്കു പിന്നാലെ പോകാന്‍ വീട്ടുകാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. കൊച്ചിയിലെ കുരിശിങ്കല്‍ തറവാട്ടിലെ അംഗമായിരുന്ന അദ്ദേഹത്തിന് വീട്ടുകാര്‍ പറയുന്നത് കേള്‍ക്കേണ്ടി വന്നു. പഠനം തുടരണമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. അത് അദ്ദേഹം അനുസരിച്ചു. പക്ഷേ, സിനിമ മാത്രമേ പഠിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ സിനിമ പഠിക്കാന്‍ അദ്ദേഹമെത്തുന്നത്.
സിനിമാ സംവിധാനവും നിര്‍മാണത്തിന്റെ വിവിധ വശങ്ങളുമാണ് അദ്ദേഹം പഠിച്ചത്. പഠനകാലത്ത് തോമസ് ബെര്‍ളി എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്സ് എന്ന കമ്പനി സിനിമയാക്കി. അക്കാലത്ത് അതിന് 2500 ഡോളര്‍ അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് 15 വര്‍ഷക്കാലം അമേരിക്കയിലെ ടെലിവിഷന്‍-സിനിമ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചത്. നിരവധി തിരക്കഥകളുമെഴുതി.
അമേരിക്കയില്‍നിന്ന് മടങ്ങി 10 വര്‍ഷത്തിനു ശേഷം ബെര്‍ളി വീണ്ടും മലയാള സിനിമയിലെത്തി. 'ഇത് മനുഷ്യനോ' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ഹോളിവുഡില്‍നിന്ന് പഠിച്ച പല ടെക്നിക്കുകളും ആ ചിത്രത്തില്‍ അദ്ദേഹം പരീക്ഷിച്ചു. കെ.പി. ഉമ്മറായിരുന്നു ആ ചിത്രത്തില്‍ നായകന്. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്തു. 'വെള്ളരിക്കാപ്പട്ടണം' എന്ന ചിത്രമാണത്. പ്രേംനസീര്‍ അഭിനയിച്ച മുഴുനീള ഹാസ്യചിത്രം.
ഇതിലെ പാട്ടുകള്‍ക്ക് ഈണം നല്കിയതും തോമസ് ബെര്‍ളിയായിരുന്നു. സിനിമയും അതിലെ പാട്ടുകളും ഹിറ്റായിരുന്നു. 'ഹോളിവുഡ് ഒരു മരീചിക' എന്ന പേരില്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. അതുള്‍പ്പെടെ നാല് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ഭാര്യ: സോഫി തോമസ്. മക്കള്‍: ടാനിയ എബ്രഹാം, തരുണ്‍ കുരിശിങ്കല്‍, ടാമിയ ജോര്‍ജ്. മരുമക്കള്‍: എബ്രഹാം തോമസ്, ജോര്‍ജ് ജേക്കബ്. സംസ്കാരം പിന്നീട്.