ന്യൂസിലാന്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
അഞ്ചു ലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പന്തളം: മകന് ന്യൂസിലാന്റില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയില്‍ നിന്നും അഞ്ചു ലക്ഷം തട്ടിയ കേസില്‍ രണ്ടുപേരെ പന്തളം പോലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂര്‍ കുന്നുംപുറത്ത് വീട്ടില്‍ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തന്‍ വീട്ടില്‍ അരുണ്‍ അശോകന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പന്തളം താവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവര്‍ഷം മേയ് 20 നും നവംബര്‍ 23 നുമിടയിലുള്ള കാലയളവില്‍ എസ് ബി ഐ അക്കൗണ്ട് വഴിയും ഗൂഗ്ള്‍ പേ മുഖേനയും പലതവണയായി തുക പ്രതികള്‍ കൈവശപ്പെടുത്തുകയായിരുന്നു.
നല്‍കിയ പണമോ, മകന് ജോലിയോ നല്‍കാതെ പ്രതികള്‍ കബളിപ്പിച്ചെന്ന് മനസ്സിലാക്കിയ ഇവര്‍ ഡിസംബര്‍ 24 ന് പന്തളം പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പോലീസ് അഭിരാമിനെ ഏറ്റുമാനൂരിലും അരുണിനെ പോരുവഴിയിലും നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. മകന് ന്യൂസിലാന്റില്‍ ജോലി ശരിയാക്കാമെന്നും സണ്‍ഷൈന്‍ എന്ന ഏജന്‍സി ഉണ്ടെന്നും അഭിരാമാണ് നടത്തുന്നതെന്നും അരുണ്‍ ഇവരെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്നാണ് ഇതിനായെന്നോണം പ്രതികള്‍ ആവശ്യപ്പെട്ട തുക നല്‍കിയത്. പ്രതികള്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ നിലവിലുണ്ട്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എ എസ് ഐ സിറോഷ്, സി പി ഓമാരായ അജീഷ് കുമാര്‍, അമല്‍, ഭഗത് എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.