ദുബായിലെ ഡിജെ മോഡല്‍ തിരുവനന്തപുരത്തും; അലമ്പുണ്ടാക്കാന്‍ വന്നത് എയര്‍പോര്‍ട്ട് സാജന്റെ മകന്‍ പണം വാരുന്നതില്‍ അസൂയ പൂണ്ട്; സാജനെത്തിയതോടെ മുങ്ങിയ ഓംപ്രകാശ്; കൂടെയുണ്ടായിരുന്ന നിതിനെ പഞ്ഞിക്കിട്ട ഡാനിയുടെ പ്രതികാരം; ചലച്ചിത്ര മേളയില്‍ കറങ്ങിയ ഓംപ്രകാശിനെ തൊടാന്‍ ഭയന്ന് പോലീസും; ഇഞ്ചയ്ക്കലിലേത് ജാമ്യമുള്ള കേസാകുമ്പോള്‍
തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കേസെടുത്തിട്ടും ആരേയും അറസ്റ്റ് ചെയ്യാതെ കേരളാ പോലീസ്. പോലീസിനെ വെട്ടിച്ച് കടന്ന ഗുണ്ട ഓംപ്രകാശ് സംഭവത്തിന് ശേഷം പൊലീസിനെ വെല്ലുവിളിച്ച് നഗരത്തില്‍ വിലസിയത് ഒരു പകലും രാത്രിയും. വെള്ളിയാഴ്ച രാത്രി 11ന് ആയിരുന്നു ബാറിലെ സംഘര്‍ഷം. അടുത്ത ദിവസം പകല്‍ മുഴുവന്‍ നഗരത്തില്‍ കറങ്ങി നടന്ന ഓംപ്രകാശ്, ചലച്ചിത്രമേളയിലെ വിവിധ വേദികളിലും (ഐഎഫ്എഫ്‌കെ) എത്തി. ശനിയാഴ്ച വൈകിട്ട് 6.30ന് വഴുതക്കാട് ടഗോര്‍ തിയറ്റര്‍ പരിസരത്ത് ഇരുപതംഗ സംഘത്തിനൊപ്പം എത്തിയ ഓംപ്രകാശ് രാത്രി 11ന് മടങ്ങി പോയി. ഞായറാഴ്ചയാണ് ഈ വിവരം മനോരമ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം ഓംപ്രാശിനെ കുറിച്ച് പോലീസിന് ഒരറിവുമില്ല.
ഓംപ്രകാശിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. എതിര്‍ സംഘത്തലവന്‍ സാജന്‍ രണ്ടാം പ്രതിയും മകന്‍ ഡാനി മൂന്നാം പ്രതിയുമാണ്. ഇവരുടെ കൂട്ടാളികളില്‍ ചിലരെ ഇന്നലെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സംഘര്‍ഷം,പൊതുജന ശല്യം തുടങ്ങി ആറ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. സാജന്റെ മകനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഡാനി നടത്തിയ ഡി.ജെ പാര്‍ട്ടി ഓംപ്രകാശ് തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവര്‍ തമ്മിലുള്ള കുടിപ്പകയുടെ തുടര്‍ച്ചയാണ് ഏറ്റുമുട്ടല്‍. രണ്ടു കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ ജാമ്യമുള്ള വകുപ്പിട്ട് കേസെടുത്ത പോലീസ് നടപടിയും ചര്‍ച്ചകളിലുണ്ട്. ഡാനിയേയും സാജനേയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ് വിട്ടയയ്ക്കുകയുംചെയ്തു. നോട്ടീസ് നല്‍കിയിട്ടും ഓംപ്രകാശ് ഹാജരായിട്ടുമില്ല.
ഡിജെ പാര്‍ട്ടിക്കിടെ ഓംപ്രകാശും ഒപ്പമെത്തിയ നിതിനും അസഭ്യം വിളിക്കുകയും വാക്കേറ്റത്തിലാകുകയും ചെയ്തു. ഇതോടെ ഡി.ജെ പാര്‍ട്ടി തടസപ്പെടുത്തിയെന്ന് ആരോപിച്ച് ഡാനിയുമായി തര്‍ക്കമുണ്ടായി. ഇരുഭാഗത്തും ആളുകള്‍ സംഘടിച്ചു. സംഭവമറിഞ്ഞ് സാജനെത്തിയതോടെ ബാറില്‍ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ഓംപ്രകാശ് അവിടെ നിന്നും പോയി. നിതിനെ എയര്‍പോര്‍ട്ട് സാജനും സംഘവും കൈകാര്യം ചെയ്തത് ക്രൂരമായിട്ടാണെന്നും സൂചനകളുണ്ട്. എന്നാല്‍ വെള്ളായണി സ്വദേശിയായ നിതിന് പരാതി കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ നിതിനെ വധിക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്താനുമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ സ്ഥലംവിട്ടു. രണ്ടുമാസം മുമ്പ് കൊച്ചിയില്‍ ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു.
സംഭവം വിവാദമാകുമെന്നായപ്പോള്‍ എഫ്.ഐ.ആര്‍ പൊലീസ് സൈറ്റില്‍ നിന്ന് തത്കാലം നീക്കി. പോക്‌സോ, സത്രീപീഡനം, പീഡനം തുടങ്ങിയ വകുപ്പുകളുള്ള എഫ്.ഐ.ആറുകളാണ് പൊലീസിന്റെ തുണ ആപ്പില്‍ പ്രസിദ്ധീകരിക്കാത്തത്. എന്നാല്‍ ഈ സംഭവത്തില്‍ എഫ്.ഐ.ആര്‍ പ്രസിദ്ധീകരിച്ചെങ്കിലും പിന്‍വലിച്ചെന്നാണ് ആക്ഷേപം. ജാമ്യമില്ലാ കേസെടുത്തതിലെ നാണക്കേട് പുറത്ത് ചര്‍ച്ചയാകാതിരിക്കാനാണ് ഇത്. ഈ അടിക്ക് പിന്നാലെയും തിരുവനന്തപുരത്ത് പരസ്യമായി ചുറ്റി തിരിയുകയായിരുന്നു ഓംപ്രകാശ്. ചലചിത്ര മേളയില്‍ ഓംപ്രകാശ് എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയിലത്രെ. ചലച്ചിത്രമേളയില്‍ ഓംപ്രകാശിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നലെ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഓംപ്രകാശിന് രക്ഷപ്പെടാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അവസരം ഒരുക്കിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ബാറിലെ അടിയില്‍ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും ഉള്‍പ്പെടെ 75ല്‍ അധികം പേര്‍ക്കെതിരെ കേസെടുത്തു. അതിനിടെ നഗരത്തിലെ ബാറുകളില്‍ എയര്‍പോര്‍ട്ട് ഡാനി നടത്തിയ ഡിജെ പാര്‍ട്ടികളെ കുറിച്ച് പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുബായിയില്‍ ഡിജെ സംഘത്തിലുണ്ടായിരുന്ന ഡാനിയുടെ ഇടപാടുകളും പരിശോധിക്കും. കുളത്തൂര്‍ കരിമണലില്‍ യുവാവില്‍ നിന്നു പിടിച്ചു വാങ്ങിയ ഫോണ്‍ തിരിച്ചു നല്‍കാന്‍ തന്റെ കാല്‍ പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണി പ്പെടുത്തുകയും ഇതു വിഡിയോ ചിത്രീകരിച്ചു പുറത്തുവിടുകയും ചെയ്ത കേസില്‍ പ്രതിയായ തിനെ തുടര്‍ന്നാണ് ഡാനി ദുബായിലേയ്ക്കു കടന്നത്. ഡാനി തലസ്ഥാനത്തെ ബാറുകളില്‍ ഷോ നടത്താന്‍ തുടങ്ങിയതാകാം ഓംപ്രകാശിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
ഇതിനൊപ്പം പാറ്റൂരിലെ ഗുണ്ടാആക്രമണ കേസില്‍ ഒളിവില്‍ കഴിയുമ്പോള്‍ ഓംപ്രകാശിന് ലഭിച്ച സാമ്പത്തിക സഹായത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഒളിവില്‍ കഴിഞ്ഞ ഓംപ്രകാശിനെ ഫോണ്‍വിളിച്ചവരുടെ പട്ടികയില്‍ പല ഉന്നതരും ഉണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം അവസാനിപ്പിച്ചത്. പാറ്റൂരിലെ ആക്രമണത്തിന് കാരണം വിഴിഞ്ഞം ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ മറവിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. ആനയറയ്ക്ക് അടുത്തൊരു സ്ഥലക്കച്ചവടത്തില്‍ ഓംപ്രാശിന് കോടികള്‍ കമ്മീഷന്‍ കിട്ടിയെന്നും സൂചനയുണ്ട്. എന്നാല്‍ വന്‍മുതലാളിയില്‍ നിന്നും കമ്മീഷന്‍ വാങ്ങിയതു കൊണ്ട് തന്നെ ഈ അന്വേഷണവും നടക്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
എയര്‍പോര്‍ട്ട് ഡാനി എന്ന സ്റ്റെഫാനും വലിയ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളുള്ളയാളാണ്. സ്റ്റെഫാന് ഡിവൈഎഫ്‌ഐയില്‍ പദവികളുണ്ടെന്ന് ആരോപണം നേരത്തേ തന്നെയുള്ളതാണ്. കോവിഡ് കാലത്ത് ഡാനിയും സംഘവും ചേര്‍ന്ന് കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ ഡാനിയെയും സംഘത്തെയും രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം ശ്രമം നടത്തിയെന്നും എന്നാല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ശക്തമായ നിലപാടെടുത്തതോടെ അവര്‍ പിന്‍വലിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഡാനിക്കു വേണ്ടി പിന്നീട് ശ്രമം നടന്നത് പൊലീസിന്റെ ഉന്നതങ്ങളില്‍ നിന്നായിരുന്നു. എയര്‍പോര്‍ട്ട് സാജന്‍ എന്ന ബിസിനസ്സുകാരന്റെ മകനാണ് ഡാനി എന്ന സ്റ്റെഫാന്‍. എയര്‍പോര്‍ട്ട് സാജനും തലസ്ഥാനത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്. മുമ്പും നിരവധി കേസുകളില്‍ പ്രതിയായ ഡാനിയുടെ ആക്ര,മണങ്ങളെല്ലാം സംഘം ചേര്‍ന്നാണ്. പിതാവിന്റെ ശക്തമായ പാര്‍ട്ടി ബന്ധങ്ങളാണ് പൊലീസുകാരെവരെ സംഘം ചേര്‍ന്ന് കേറിത്തല്ലാന്‍ ഇയാള്‍ക്ക് ബലം നല്‍കുന്നത്. തീരദേശം കേന്ദ്രീകരിച്ച് സമാന്തരഭരണം തന്നെയാണ് ഇവര്‍ നടത്തുന്നത്. വിയോജിപ്പുള്ള പാര്‍ട്ടി നേതാക്കള്‍ക്കും ഇയാളെ അനുസരിക്കാതെ പ്രദേശത്ത് കഴിഞ്ഞുകൂടാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. നഗരത്തിലാണ് ഓംപ്രകാശിന്റെ കരുത്ത്. ഓംപ്രകാശിനും സിപിഎം ബന്ധങ്ങളുണ്ട്.
പോള്‍ ജോര്‍ജ് വധം ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. 1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാട് തുടങ്ങി ഇരുപതിലേറെ കേസുകളിലും പ്രതിയാണ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശിനെ രണ്ടു മാസംമുമ്പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും കസ്റ്റഡിയിലെടുത്തിരുന്നു. പല സാമ്പത്തിക ഇടപാടും കരാറുമായി കേരളത്തിലും ഗോവയിലും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കൊച്ചിയിലെ ഓംപ്രകാശിന്റെ അറസ്റ്റും ഡിജെ പാര്‍ട്ടിയും സിനിമാക്കാരെ പോലും പ്രതിക്കൂട്ടിലാക്കിയിരുന്നു. സാജന്റെ ഗുണ്ടാ സംഘവും ഓംപ്രകാശിന്റെ ഗുണ്ടാസംഘവും തമ്മില്‍ ഈയിടെ വലിയ സംഘര്‍ഷവും തലസ്ഥാനത്ത് നടന്നിരുന്നു. ഓംപ്രകാശ് തലസ്ഥാനത്ത് നിരന്തരമായി ഗുണ്ടാവിളയാട്ടം നടത്തുമ്പോഴും പൊലീസിന് ഇവരെ പിടിക്കാന്‍ സാധിക്കാറില്ല. സാജനെപ്പോലെ വലിയ രാഷ്ട്രീയ-പൊലീസ് ബന്ധങ്ങളുള്ളയാളാണ് ഓംപ്രകാശും. തലസ്ഥാനത്തെ മറ്റൊരു ഗുണ്ടയായ മുട്ടട നിധീഷിന്റെ സംഘവുമായി ഓംപ്രകാശ് സംഘം നടത്തിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് ഏറെ വിവാദത്തിലായി. ഇതില്‍ നിധീഷിനൊപ്പമായിരുന്നു ഏയര്‍പോര്‍ട്ട് സാജന്‍. എയര്‍പോര്‍ട്ട് ഡാനി രാജ്യം വിട്ടതും ഇതിനിടെ ചര്‍ച്ചയായി.
ആദ്യത്തെ പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ആദ്യമെടുത്ത നടപടികളിലൊന്ന് തലസ്ഥാനത്തെ ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയായിരുന്നു. നിരവധി പേരെ ഈ നടപടിയുടെ ഭാഗമായി കരുതല്‍ തടങ്കലിലേക്ക് മാറ്റി. എന്നാല്‍ ഈ നടപടികളെയെല്ലാം നിഷ്ഫലമാക്കി തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടങ്ങള്‍ തുടങ്ങി. കോവിഡ് കാലത്തിനു പിന്നാലെ ഗുണ്ടകളുടെ അക്രമങ്ങള്‍ രൂക്ഷമായപ്പോള്‍ സംസ്ഥാന പൊലീസ് ഓപ്പറേഷന്‍ കാവല്‍ എന്ന ദൗത്യം ആരംഭിച്ചു. ഇതുപ്രകാരം വീണ്ടും കരുതല്‍ തടങ്കല്‍ നടപടികളാരംഭിച്ചു. പക്ഷേ എല്ലാം നിലച്ചു. ഓംപ്രകാശ് പ്രതിയായ കൊച്ചി ലഹരിക്കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ പോലീസ് നടത്തിയിരുന്നു. ലഹരി ഇടപാടുകളുടെ ഫണ്ടര്‍ കൊല്ലം സ്വദേശി ഷിഹാസാണെന്നാണു കണ്ടെത്തല്‍. അന്വേഷണം ഉന്നത പോലീസുദ്യോഗസ്ഥനിലേക്കും നീളുന്നതായാണു സൂചന. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ വിട്ടുകിട്ടാന്‍ ഈ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ്, ഇയാളുടെ ഹോട്ടല്‍മുറിയില്‍ നടന്നതു ലഹരിപ്പാര്‍ട്ടിയെന്ന് ഉറപ്പിച്ചിരുന്നു. ഓം പ്രകാശിന്റെ മുറിയിലെത്തിയ മുഴുവന്‍ ആളുകളെയും ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
ഈ കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമടക്കം 20 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരെല്ലാവരും സത്കാരത്തിനിടെ ഓംപ്രകാശിന്റെ മുറിയിലെത്തിയതായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘത്തിന് മുറിയില്‍ ലഹരിപ്പാര്‍ട്ടി നടന്നതായി ഉറപ്പിക്കാന്‍ കഴിഞ്ഞു. ചിലരുടെ മുടിയും നഖവും പോലീസ് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിക്കുന്നതോടെ കൂടുതല്‍ നടപടികളിലേക്കു കടക്കും. ഒക്ടോബര്‍ ആറിനാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓം പ്രകാശിനെ പിടികൂടിയത്. നാലു ലിറ്റര്‍ വിദേശമദ്യവും കൊക്കെയിന്‍ പൗഡറും ഇവിടെനിന്നു കൊച്ചി ഡാന്‍സാഫ് ടീമും മരട് പോലീസും ചേര്‍ന്നു പിടിച്ചെടുത്തിരുന്നു. ഓംപ്രകാശിന്റെ ജാമ്യം റദ്ദുചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണു മരട് പോലീസ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ ഡിജെ പാര്‍ട്ടിയിലെ സംഘര്‍ഷം എത്തുന്നത്.രണ്ടുമാസം മുമ്പ് കൊച്ചിയില്‍ ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു.