ഒടയന്‍ചാലിലെ ആ പമ്പിന് ലൈസന്‍സ് ഇല്ല; രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ; അഴിമതി കുരുക്കില്‍ മറ്റൊരു എഡിഎമ്മിനേയും കുടുക്കാന്‍ ശ്രമിച്ച വിരുതന്‍; ദിവ്യാ കേസിലെ ഞെട്ടിക്കുന്ന തെളിവുകള്‍ മറുനാടന്; പ്രശാന്തിന്റെ അളിയന്‍ ജഗജില്ലി; എകെ രജീഷിന് പിന്നിലും വമ്പന്‍ സ്രാവുകള്‍
കോഴിക്കോട്: ആര്‍ഡിഒ നവീന്‍ ബാബുവിന്റെ മരണവുമായി പുറത്തു വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പു കഥകള്‍. ബിനാമി ഇടപാടുകളാണ് നവീന്‍ ബാബുവിന്റെ മരണത്തിന് ഇടയാക്കിയതെന്നും വ്യക്തം. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് പുറത്തു വന്നത് പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ ടിവി പ്രശാന്തനാണ്. ഈ പ്രശാന്തനെ എകെ രജീഷ് എന്ന ആളിന്റെ ബിനാമിയാക്കാനും ശ്രമം നടന്നു. പ്രശാന്തിന്റെ ഭാര്യാ സഹോദരനായ രജീഷിന് കാസര്‍ഗോഡ് പമ്പുണ്ടെന്നും ഇയാളാണ് ചെങ്ങളായിയിലെ പമ്പിന് പിന്നിലെന്നും വരുത്താനാണ് നീക്കം. അതിനിടെ രജീഷിന് ഉന്നത സിപിഎം ബന്ധങ്ങളുണ്ട്. ജഗജില്ലിയാണ് ഇയാള്‍. മറ്റൊരു എഡിഎമ്മിനേയും കള്ളപരാതി കൊടുത്ത് ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ച ജഗജില്ലി. ഇതിനെല്ലാം പുറമേ രണ്ടരക്കൊല്ലമായി പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാതെ കാസര്‍ഗോഡ് പമ്പ് നടത്തുന്ന വിരുതനുമാണ്. ഒടയന്‍ചാലിലെ പമ്പിന്റെ ഗുണനിലവാരത്തില്‍ നിരവധി പരാതികളും ഉയര്‍ന്നു. ഇതൊന്നും കാര്യമാക്കാതെ മുമ്പോട്ട് പോകാനുള്ള കരുത്ത് രജീഷിനുണ്ട്. ഇതിന് പിന്നിലും ചെങ്ങളായിയിലെ ബിനാമി മാഫിയയുടെ കരുത്താണെന്നതാണ് വസ്തുത.
കാഞ്ഞങ്ങാട് പാണത്തൂര്‍ ദേശീയപാതയിലെ ഒടയന്‍ചാലിലാണ് രജീഷിന്റെ പമ്പ്. ഈ പമ്പിനുള്ള പഞ്ചായത്ത് ലൈസന്‍സ് 2022 മാര്‍ച്ചില്‍ തീര്‍ന്നു. അതിന് ശേഷം ലൈസന്‍സിനും അപേക്ഷ നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി പരാതികളും ഈ പമ്പിനെതിരെ ഉയര്‍ന്നിട്ടുണ്ട്. വിവാദങ്ങളെ തുടര്‍ന്ന് ഈ പമ്പിനെ കുറിച്ച് പോലീസും അന്വേഷണം നടത്തി. അടിസ്ഥാന സൗകര്യമായ വൃത്തിയുള്ള ടോയിലിറ്റ് പോലുമില്ലാത്ത പമ്പാണിതത്രേ. ലൈസന്‍സിന് അപേക്ഷിക്കുക പോലും ചെയ്യാതെ പമ്പ് നടത്താനുള്ള ആത്മവിശ്വാസം രജീഷിനുണ്ട്. രജീഷിന്റെ അമ്മയും സിപിഎം പോഷക സംഘടനയില്‍ സജീവമാണ്. സിപിഎം സെക്രട്ടറി എംവി ഗോവിന്ദനുമായുള്ള അടുപ്പം വീമ്പു പറയുന്ന വ്യക്തിയുമാണ് രജീഷ്. അത്തരമൊരു വ്യക്തിയാണ് കണ്ണൂരിലെ എഡിഎമ്മിനെ അഴിമതിക്കാരന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. നിയമപ്രകാരം പോകുന്ന ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കുന്നത് ഈ സംഘത്തിന്റെ പതിവ് രീതിയാണ്. ഒടയന്‍ചാലിലെ പെട്രോളിന്റെ ഗുണ നിലവാരം അടക്കം പലരും സംശയത്തിലാക്കിയിട്ടുണ്ട്. ഈ പമ്പിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു പമ്പില്ല. അതുകൊണ്ട് തന്നെ ഈ പരിസരത്തുള്ളവരുടെ ഏക ആശ്രമയാണ് പമ്പ്. ഇത് മുതലെടുത്താണ് അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെയുള്ള പ്രവര്‍ത്തനം.
ഈ പമ്പിന്റെ പത്ത് കിലോമീറ്റര്‍ അകലെ മറ്റൊരു പമ്പിന് അപേക്ഷ എത്തിയിരുന്നു. ഇതിന് അനുമതി നല്‍കാന്‍ കാസര്‍ഗോഡ് എഡിഎമ്മായിരിക്കെ ദേവിദാസ് ശ്രമിച്ചു. ഇതോടെ ദേവീദാസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പരാതികള്‍ നല്‍കി. ആ പെട്രോള്‍ പമ്പിന്റെ മുന്‍ വശത്തെ ഭൂമിയില്‍ സംശയങ്ങളുയര്‍ത്തി. ദേവിദാസിന് ഐഎഎസ് കിട്ടുന്നത് വൈകിപ്പിക്കുകയും ലക്ഷ്യമായിരുന്നു. എല്ലാ സര്‍ക്കാര്‍ അന്വേഷണങ്ങളേയും അതിജീവിച്ച് ദേവിദാസ് ഐഎഎസും നേടിയെന്നതാണ് പിന്‍കാല ചരിത്രം. ഹൈക്കോടതിയില്‍ നിന്നടക്കം അനുകൂല വിധിയും രക്ഷയായി. അങ്ങനെ പെട്രോള്‍ പമ്പിന് അനുമതി കൊടുക്കാന്‍ എന്‍ ഒ സി നല്‍കിയ ആര്‍ ഡി ഒയെ കുടുക്കാന്‍ ശ്രമിച്ച ചരിത്രം രജീഷിനുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കണ്ണൂരില്‍ നവീന്‍ ബാബുവിനെതിരേയും നടന്നത്. അത് പക്ഷേ ദുരന്തമാകുകയും ചെയ്തു. ദേവീദാസിനെ അപമാനിക്കാന്‍ അന്നൊരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുണ്ടായില്ല. അതുകൊണ്ട് തന്നെ പൊതുവേദിയില്‍ അപമാനം നേരിടേണ്ടിയും വന്നില്ല. എന്നാല്‍ നവീന്‍ ബാബുവിനെ യാത്ര അയപ്പ് ചടങ്ങില്‍ അപമാനിക്കാന്‍ പിപി ദിവ്യയെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തി. അഹങ്കാര വീഡിയോ റിക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതോടെ നവീന്‍ ബാബു മരണ വഴിയില്‍ പോവുകയും ചെയ്തു. അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇനിയും ആര്‍ക്കും ഉറപ്പിക്കാനും കഴിയുന്നില്ല.
രജീഷിന്റേത് എകെ ഗ്രൂപ്പാണ്. അടക്കാത്ത് അടക്കാത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പൂര്‍ണ്ണ പേര്. കുടുംബ പേര് ചേര്‍ത്തുള്ള സ്ഥാപനം. ഈ സ്ഥാപനം കേന്ദ്ര സര്‍ക്കാരില്‍ നിന്നും മുദ്രാ ലോണും എടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും കുറ്റപ്പെടുത്തുകയും മുദ്രാ ലോണിനെ അടക്കം വിമര്‍ശിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎം. എന്നാല്‍ പത്ത് ലക്ഷത്തിന്റെ പലിശ രഹിത മുദ്രാ ലോണ്‍ എടുക്കാന്‍ സിപിഎം ബന്ധം വീമ്പു പറയുന്ന രജീഷിന് പ്രശ്‌നവുമാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കേണ്ട പെട്രോള്‍ പമ്പുകള്‍ കണ്ണൂരിലും കാസര്‍ഗോഡും നിയമവിരുദ്ധമായി സിപിഎം അനുകൂലികള്‍ നേടുന്നതിന്റെ നേര്‍ ചിത്രമാണ് ഒടയന്‍ചാലിലെ രജീഷിന്റെ പമ്പ്. ഇങ്ങനൊരു പമ്പുടമയാണ് ചെങ്ങളായിയിലെ പമ്പിന് പിന്നില്‍ പ്രശാന്തിന് പ്രചോദനമായതെന്നാണ് വാദം. പിപി ദിവ്യയുടെ മുന്‍കൂര്‍ജാമ്യ വാദത്തിനിടെ അഭിഭാഷകരും ഇതെല്ലാം കോടതിയില്‍ പറഞ്ഞുവെന്നതാണ് വസ്തുത. ഇതോടെയാണ് രജീഷിലേക്ക് ശ്രദ്ധയെത്തുന്നത്.
രജീഷ് എന്ന ജഗജില്ലി...പ്രശാന്തിന്റെ അളിയന്റെ പമ്പിന് ലൈസന്‍സേയില്ല:ഈ ഞെട്ടിക്കുന്ന വാര്‍ത്തയുടെ വിശദ വീഡിയോ റിപ്പോര്‍ട്ട് ചുവടെ
ഒടയന്‍ചാലിലെ പമ്പിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും ആരോപണമുണ്ട്. ഈ പമ്പ് ഇടയ്‌ക്കെല്ലാം അടച്ചിടും. ഇതോടെ ഈ പ്രദേശത്തുള്ളവര്‍ ദുരിതത്തിലാകും. പത്ത് കിലോമീറ്റര്‍ പോയാല്‍ മാത്രമേ മറ്റൊരു പമ്പ് ഈ മലയോര പ്രദേശത്തുള്ളൂ. പമ്പ് അടച്ചിടുന്നതിന് കാരണം പൈപ്പിലെ പ്രശ്‌നങ്ങളാണെന്നും പറയുന്നുണ്ട്. ഇതിനെ കുറിച്ചുള്ള പരാതികളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പക്ഷേ രജീഷിന്റെ സിപിഎം ബന്ധം കാരണം ആര്‍ക്കും നടപടി എടുക്കാന്‍ കഴിയുന്നുമില്ല. കണ്ണൂരിലെ നേതാക്കളുമായുള്ള അടത്ത ബന്ധവും ഇതിനെല്ലാം കാരണമാണ്. ചെങ്ങളായി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക മാഫിയയിലെ പ്രധാന കണ്ണികളിലേക്ക് അന്വേഷണമെത്തിയാല്‍ പമ്പിന് പിന്നിലെ വസ്തുതയെല്ലാം പുറത്തേക്ക് വരും.
എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനും ആരോഗ്യവകുപ്പ് ജീവനക്കാരനുമായ ടി.വി. പ്രശാന്ത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ എത്തി. ആരോഗ്യസെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതോടെ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എഡിഎമ്മിന്റെ മരണശേഷം ദിവസങ്ങള്‍ പ്രശാന്തിനെ സംരക്ഷിച്ച ശേഷമാണ് പേരിനുളള നടപടി വരുന്നത്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ ടി വി പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. ആരോഗ്യ സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. പമ്പ് തുടങ്ങാന്‍ അനുമതി തേടിയിട്ടില്ല.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചു. പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തളളിയ അന്വേഷണ സംഘം വകുപ്പു തല നടപടിക്കും ശുപാര്‍ശ നല്കി. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ പ്രശാന്തിനെങ്ങനെ പെട്രോള്‍ പമ്പ് തുടങ്ങാനാകുമെന്ന ചോദ്യമുയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുന്നതുപോലും. പമ്പ് തുടങ്ങാന്‍ അനുമതി തേടിയെന്നും എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്കിയെന്നും പരസ്യമായി വെളിപ്പെടുത്തിയ പ്രശാന്ത് ചട്ടം ലംഘിച്ചോയെന്ന് അറിയാന്‍ അന്വേഷണ സംഘം കണ്ണൂര് വരെ പോകേണ്ടി വന്നു. പ്രശാന്ത് താല്ക്കാലിക ജീവനക്കാരനാണോ എന്നതിന് പോലും ആരോഗ്യവകുപ്പിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പ്രശാന്തിനെതിരെ നപടിയെടുത്ത് തടിയൂരാനുളള ശ്രമം.
പ്രശാന്തിനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലെ സ്ഥിരപ്പെടുത്താനുളള ജീവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളായതിനാല്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടിയെടുക്കാനാണ് നീക്കം അതേസമയം പ്രശാന്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.