'ജനപ്രതിനിധി അല്ലെങ്കില്‍ ഞാനൊരു പോലീസുകാരി ആയേനേ..! ഡെപ്യൂട്ടി മേയറാകുമ്പോള്‍ ആശാനാഥിന് ലക്ഷ്യം തലസ്ഥാനത്തെ വലയ്ക്കുന്ന ആ രണ്ട് കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍; പദവി പ്രശ്‌നമല്ല, ജനങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള കാര്യത്തിന് എവിടെ വേണമെങ്കിലും സമരം ചെയ്യാന്‍ റെഡിയെന്ന് ഡെപ്യൂട്ടി മേയര്‍ മറുനാടനോട്

'ജനപ്രതിനിധി അല്ലെങ്കില്‍ ഞാനൊരു പോലീസുകാരി ആയേനേ..!

Update: 2025-12-26 15:52 GMT

തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഡെപ്യൂട്ടി മേയര്‍ കസേരയിലേക്ക് പാര്‍ട്ടിയിലെ കഠിനാധ്വാനം കൊണ്ടാണ് ആശ നാഥ് എത്തുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായാണ് ആശ നാഥ് രാഷ്ട്രീയ വഴിയിലേക്ക് എത്തുന്നത്. അവിടെ ജനങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതോടെ പാര്‍ട്ടി അവര്‍ക്ക് അര്‍ഹിക്കുന്ന പദവിയും നല്‍കി. താന്‍ ജനപ്രതിനിധി ആയില്ലെങ്കില്‍ കാക്കി യൂണിഫോമിനെ പ്രണയിച്ച, തോക്കേന്താന്‍ ആഗ്രഹിച്ച ഒരു പോലീസുകാരിയാണ് തന്നിലെന്ന് തുറന്നു പറയുകയാണ് ആശാനാഥ്. മറുനാടന്‍ മലയാളിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ സ്വപ്നങ്ങളെക്കുറിച്ചും നഗരസഭയിലെ വരാനിരിക്കുന്ന കര്‍മ്മപദ്ധതികളെക്കുറിച്ചും അവര്‍ മനസ്സ് തുറന്നത്.

പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകളിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ആശാനാഥ് ഇന്ന് കേരള പോലീസിലെയോ സി.എസ്.എഫിലെയോ മിടുക്കിയായ ഒരു ഓഫീസര്‍ ആയേനെ. വെറുതെ പറയുന്നതല്ല, സി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയിലും കേരള പോലീസിന്റെ എസ്.ഐ ലിസ്റ്റിലും അവര്‍ ഇടംപിടിച്ചിരുന്നു. അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് ഫോഴ്‌സിലേക്ക് പോകാനായിരുന്നു താല്‍പ്പര്യമെങ്കിലും നിയോഗം ജനപ്രതിനിധിയാകാനായിരുന്നു.

'ജനപ്രതിനിധി ആയിരുന്നില്ലെങ്കില്‍ ഞാന്‍ ഉറപ്പായും പോലീസ് ഫോഴ്‌സില്‍ ഉണ്ടായേനെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീല്‍ഡ് അതാണ്.' - ആശാനാഥ് പറയുന്നു. ഇപ്പോള്‍ ഡെപ്യൂട്ടി മേയര്‍ പദവിയില്‍ എത്തിയതോടെ അവര്‍ ലക്ഷ്യം വെക്കുന്നത് തലസ്ഥാനത്തെ രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതിനാണ്. മാലിന്യവും തെരുവ് നായ് വിഷയവുമാണ് ഇത്.

നഗരസഭയുടെ പടികയറുമ്പോള്‍ ഡെപ്യൂട്ടി മേയര്‍ക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജനം തനിക്ക് മുന്നില്‍ വെച്ച പ്രധാന പരാതികള്‍ തന്നെയാകും തന്റെ മുന്‍ഗണനയെന്ന് അവര്‍ വ്യക്തമാക്കുന്നു: മാലിന്യ നിര്‍മ്മാര്‍ജ്ജനം തിരുവനന്തപുരം നഗരത്തില്‍ ഇപ്പോഴും ഒരു വിപത്തു തന്നെയാണ്. നഗരം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ശാസ്ത്രീയമായി പരിഹരിക്കുക എന്നതിനാകും പരിഗണന നല്‍കുക. കാല്‍നടയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും പേടിസ്വപ്നമായ തെരുവ് നായ്ക്കളുടെ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണാന്‍ ശ്രമം ഉണ്ടാകും.


Full View

തലസ്ഥാനത്തെ സമര മുഖങ്ങളില്‍ സജീവമായ ആശ തന്റെ പദവികള്‍ മാറിയാലും തന്റെ പോരാട്ട വീര്യത്തിന് കുറവുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു. യുവമോര്‍ച്ചയുടെയും ബിജെപിയുടെയും സമരമുഖങ്ങളില്‍ കണ്ട ആ പഴയ പോരാളിയെ ഇനിയും കാണാം. 'നഗരസഭയ്ക്ക് അകത്ത് മാത്രമല്ല, ജനങ്ങള്‍ക്ക് വേണ്ടി എവിടെ വേണമെങ്കിലും സമരം ചെയ്യും. അവരോടൊപ്പം നില്‍ക്കുന്ന ഒരാളായിരിക്കും ഞാന്‍ ഇനിയും,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. കൗണ്‍സിലര്‍മാരുടെ യോഗത്തിന് എത്തിയപ്പോഴാണ് പാര്‍ട്ടി ഈ വലിയ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ച വിവരം അറിയുന്നത്. മുന്‍ഗാമികളുടെ ദാഷ്ട്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, പഴയ കാര്യങ്ങളെ താരതമ്യം ചെയ്യാനില്ലെന്നും എല്ലാവരെയും ഒരുപോലെ കണ്ട് മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ മറുപടി നല്‍കി.

2017ല്‍ അമ്മാവന്റെ അപ്രതീക്ഷിത വിയോഗമാണ് ഡിഗ്രിക്കാരിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം നഗരസഭയിലെ പാപ്പനംകോട് വാര്‍ഡിന്റെ കൗണ്‍സിലറാക്കിയത്. എന്നാല്‍ എട്ടുവര്‍ഷത്തിനിപ്പുറം അതേ നഗരസഭയിലെ ഉപാധ്യക്ഷയെന്ന

ചരിത്രനേട്ടമാണ് ആശയ്ക്ക് കൈവന്നത്. കരുമത്ത് ആയിരത്തിലധികം വോട്ടിനാണ് ആശയുടെ വിജയം.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാപ്പനംകോട് മണ്ഡലത്തില്‍ വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രന്‍ ഷോക്കേറ്റു മരിച്ചതിനെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി ആശാ നാഥിനെ കളത്തിലിറക്കിയത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആശയെ 2020ലും മണ്ഡലം ചേര്‍ത്തുനിര്‍ത്തി. ഇത്തവണ പാപ്പനംകോട് വിഭജിച്ച് കരുമം വാര്‍ഡ് രൂപപ്പെട്ടപ്പോഴും ആശയെ തന്നെ ബിജെപി സ്ഥാനാര്‍ഥിയാക്കി. പാര്‍ട്ടിയുടെ ആ വിശ്വാസം കാത്ത് മൂന്നാം വട്ടവും കൗണ്‍സിലിലേക്ക് എത്തിയതോടെ ഡെപ്യൂട്ടി മേയര്‍ കസേരയും ആശയ്ക്കു സ്വന്തം.

പ്രതിപക്ഷത്തിരിക്കെ കോര്‍പറേഷന്‍ ഭരണത്തിനെതിരെ ബിജെപി നടത്തിയ എല്ലാ സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ആശ. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മത്സരിച്ച ആശ 30,986 വോട്ട് നേടിയിരുന്നു.

Tags:    

Similar News