'ഞങ്ങള്‍ ചെണ്ടയാകാം പക്ഷേ മാരാര്‍ ശത്രുക്കളാകരുത്; വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയി; ഒരുകാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര്‍ സ്വയം തിരുത്തുന്നത് നന്നായിരിക്കും; അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും'; തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

Update: 2026-03-17 17:16 GMT

തിരുവനന്തപുരം: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കുവാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. എതിര്‍പ്പറിയിച്ച് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനും സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടും രംഗത്ത് വന്നു. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് പിന്തുണയ്ക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുതെന്നാണ് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുതെന്നും എന്നും എത്ര അവഗണിച്ചാലും എന്നും പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരുമെന്നും വിജില്‍ കുറിച്ചു.

ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത് എന്ന് കുറിച്ചാണ് വിജിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 'പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാളികള്‍ വേണം. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്' വിജില്‍ കുറിച്ചു.

'അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവര്‍ണ്ണകൊടി ഇടനെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരും' എന്നും വിജില്‍ കൂട്ടിച്ചേര്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും കൊടുങ്ങല്ലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഒ.ജെ.ജനീഷിനെയും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെയും ടാഗ് ചെയ്തിട്ടാണ് വിജിലിന്റെ പോസ്റ്റ്.

തളിപ്പറമ്പിലേയും പയ്യന്നൂരിലേയും വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയെന്ന് രാഹുല്‍ വെച്ചിയോട്ട് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര്‍ സ്വയം തിരുത്തുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ വെച്ചിയോട്ടിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

നേതാക്കളെ.....

തളിപ്പറമ്പിലേയും പയ്യന്നൂരിലേയും ഈ വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയി . പറയാതിരിക്കാന്‍ കഴിയില്ല . പാര്‍ട്ടിക്കുവേണ്ടി തല്ലുകൊണ്ടവരും വെയില് കൊണ്ടവരും പോസ്റ്റ്ര്‍ ഒട്ടിച്ചവനും അഹോരാത്രം പണിയെടുത്തവരും എല്ലാം കോണ്‍ഗ്രസ് എന്ന ഒറ്റ വികാരം മനസ്സില്‍ കൊണ്ടുനടന്നവരാണ് . മറുകണ്ടം ചാടി വരുന്നവര്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭക്തരാണ് -പിണറായി ഭക്തരാണ് . ഒരുകാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര്‍ സ്വയം തിരുത്തുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും

വിജില്‍ മോഹനന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത്!

പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാളികള്‍ വേണം.

ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്.

അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവര്‍ണ്ണകൊടി ഇടനെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരും

സിപിഎമ്മിന് അകത്തെ ഭിന്നതയെ പ്രതീക്ഷയോടെ തന്നെയാണ് കോണ്‍ഗ്രസ് നോക്കുന്നത്. ഈ അവസരം പരമാവധി മുതലെടുക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ട് തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ഥി പി.കെ.ശ്യാമളയ്‌ക്കെതിരെ മല്‍സരിക്കുന്ന സിപിഎം പുറത്താക്കിയ കണ്ണൂരിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.കെ.ഗോവിന്ദനെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കാനാണ് സാധ്യത.

അതേസമയം, പയ്യന്നൂരില്‍ സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണനെയും കോണ്‍ഗ്രസ് പിന്തുണച്ചേക്കും. പയ്യന്നൂരില്‍ ആര്‍ എസ് പി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. അമ്പലപ്പുഴയില്‍ ജി.സുധാകരനെ പിന്തുണയ്ക്കുമെന്നതും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നിടത്തും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.

Tags:    

Similar News