ക്രഷര്‍ നടത്താനെന്ന പേരില്‍ ലീസിനെടുത്ത സ്ഥലം തട്ടിയെടുത്തത് ബന്ധു നൗഷാദ്; അഞ്ചുതവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരായില്ല; ഭൂമി തട്ടിപ്പുകേസില്‍ മുന്‍ മന്ത്രി എളമരം കരീമിന് അറസ്റ്റ് വാറണ്ട്; ഭരണത്തണലില്‍ വളര്‍ന്ന സിപിഎം ബിനാമി ഭുമികുംഭകോണം വീണ്ടും വാര്‍ത്തകളില്‍

Update: 2025-04-03 05:19 GMT

കോഴിക്കോട്: ഒരുകാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ചചെയ്ത വിഷയമായിരുന്നു, കാരശ്ശേരിയിലെ മുക്കം ക്രഷര്‍ ആന്റ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട ഭൂമി തട്ടിപ്പ്. മുന്‍ വ്യവസായമന്ത്രി മന്ത്രിയും സിപിഎം നേതാവുമായിരുന്ന എളമരം കരീമും, ബന്ധു നൗഷാദുമാണ് കേസില്‍ ആരോപിതരായത്. ഈ കേസില്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാന്‍ എളമരം കരീം തയ്യാറായില്ല. തുടര്‍ന്നാണ് താമരശ്ശേരി കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് സിപിഎം നേതാവ്.

2009 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രഷര്‍ നടത്താനെന്ന പേരില്‍ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് സ്ഥലം ലീസിന് എടുക്കുകയും പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് നികുതി അടച്ച് സ്ഥലം കൈക്കലാക്കിയെന്നുമാണ് പരാതി. എളമരം കരീമാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നും ക്വാറി തുടങ്ങുകയോ പണം നല്‍കുകയോ ചെയ്തില്ലെന്നും പരാതിക്കാര്‍ പറയുന്നു.

2013-ല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഭൂമിനഷ്ടപ്പെട്ടവര്‍ പരാതി നല്‍കുകയും 2015-ല്‍ ക്രൈംബ്രാഞ്ച് പരാതിയില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസ് എഴുതി തള്ളാന്‍ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തതോടെ ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവര്‍ കോടതിയെ സമീക്കുകയായിരുന്നു. അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

നൗഷാദ് ആരുടെ ബിനാമി?

കോഴിക്കോട് സിപിഎമ്മിലും എളമരം കരീമിന്റെ പേരില്‍ നൗഷാദ് തട്ടിപ്പു നടത്തുന്നുവെന്ന് പരാതിയുണ്ടായിരുന്നു. പണം നഷ്ടമായവര്‍ സംഘടിച്ച് പാര്‍ട്ടിക്ക് പരാതികൊടുത്തിട്ടും നടപടി ഉണ്ടായിരുന്നില്ല. കടലാസ് പദ്ധതികള്‍ തട്ടിക്കൂട്ടി, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് നേരത്തെതന്നെ മന്ത്രി എളമരത്തിനെതിരെ പരാതിയുണ്ടായിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു, കോഴിക്കോട് കിനാലൂരിലെ ഉപഗ്രഹ നഗരം. കിനാരൂരില്‍ ഒരു മലേഷ്യന്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ സാറ്റല്ലെറ്റ് സിറ്റി വരികയാണെന്നും അതിനായി നാലുവരിപ്പാത വേണം എന്നും ആയിരുന്ന കരീമിന്റെ വാദം. പക്ഷേ ആകെ ഇവിടെ വരുന്നത് വികെസിയുടെ ഒരു ചെരിപ്പ് കമ്പനിയാണെന്നാണ് പിന്നീട് അറിഞ്ഞത്. അങ്ങനെ സാറ്റലൈറ്റ് സിറ്റ് ചെരിപ്പ് സിറ്റി എന്ന പേരില്‍ പരിഹസിക്കപ്പെട്ടു. പക്ഷേ ആദ്യമേ നാലുവരിപ്പാത വേണം എന്നതില്‍ നിന്ന് കരീം പിന്‍മാറിയില്ല.

2010 മേയ് ആറാം തിയ്യതി നാലുവരിപ്പാതയ്ക്കായി ജന വികാരം മാനിക്കാതെ കിനാലൂരില്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ ഒന്നടങ്കം ഇതിനെതിരെ എത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു അതിനെതുടര്‍ന്ന് സമരക്കാരെ അതി ക്രൂരമായി പൊലീസ് നേരിട്ടു.സ്ത്രീകളും പിഞ്ചുകുട്ടികളും വൃദ്ധന്‍മാരുമടങ്ങുന്ന തദ്ദേശവാസികള്‍ക്കു നേരെ ഗ്രനേഡെറിയുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനു പന്നാലെ ശക്തമായ ലാത്തി ചാര്‍ജ്ജും അരങ്ങേറി. ഇതോടെ കേരളമൊന്നടങ്കം കിനാലൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രദേശത്തെ വീടുകളും അവിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും പൊലീസ് തല്ലി തകര്‍ത്തു. സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സര്‍വ്വെ നടപടി നിര്‍ത്തി വെക്കാനും പൊലീസിനെ പ്രദേശത്തുനിന്ന് പിന്‍വലിക്കാനുമുള്ള അടിയന്തിര ഉത്തരവിറക്കി.അതിനിടെ മലേഷ്യന്‍ കമ്പനി സാറ്റലൈറ്റ് സിറ്റി പദ്ധതിയില്‍നിന്ന് പിന്‍മാറിയിരുന്നു. പക്ഷേ അപ്പോഴേക്കും അവിടെയംു പരിസരങ്ങളിലും നൗഷാദ് വലിയതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നു.

ബന്ധുവായ ടി പി നൗഷാദ് കരീമിന്റെ ബിനാമിയാണെന്നാണ് ആക്ഷേപം പാര്‍ട്ടിക്ക് അകത്തുതന്നെ ഉയര്‍ന്നു. കരീ മന്ത്രിയായിരക്കേ നൂറുകണക്കിന് ഏക്കര്‍ ഭൂമിയാണ്, നൗഷാദ് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ പലയിടങ്ങളിലായി വാങ്ങിക്കൂട്ടിയിട്ടുള്ളത്. നാല്‍പതോളം സ്ഥലങ്ങളില്‍ ഇയാള്‍ക്ക് ഭൂമിയുണ്ട് എന്നാണ് ഒരു ടി വി ചാനല്‍ നടത്തിയ അന്വഷണത്തില്‍ തെളിഞ്ഞത്. മാത്രമല്ല, ഭൂവുടമകള്‍ക്ക് പറഞ്ഞ പണം നല്‍കാതെ പറ്റിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഇത്തരം നാലുകേസുകളാണ് നൗഷാദിന്റെ പേരിലുള്ളത്.

ക്വാറി- ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനെന്ന വ്യാജേന ടി പി നൗഷാദ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 55 എക്കറോളം ഭൂമി തട്ടിയെടുത്തുവെന്ന കേസ് വലിയ വാര്‍ത്തയായി. പ്രാദേശിക സി പി എം പ്രവര്‍ത്തകര്‍ വരെ തട്ടിപ്പിന് ഇരയായിട്ടും കരീമിനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. നൗഷാദിന്റെ തട്ടിപ്പില്‍ പരാതി പറയാന്‍ എത്തിയവരോട് 'ഭീഷണി എന്നോട് വേണ്ട' എന്ന് പറഞ്ഞ് തട്ടിക്കറയുകയാണ് കരീം ചെയ്തത്.

ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട അഴിമതി പണം കൊണ്ടാണ് കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ നൗഷാദ് വാങ്ങികൂട്ടിയതെന്നാണ് ആരോപണം. ഇതിന്റെ തെളിവുകള്‍ നേരത്തെ വിജിലന്‍സിന് നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷന്‍ കമറ്റി പറയുന്നത്. ചക്കിട്ടപ്പാറയിലെ വിവാദമായ ഖനനാനുമതി നല്‍കിയ പ്രദേശത്ത് എളമരം കരീം ബിനാമിയെ ഉപയോഗിച്ച് ഭൂമി വാങ്ങിയതായി നൗഷാദിന്റെ ഡ്രൈവര്‍ സുബൈറാണ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ചക്കിട്ടപ്പാറ ഖനനാനുതിക്കായി നൗഷാദ് കോഴ വാങ്ങിയതായി സുബൈര്‍ നേരത്തെ ആരോപിച്ചിരുന്നു. താനാണ് അഞ്ച് കോടി രൂപ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നിന്നും വീട്ടിലെത്തിച്ചത് എന്നും സുബൈര്‍ പറഞ്ഞിരുന്നു.കോഴയായി ലഭിച്ച പണം ഭൂമി വാങ്ങാനായി ഉപയോഗിച്ചു. ഇക്കാര്യം ബാങ്ക് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുമെന്നും സുബൈര്‍ മൊഴിയില്‍ പറഞ്ഞു. പക്ഷേ ഈ ആരോപങ്ങളൊക്കെ തുമ്പില്ലാതായി. നൗഷാദിന്റെ ഭൂമി തട്ടിപ്പിന് ഇരയായവര്‍ക്ക് ഇന്നും പണം കിട്ടിയിട്ടുമില്ല.

Tags:    

Similar News