സിഐയ്ക്കും എസ് ഐയ്ക്കും എതിരായ തെളിവുകള്‍ ഉള്ള മൊബൈല്‍; യുവതിയെ സ്വര്‍ണ്ണ മോഷണ കേസില്‍ വിളിച്ചു വരുത്തി ഫോണ്‍ പിടിച്ചു വാങ്ങി തെളിവ് ഡിലീറ്റ് ചെയ്തു; അസി കമ്മീഷണറുടെ അന്വേഷണത്തില്‍ ഫറോക്കിലെ സത്യം തെളിഞ്ഞു; വീഴ്ച സ്ഥിരീകരിച്ച് കത്തും; പേരൂര്‍ക്കടയെ തോല്‍പ്പിക്കും കോഴിക്കോടന്‍ വെര്‍ഷന്‍; ഇത് വഴി തെറ്റിയ പോലീസ്

Update: 2025-09-09 06:03 GMT

കോഴിക്കോട്: കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും ചെയ്ത എസ്.എച്ച്.ഒയും എസ്.ഐയും കുറ്റക്കാര്‍ തന്നെയാണെന്ന് സമ്മതിച്ച് ആഭ്യന്തര വകുപ്പ്. ഫറോക്ക് എസ്.എച്ച്.ഒ ടി.എസ് ശ്രീജിത്ത്, എസ്.ഐ എസ്. അനൂപ് എന്നിവര്‍ കുറ്റക്കാരാണെന്നും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കോഴിക്കോട് പോലീസ് അസിസ്റ്റന്‍്റ് കമ്മീഷണര്‍ പരാതിക്കാരിക്ക് മറുപടി നല്‍കി.

മോശമായി പെരുമാറുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങള്‍ക്കു വേണ്ടി നിയമപോരാട്ടം തുടര്‍ന്ന് യുവതി. പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് ഈ രേഖയും മറുനാടന് കിട്ടുന്നത്. ഫറോക്ക് സ്വദേശിയായ യുവാവും ഭാര്യയുമായി ഒരു കേസുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒയും എസ്.ഐയുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെ പരാതി നല്‍കാനായി സംഭാഷണങ്ങള്‍ തെളിവായി യുവതി ഫോണില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആ യുവതിയെ സ്റ്റേഷനില്‍ വിളിപ്പിച്ചു.

സ്വര്‍ണ്ണം കവര്‍ന്നത് അവരാണെന്ന തരത്തിലാണ് എസ്.എച്ച്.ഒയും എസ്.ഐയും ചോദ്യംചെയ്യല്‍ ആരംഭിച്ചത്. യാതൊരു തെളിവുമില്ലെങ്കിലും പ്രതിയാക്കുന്ന രീതിയില്‍ അധിക്ഷേപിച്ച് സംസാരിക്കുന്നതിനിടെ യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി സംഭാഷണം ഉള്‍പ്പെടെയുള്ളവ ഡിലീറ്റ് ചെയ്തു. എല്ലാ തെളിവുകളും മായ്ച്ചു കളഞ്ഞശേഷം ഫോണ്‍ തിരികെ കൊടുത്ത് പറഞ്ഞു വിടുകയായിരുന്നു. പേരുര്‍ക്കടയില്‍ ബിന്ദുവിന് നേരിട്ട കള്ളക്കളിയേക്കാള്‍ ക്രൂരമാണ് ഇത്. പേരൂര്‍ക്കടയില്‍ ബിന്ദുവിനെ മോഷണക്കാരിയാക്കാനാണ് പോലീസ് ശ്രമിച്ചത്. അവിടെ ബിന്ദുവിനെ സംശയത്തില്‍ നിര്‍ത്തിയത് പരാതിക്കാരായിരുന്നു. എന്നാല്‍ ഫറോക്കില്‍ എല്ലാം പ ാേലീസ് തിരിക്കഥയായിരുന്നു.

മോഷണക്കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവുമില്ലാതെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കുറ്റാരോപിതരെപ്പോലെ ചോദ്യം ചെയ്തത് ഗുരുതര വീഴ്ചയാണെന്നും ഫോണ്‍ പിടിച്ചുവാങ്ങിയതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതി കോഴിക്കോട് പോലീസ് അസിസ്റ്റന്‍്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അതോടൊപ്പം ഇതുസംബന്ധിച്ച് സ്റ്റേഷനിലുള്ള സി.സി ടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍്റ്് കമ്മീഷണര്‍ അന്വേഷണം നടത്തി. അതിന് ശേഷമാണ് കുറ്റസമ്മതം നടത്തുന്നത്.

ഇതോടെ തെളിവുകള്‍ ലഭിക്കുന്നതിനു മുന്‍പെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കുറ്റാരോപിതരെപ്പോലെ ചോദ്യം ചെയ്തതില്‍ എസ്.എച്ച്.ഒയ്ക്കും എസ്.ഐയ്ക്കും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന മറുപടി രേഖാമൂലം നല്‍കി. സി.സി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് യുവതി നിയമപോരാട്ടം തുടരുകയാണ്. ഇതിലും ഉടന്‍ തീരുമാനം വരും. ഇതോടെ സ്‌റ്റേഷനിലെ ഗൂഡാലോചന കൂടുതല്‍ മറനീക്കി പുറത്തു വരും.

സമാനതകളില്ലാത്ത ഗൂഡാലോചനയും ഇടപെടലുമാണ് സിഐയും എസ് ഐയും നടത്തിയത്. അതില്‍ തെളിവ് നശീകരണം അടക്കം വരുന്നുവെന്നതാണ് വസ്തുത. സിസിടിവി പരിശോധിച്ചാണ് അസി കമ്മീഷണര്‍ നിരീക്ഷണത്തില്‍ എത്തിയതെന്നാണ് സൂചന.



Tags:    

Similar News