ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരുടെ തസ്തികയ്ക്കുള്ള വിജ്ഞാപനത്തില്‍ സംവരണ വിഭാഗത്തിന് വേണ്ട ഉയരം 158 സെന്റീമീറ്റര്‍; ഈ യോഗ്യതയില്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ പാസായി അഡൈ്വസ് മെമ്മോ കിട്ടുന്നവരെ കാത്തിരിക്കുന്നത് കൊലച്ചതി; 163 സെന്റീമീറ്റര്‍ ഉയരമുണ്ടെങ്കിലേ നിങ്ങള്‍ക്ക് ജോലി തരാന്‍ കേന്ദ്രം സമ്മതം മൂളൂ! ഇനിയെങ്കിലും പാവങ്ങളെ പി എസ് സി പറ്റിക്കരുത്; പിണറായി അറിയാന്‍ ഒരു തൊഴില്‍ ചതിയുടെ കഥ

ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരുടെ തസ്തികയ്ക്കുള്ള വിജ്ഞാപനത്തില്‍ സംവരണ വിഭാഗത്തിന് വേണ്ട ഉയരം 158 സെന്റീമീറ്റര്‍

Update: 2025-01-30 07:34 GMT

തൃശൂര്‍: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ റേഞ്ച് ഫോറസ്ററ് ഓഫീസര്‍ തസ്തിതയിലേക്ക് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ത്ഥി. തൃശൂര്‍ പൊട്ടത്ത്പറമ്പില്‍ വീട്ടില്‍ പ്രസാദ് പി എസ് എന്ന യുവാവാണ് പി.എസ്.സിയുടെ നിയമനം ലഭിക്കാതായതോടെ 9 മാസത്തിലേറെയായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. സംവരണ വിഭാഗത്തിനായി നടത്തിയ പ്രത്യേക നിയമന തസ്തിതയിലാണ് പ്രസാദ് ഇടം നേടിയത്.

എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക നിയമനമായിരുന്നതിനാല്‍ ശാരീരിക അളവുകളില്‍ ഒന്നായ ഉയരത്തിലും ഇളവുകള്‍ പി.എസ്.സിയുടെ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തസ്തിതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫോറസ്ററ് ഓഫീസേഴ്‌സ് കോഴ്സും, പരിശീലനവും നടത്തണം. ഈ പരിശീലനത്തിനായി യോഗ്യത നേടാണമെങ്കില്‍ ഉദ്യോഗാര്‍ത്ഥിക്ക് 163 സെന്റിമീറ്റര്‍ ഉയരം വേണം. സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ ചട്ടപ്രകാരം നല്‍കുന്ന 5 സെന്റീമീറ്റര്‍ ഇളവ് കേന്ദ്ര നിയമത്തിത്തിലില്ലെന്ന കാരണം കാട്ടി പ്രസാദിനെ പരിശീലനത്തിനായി പരിഗണിച്ചില്ല. തുടര്‍ന്ന് പ്രസാദിന്റെ നിയമനവും പി.എസ്.സി റദ്ദാക്കി.

2019 ലാണ് കേരള ഫോറസ്ററ് വൈല്‍ഡ് ലൈഫ് റേഞ്ച് ഫോറസ്റ്റര്‍ തസ്തികയുടെ 2 ഒഴിവിലേക്ക് എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്കായി നിയമനം നടത്തുവാന്‍ (കാറ്റഗറിനമ്പര്‍ 330/2019) വിജ്ഞാപനം പുറത്ത് വിട്ടത്. ഈ തസ്തിതയിലേക്ക് അപേക്ഷിച്ചതിനെ തുടര്‍ന്ന് പ്രസാദിന്റെ കായിക, എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തി. ശേഷം പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ പ്രസാദിന് മൂന്നാം റാങ്കായിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് റാങ്ക് ലിസ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെട്ടു. എഴുത്തുപരീക്ഷയിലെ മാര്‍ക്ക് ശതമാനമാക്കി മാറ്റുന്നത് പി.എസ്.സി മാനുവലിന് വിരുദ്ധമാണ്, കൂടാതെ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഉദ്യോഗാര്‍ത്ഥികള്‍ നേടിയ യഥാര്‍ത്ഥ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം റാങ്കിംഗ് നടത്തേണ്ടത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാദ് പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസാദ് എസ്.സി/ എസ്.ടി ട്രിബ്യൂണല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിക്കാരന്റെ വാദം ശരിവെച്ച കോടതി റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാന്‍ പി.എസ്.സിയോടെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എസ്.സി/ എസ്.ടി ട്രിബ്യൂണല്‍ കോടതിയുടെ വിധിക്കെതിരെ പി.എസ്.സിയും വനംവകുപ്പും ചേര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും കേരള ഹൈക്കോടതി വസ്തുതകള്‍ മനസിലാക്കി ട്രിബ്യൂണല്‍ കോടതിയുടെ വിധിയെ ശരിവെച്ചു. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാനും ഉത്തരവിട്ടു. തുടര്‍ന്ന് പി.എസ്.സി പുനര്‍പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റില്‍ പ്രസാദിന് രണ്ടാം റാങ്കായിരുന്നു.

2024 ഫെബ്രുവരി 2നാണ് പ്രസാദിന് അഡൈ്വസ് മെമ്മോ ലഭിക്കുന്നത്. എന്നാല്‍ അഡൈ്വസ് മെമ്മോ ലഭിച്ച് 9 മാസം കഴിഞ്ഞിട്ടും തനിക്കിതുവരെ നിയമന ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. നിയമനം വൈകുന്നതിന്റെ കാരണം അന്വേഷിച്ച് തിരുവനന്തപുരത്തെ പി.എസ്.സി കാര്യാലയത്തിലും, വനം വകുപ്പ് വിഭാഗത്തിന്റെ ഓഫീസിലും കയറിയിറങ്ങിയെങ്കിലും പരാതിക്കാരന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് വിവരാവകാശ നിയമപ്രകാരം ഉദ്യോഗാര്‍ത്ഥിക്ക് കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു. ഈ തസ്തികയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്കു 18 മാസത്തെ പരിശീലനം നല്‍കുന്നത് ഡെറാഡൂണിലെ കേന്ദ്ര ഗവണ്‍മെന്റ്റ് സ്ഥാപനമായ ഫോറസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റാണ്. അവിടത്തെ നിയമപ്രകാരം ആണ്‍കുട്ടികളായ ഉദ്യോഗാര്‍ത്ഥിക്കു 163 സെന്റിമീറ്റര്‍ ഉയരം ആവശ്യമാണ് എന്നായിരുന്നു. എന്നാല്‍ പി.എസ്.സിയുടെ നോട്ടിഫിക്കേഷനില്‍ ഇതിനെപ്പറ്റി പ്രതിപാദിച്ചിരുന്നില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

18 മാസത്തെ പരിശീലനത്തിന് യോഗ്യത നേടുന്നതിനായി 163 സെന്റീമീറ്റര്‍ ഉയരമാണ് വേണ്ടിയിരുന്നത്. പ്രസാദിന് 160 സെന്റീമീറ്റര്‍ ഉയരമാണ് ഉണ്ടായിരുന്നത്. ഉദ്യോഗാര്‍ത്ഥിക്ക് ആവശ്യമായ ഉയരം ഇല്ലാത്തതിനാല്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള 18 മാസത്തെ പരിശീലനത്തിന് പ്രസാദിനെ നിയോഗിക്കുവാന്‍ സാധിക്കുകയില്ലെന്നായിരുന്നു കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്ററ് ഓഫീസര്‍ അറിയിച്ചതായും പി.എസ്.സി വിശദീകരണം നല്‍കുന്നു. ശാരീരിക അളവുകളില്‍ ഒന്നായ 'ഉയര'ത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ ചട്ടപ്രകാരം നല്‍കുന്ന 5 സെന്റീമീറ്റര്‍ ഇളവ് കേന്ദ്ര നിയമത്തിലില്ലെന്നും ഉദ്യോഗാര്‍ത്ഥിക്ക് ലഭിച്ച കത്തില്‍ പറയുന്നുണ്ട്. നിയമനം റദ്ദു ചെയ്യുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രസാദിനെ അറിയിച്ചിരുന്നു.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ നിയമങ്ങളുമായി ബന്ധപ്പെട്ട് പല പ്രതിഷേധങ്ങളും വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇവയില്‍ ഭൂരിഭാഗവും സംഘടിതമായ പ്രതിഷേധങ്ങളായിരുന്നു. പി.എസ്.സി ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്താനുള്ള സാമ്പത്തിക ശേഷി പ്രസാദിനും കുടുംബത്തിനുമില്ല. പ്രസാദും അമ്മയും സഹായം തേടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 9 മാസത്തോളമായി. അഡൈ്വസ് മെമ്മോ നല്‍കിയ ഉദ്യോഗാര്‍ത്ഥിയുടെ നിയമനം റദ്ദാക്കി പി.എസ്.സി കയ്യൊഴിഞ്ഞു. എന്നാല്‍ ജോലി ലഭിച്ചെന്ന് ഉറപ്പിച്ചിരിക്കുമ്പോള്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് യുവാവിനുണ്ടായ മാനസിക സമ്മര്‍ദങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും. വിഷയത്തില്‍ കേരള സര്‍ക്കാരും പി.എസ്.സിയും ചേര്‍ന്ന് മനിഷ്യത്വപരമായ നിലപാട് സ്വീകരിക്കുന്നത് ഒരു കുടുംബത്തിന് വലിയ ഊര്‍ജ്ജമാകും നല്‍കുന്നത്. പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന ഇത്തരം നയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് എത്ര നാള്‍ കഴിയും.

Tags:    

Similar News