പി കെ ശ്യാമളയെ പരിഗണിച്ചത് ഗോവിന്ദന്റെ ഭാര്യ എന്ന നിലയില്‍ അല്ല; വനിതാ സ്ഥാനാര്‍ഥി തളിപ്പറമ്പില്‍ വേണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേരാണ് അവരുടേത്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തി; ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയാണ്; വെള്ളാപ്പള്ളി ഉദ്ദേശിച്ചത് മുസ്ലീം ലീഗിനെ: വിവാദ വിഷയങ്ങളില്‍ മറുപടിയുമായി പിണറായി വിജയന്‍
പി കെ ശ്യാമളയെ പരിഗണിച്ചത് ഗോവിന്ദന്റെ ഭാര്യ എന്ന നിലയില്‍ അല്ല
കണ്ണൂര്‍: തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങവേ വിവാദ വിഷയങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ്ണക്കൊള്ള വിഷത്തിലും വെള്ളാപ്പള്ളി വിഷയത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളിലും മറുപടി നല്‍കി മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ വിവാദത്തില്‍ പ്രകികരിച്ച മുഖ്യമന്ത്രി പി കെ ശ്യാമളയെ പിന്തുണച്ചതില്‍ തെറ്റില്ലെന്ന് പ്രതിരിച്ചു. എം വി ഗോവിന്ദന്റെ ഭാര്യയായതുകൊണ്ടല്ല, സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ശ്യാമള സ്ഥാനാര്‍ഥിയായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ രൂക്ഷമായ എതിര്‍പ്പുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. പി കെ ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്റെ ഭാര്യയായത് കൊണ്ടല്ലെന്നും മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും ശ്യാമളയ്ക്കുണ്ടെന്നും പിണറായി വ്യക്തമാക്കി. തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം പി കെ ശ്യാമള ടീച്ചറെ നിശ്ചയിച്ചത് വലിയ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്ത് കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
'ഒരു പെട്ടെന്നുള്ള ഉയര്‍ച്ചയല്ല പി കെ ശ്യാമള ടീച്ചറുടേത്. എം വി ഗോവിന്ദന്‍ മാഷിനെ വിവാഹം ചെയ്യും മുമ്പേ പി കെ ശ്യാമള ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തകയായിരുന്നു. വിവിധ പാര്‍ട്ടി കമ്മിറ്റികളിലൂടെ വളര്‍ന്നുവന്നയാളാണ് ശ്യാമള ടീച്ചര്‍. നല്ല നിലയില്‍ തദ്ദേശ ഭരണ രംഗത്തും പി കെ ശ്യാമള പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് പ്രദേശത്ത് തന്നെയുള്ളയാണ് ശ്യാമള ടീച്ചര്‍. ആ പ്രദേശവുമായി ബന്ധപ്പെട്ടു തന്നെയാണ് അവര്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഒരു വനിതാ സ്ഥാനാര്‍ഥി തളിപ്പറമ്പില്‍ വേണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേരാണ് പി കെ ശ്യാമളയുടേത്. പി കെ ശ്യാമളയെ തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ഥിയാക്കിയതില്‍ ഒരു ഔചിത്യക്കുറവും ഇല്ല. എം വി ഗോവിന്ദന്‍ മാഷിന്റെ ഭാര്യ എന്ന നിലയ്ക്കല്ല, പി കെ ശ്യാമള എന്ന നിലയ്ക്ക് തന്നെ ഒരു വ്യക്തിത്വം അവര്‍ക്കുണ്ട്. അതിന്റെ ഭാഗമായാണ് പി കെ ശ്യാമള സ്ഥാനാര്‍ഥിയായത്. ആരുടെയെങ്കിലും ഭാര്യ എന്നുപറഞ്ഞ് ഒരു സ്ത്രീക്ക് അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിക്കുന്നത് ശരിയല്ല'- എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട എ പത്മകുമാര്‍ അടക്കമുള്ളവരെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിലും മുഖ്യമന്ത്രി പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ആളാണ് ആദ്യം ആരോപണം ഉന്നയിക്കുന്നത്. അവിടത്തെ ഒരു പീഠം കാണാനില്ലെന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. അങ്ങനെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്.
അവിടെ തന്നെ ഒരു ഗൂഢാലോചന നടന്നിരിക്കുകയാണ്. അതാണ് വളര്‍ന്ന് മറ്റു രീതിയിലേക്ക് എത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സമഗ്രമായ അന്വേഷണം നടക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ആ അന്വേഷണത്തിന്റെ ഉത്തരവാദിത്തം കോടതി തന്നെ ഏറ്റെടുത്തു. സര്‍ക്കാരും കോടതിയുടെ അഭിപ്രായത്തോട് അനുകൂലിച്ചു. അങ്ങനെയാണ് എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തുന്നത്. അതിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി. സര്‍ക്കാര്‍ ഇടപെട്ട് എസ്‌ഐടിയെ നിയന്ത്രിക്കുന്നവെന്ന സംശയമുണ്ടായി. ബാഹ്യശക്തികള്‍ ഇടപെടുന്നില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു.
കുറ്റപത്രം വന്നശേഷം പാര്‍ട്ടിയിലുള്ളവര്‍ക്കെതിരായ നടപടികളിലേക്ക് കടക്കാമെന്നയായിരുന്നു കരുതിയിരുന്നത്. ജയിലിലായ ഘട്ടത്തില്‍ നടപടികളിലേക്ക് പോയില്ല. അവരുടെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം വിശദീകരണം തേടുകയും പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കും. നടപടിയെടുക്കുന്നതിന് കാര്യങ്ങള്‍ കൃത്യമായി മനസിലാക്കണം. അവരെ കേള്‍ക്കണം. ഇപ്പോള്‍ ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടത്തിയ വിവാദ പരാമര്‍ശം മുസ്ലീം സമുദായത്തിനെയല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനെതിരെയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വര്‍ഗീയ പരാമര്‍ശത്തില്‍ വെളളപ്പള്ളി വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രതകിരച്ചത്. മുസ്ലീം സമുദായത്തിനെയല്ല മുസ്ലീം ലീഗിനെതിരെയാണ് വെള്ളാപ്പളിയുടെ പരാമര്‍ശമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മുസ്ലീം ലീഗിനെതിരെ നിരന്തരമായ പരാമര്‍ശങ്ങള് വെള്ളാപ്പള്ളി നടേശന്‍ നടത്തിയിട്ടുണ്ട്. ഇതിന് ശേഷം ആഗോള അയ്യപ്പ സമ്മേളനത്തില്‍ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ കയറ്റിയതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രൊഡക്ഷന്‍ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും ഇളവ് അനുവദിച്ചതിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അത് പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ജനങ്ങള്‍ നല്ലത് പോലെ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാറ്റിക്കളഞ്ഞുവെന്ന തോന്നല്‍ വേണ്ടെന്ന് കരുതിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്.
അതത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ചുള്ളതാണ് സ്ഥാനാര്‍ത്ഥികളെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി സിറ്റിങ് എംഎല്‍എമാരില്‍ പലര്‍ക്കും മൂന്നാം തവണയും അവസരം നല്‍കാന്‍ കാരണം മുന്‍ തെരഞ്ഞെടുപ്പുകളിലുണ്ടായ ആത്മവിശ്വാസം ഇല്ലാത്തതാണോ എന്നായിരുന്നു ചോദ്യം. ഇതിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
