ഇറാന്റെ ആക്രമണത്തില്‍ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി കയറ്റുമതിയുടെ വലിയൊരു ഭാഗം തടസ്സപ്പെട്ടു; ലോകത്തെ മൊത്തം എല്‍എന്‍ജി കയറ്റുമതിയുടെ ഏതാണ്ട് 17 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ഖത്തര്‍; റാസ് ലഫാനിലെ മിസൈല്‍ ആക്രമണം ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി വിതരണത്തെ ബാധിക്കും

ഇറാന്റെ ആക്രമണത്തില്‍ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി കയറ്റുമതിയുടെ വലിയൊരു ഭാഗം തടസ്സപ്പെട്ടു

Update: 2026-03-20 05:16 GMT

ദോഹ: ഇറാനും ഇസ്രായേലും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ലോകം മറ്റൊരു വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യുദ്ധം വെറും മിസൈലുകളില്‍ മാത്രം ഒതുങ്ങില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തിന്റെ അടുക്കളകളെപ്പോലും പൊള്ളിക്കുന്നതാണ്.

ഇറാന്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി കയറ്റുമതിയുടെ വലിയൊരു ഭാഗം തടസ്സപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകത്തെ മൊത്തം എല്‍എന്‍ജി കയറ്റുമതിയുടെ ഏതാണ്ട് 17 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ഖത്തറാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഈ നീക്കം തടസ്സപ്പെടുന്നത് ലോകരാജ്യങ്ങളെ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടും.

പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി വരിഞ്ഞുമുറുക്കുന്നത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, പിന്നെ നമ്മുടെ ഭാരതം. ഈ രാജ്യങ്ങളിലേക്കാണ് ഖത്തര്‍ പ്രധാനമായും ഗ്യാസ് കയറ്റി അയക്കുന്നത്. ഇതിനു പുറമെ യൂറോപ്യന്‍ രാജ്യങ്ങളും വലിയ തോതില്‍ ഖത്തറിനെ ആശ്രയിക്കുന്നുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യന്‍ ഗ്യാസ് ഉപേക്ഷിച്ച യൂറോപ്പിന് ഇപ്പോള്‍ ഖത്തറും കൈവിട്ടാല്‍ അത് വലിയ തിരിച്ചടിയാകും.

പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ കടലുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഖത്തറിന്റെ കപ്പലുകള്‍ പോകേണ്ടത്. ഇറാന്‍ ഈ മേഖലയില്‍ ആക്രമണം ശക്തമാക്കുകയോ കപ്പലുകള്‍ തടയുകയോ ചെയ്താല്‍ ഗ്യാസ് നീക്കം പൂര്‍ണ്ണമായും നിലയ്ക്കും. ഇത് വിപണിയില്‍ ഗ്യാസ് വില കുതിച്ചുയരാന്‍ കാരണമാകും.

ഇറാനിലെ പ്രധാന ഗ്യാസ് ഫീല്‍ഡായ സൗത്ത് പാഴ്‌സ് ഇസ്രയേല്‍ ആക്രമിച്ചതോടെയാണ് ഇറാന്‍ ഖത്തറിലെ പ്രകൃതിവാതക കേന്ദ്രം ആക്രമിച്ചത്. ഇസ്രയേലിന്റെ നടപടിയെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും സ്ഥലത്ത് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തില്ലെന്ന് ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പ്രതികരിച്ചു. അതെസമയം സൗത്ത് പാഴ്‌സ് ആക്രമണത്തിന് ശേഷം ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ 'ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ സാധ്യതയുള്ള അനിയന്ത്രിതമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇസ്രയേല്‍ തുടങ്ങിവച്ച ഊര്‍ജ യുദ്ധത്തിന്റെ വിലയാണ് ഖത്തര്‍ ഇപ്പോള്‍ നല്‍കുന്നത്. ഇറാന്‍ തങ്ങളുടെ പ്രധാന എല്‍എന്‍ജി കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് തുടരുകയാണ്. റാസ് ലഫാനില്‍ ഇറാന്റെ ആക്രമണത്തിന് ശേഷം വ്യാപകമായ നാശനഷ്ടം സംഭവിച്ചതായി ഖത്തര്‍ എനര്‍ജി വ്യക്തമാക്കി.

ആക്രമണത്തിന് ശേഷം എണ്ണവില ശക്തമായി കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഏകദേശം 112 ഡോളര്‍ വരെ എത്തി. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി വിതരണക്കാരില്‍ ഒന്നായ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി കയറ്റുമതി തടസ്സപ്പെടുമെന്ന ആശങ്കകള്‍ക്കിടയിലാണ് വില ഉയര്‍ന്നത്.

2025 ല്‍ ഖത്തര്‍ ഏകദേശം 80 ദശലക്ഷം മെട്രിക് ടണ്‍ എല്‍എന്‍ജി വിതരണം ചെയ്തിട്ടുണ്ട്. 2024-25 ലെ മൊത്തം ആഗോള എല്‍എന്‍ജി കയറ്റുമതിയുടെ ഏകദേശം 18.8 ശതമാനമാണിത്. ഇതോടെ അമേരിക്കക്കും ഓസ്‌ട്രേലിക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതിക്കാരില്‍ ഒന്നായി ഖത്തര്‍ മാറി. പ്രധാനമായും റാസ് ലഫാനില്‍ നിന്നാണ് കയറ്റുമതി ചെയ്തത്.

ഇന്ത്യയുടെ എല്‍എന്‍ജിയുടെ മുന്‍നിര സ്രോതസാണ് ഖത്തര്‍. 2023ല്‍ ഇന്ത്യ ഖത്തറില്‍ നിന്ന് ഏകദേശം 10.6 മുതല്‍ 10.7 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം എല്‍എന്‍ജി ഇറക്കുമതിയുടെ ഏകദേശം 35 മുതല്‍ 54 ശതമാനമാണ്. 2025-26ല്‍ ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതിയുടെ ഏകദേശം 46.8 ശതമാനവും ഖത്തറില്‍ നിന്നാണ്. 2025-26ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്തത് ഖത്തറില്‍ നിന്നാണ്.

ഇന്ത്യയിലെ വ്യവസായങ്ങള്‍, വൈദ്യുതി ഉല്‍പാദനം, വളം ഉല്‍പാദനം, സിറ്റി ഗ്യാസ് വിതരണം, കല്‍ക്കരി, എണ്ണ എന്നിവക്ക് ഒരു ബദല്‍ എന്നീ നിലകളില്‍ എല്‍എന്‍ജി ഒരു നിര്‍ണായക ഇന്ധനമാണ്. ഖത്തറില്‍ എല്‍എന്‍ജി ഉല്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ ഇന്ത്യയിലേക്കുള്ള വിതരണത്തില്‍ തടസങ്ങള്‍ നേരിട്ടേക്കാം. ഏഷ്യയിലെ എല്‍എന്‍ജി സ്പോട്ട് വില ഇരട്ടിയിലധികമായി. എല്‍എന്‍ജിയുടെയും ക്രൂഡ് ഓയിലിന്റെയും വില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിലേക്ക് നയിക്കും.

ചില പവര്‍ പ്ലാന്റുകള്‍ വൈദ്യുതിക്കായി ഇറക്കുമതി ചെയ്ത വാതകമാണ് ഉപയോഗിക്കുന്നത്. എല്‍എന്‍ജി വില ഉയര്‍ന്നാല്‍ ഉല്പാദന ചെലവ് വര്‍ധിക്കും. എല്‍എന്‍ജി വിതരണത്തില്‍ തടസമുണ്ടായാല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സിഎന്‍ജിയുടെയും നഗരങ്ങളിലെ പൈപ്പ് ലൈന്‍ ഗ്യാസിന്റെയും വിതരണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ചുരുക്കത്തില്‍ പശ്ചിമേഷ്യയില്‍ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അത് രാജ്യത്തെ സമ്പദ്ഘടനയെ സാരമായി തന്നെ ബാധിക്കും.

Tags:    

Similar News