കോടികള്‍ നിക്ഷേപിച്ച് കേരളത്തിലെ മൂന്ന് ആശുപത്രികള്‍ സ്വന്തമാക്കിയത് ട്രംപിനെ തെരഞ്ഞെടുപ്പില്‍ സഹായിച്ച സാമ്പത്തിക സ്ഥാപനം; കിംസും ബേബി മെമ്മോറിയലുമെല്ലാം വാങ്ങിക്കൂട്ടി വിദേശ കമ്പനികള്‍; ചികിത്സാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ആശുപത്രികള്‍; സ്വകാര്യ ആരോഗ്യ മേഖല 'ടൂറിസം മേഖല'യാകുമെന്ന ആശങ്ക ശക്തം; കെകെആര്‍ ഇഫക്ട് 'കേരളാ മോഡലിനെ' തകര്‍ക്കുമോ?

Update: 2025-09-25 05:41 GMT

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖല കൈയ്യടക്കി അമേരിക്കന്‍ കമ്പനികള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തെരഞ്ഞെടുപ്പുവേളയില്‍ സാമ്പത്തിക സഹായം നല്‍കിയ കമ്പനിയാണ് കേരളത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികളുടെ ഉടമസ്ഥാവകാശം ഈയ്യിടെ കരസ്ഥമാക്കിയത്. നിലവില്‍ നിരവധി സ്വകാര്യ ആശുപത്രികളുടെ ഉടമസ്ഥാവകാശം നേടിയതിനു പിന്നാലെ മറ്റ് സ്വകാര്യ ആശുപത്രികളുമായി കരാര്‍ ഒപ്പിടാനും അമേരിക്കന്‍ കമ്പനികള്‍ തയ്യാറെടുക്കുകയാണ്. കോടികളുടെ വിദേശ നിക്ഷേപം സ്വീകരിച്ച സ്വകാര്യ ആശുപത്രികള്‍ ചികിത്സാ നിരക്കുകളും കുത്തനെ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്വകാര്യ ആശുപത്രികള്‍ ആഗോള കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്നതിലൂടെ സ്വകാര്യ ചികിത്സാ മേഖല 'ടൂറിസം മേഖല'യായി മാറുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധര്‍ പങ്കുവക്കുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായ കോള്‍ബെര്‍ഗ് ക്രാവിസ് റോബര്‍ട്‌സ് (കെ.കെ.ആര്‍) കമ്പനിയാണ് കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖല കൈയ്യടക്കുന്നത്. ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെ.കെ.ആര്‍ വിവിധ രാജ്യങ്ങളിലെ സ്വകാര്യ മേഖലകളില്‍ കോടികള്‍ നിക്ഷേപിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ സാമ്പത്തിക സ്ഥാപനമാണ്. തൊടുപുഴ ചാഴിക്കാട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് കെ.കെ.ആര്‍ കേരളത്തില്‍ ആദ്യമായി ഏറ്റെടുക്കുന്നത്. കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയുടെ സാധ്യത മനസിലാക്കിയ ശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയാണ് കെ.കെ.ആര്‍ അടുത്തതായി നോട്ടമിട്ടത്.

2,500 കോടിയുടെ വിദേശ നിക്ഷേപമാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കെ.കെ.ആര്‍ നടത്തിയത്. നിക്ഷേപം നടത്തിയശേഷം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് കെ.കെ.ആറിന്റെ പ്രതിനിധികള്‍ എത്തി ഉടമസ്ഥാവകാശം നേടിയെങ്കിലും നടത്തിപ്പു ചുമതല നിലവിലെ മാനേജ്മെന്റ് തന്നെ നിര്‍വഹിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് പ്രശസ്തമായ മെയ്ത്ര ആശുപത്രിയും കെ.കെ.ആര്‍ ഏറ്റെടുത്തു. മെയ്ത്രയില്‍ 1,200 കോടിരൂപയുടെ നിക്ഷേപമാണ് കെ.കെ.ആര്‍ നടത്തിയത്. തിരുവനന്തപുരം ആസ്ഥാനമായ കിംസ് ആശുപത്രിയും ഇപ്പോള്‍ വിദേശ നിക്ഷേപം നേടി ആഗോള കോര്‍പ്പറേറ്റ് കമ്പനിയുടെ കീഴിലാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ബ്ലാക്ക്‌സ്റ്റോണ്‍ കമ്പനിയാണ് കിംസ് വാങ്ങിയത്. കെയര്‍ ആശുപത്രി ശൃംഖലയുടെ പേരില്‍ കിംസിന്‍െ്റ 85 ശതമാനം ഉടമസ്ഥാവകാശമാണ് ബ്ലാക്ക്സ്റ്റോണ്‍ കരസ്ഥമാക്കിയത്. ബ്ലാക്ക്സ്റ്റോണ്‍ 3,500 കോടിയോളം രൂപയാണ് കിംസില്‍ നിക്ഷേപിച്ചത്.

ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി.എമ്മിലും ബ്ലാക്ക്‌സ്റ്റോണ്‍ തന്നെയാണ് വിദേശ നിക്ഷേപം നടത്തിയത്. കൃത്രിമ ഗര്‍ഭധാരണ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന സബീന്‍ ആശുപത്രി ശൃംഖലയില്‍ സി.എക്‌സ് പാര്‍ട്ട്ണേഴ്സിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ 420 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തിയത്. കൂടുതല്‍ ഇടങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിച്ചും മറ്റ് ആശുപത്രികളെ ഏറ്റെടുത്തും വന്‍തോതില്‍ വളരാനുള്ള അവസരമാണ് ഇത്തരം നിക്ഷേപങ്ങള്‍ ആശുപത്രി ശൃംഖലകള്‍ക്ക് നല്‍കുന്നത്. പ്രൊമോട്ടര്‍ ഗ്രൂപ്പിനെ (ഉടമകളെ) നിലനിര്‍ത്തിക്കൊണ്ടുള്ള ബിസിനസ് വളര്‍ച്ചയാണ് നിക്ഷേപക സ്ഥാപനങ്ങള്‍ ഇത്തരം ഇടപാടുകളില്‍ ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ പൂര്‍ണമായ ഏറ്റെടുക്കല്‍ നടത്താതെയും മാനേജ്മെന്‍്റില്‍ മാറ്റം വരുത്താതെയും മുന്നോട്ടു പോകാനാണ് അവര്‍ ശ്രമിക്കുന്നത്.

സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ ആഗോള കോര്‍പ്പറേറ്റുകളുടെ കടന്നു കയറ്റത്തില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്കയാണ് പങ്കുവക്കുന്നത്. ചികിത്സാ ചെലവ് വര്‍ധിക്കുമെന്നും ആരോഗ്യ ചികിത്സാ മേഖല ആരോഗ്യ ടൂറിസം മേഖലയായി മാറുമെന്നുമാണ് വിദഗ്ധരുടെ ആശങ്ക. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ ചില ആഗോള കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുകയാണെന്നും ഈ ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചികിത്സയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള കോര്‍പ്പറേറ്റുകള്‍ ഇങ്ങോട്ടുവരുന്നത് കേരളത്തെ സേവിക്കാമെന്ന താല്‍പര്യത്തോടെയല്ലെന്നും ഈ മാറ്റത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Tags:    

Similar News