ബാറുകള്‍ക്ക് മാത്രമല്ല..... ക്വാറികള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍; ക്വാറി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഫീസ് പുനഃപരിശോധിക്കും; ഫീസ് അടച്ചില്ലെങ്കിലും സത്യവാങ്മൂലം മതി; വ്യവസ്ഥകള്‍ ലളിതമാക്കി ഖനനം പുനസ്ഥാപിക്കാന്‍ അനുമതി നല്‍കും

Update: 2026-02-27 06:37 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ ബാറുടമകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ക്വാറി ഉടമകള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍. ഇതു വരെ കടുംപിടുത്തം നടത്തി അടച്ചിട്ടിരുന്ന ക്വാറികള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കത്തക്ക വിധം വ്യവസ്ഥകള്‍ ഉദാരമാക്കി കൊടുക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനം എടുത്തിരിക്കുന്നത്.

വ്യവസായ മന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, പരിസ്ഥിതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ശ്രീറാം സാബശിവറാവും ദുരന്തനിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്്, മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ ഡോ. കെ. ഹരികുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

റെഡ് സോണ്‍ മാപ്പിങില്‍ വന്നിട്ടുള്ള മാറ്റം മൂലം പൂട്ടിക്കിടക്കുന്ന ക്രഷര്‍, ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഖനന-നിര്‍മാണ മേഖലകളില്‍ വന്നിട്ടുള്ള പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത് എന്നാണ് ഇത് സംബന്ധിച്ച മിനുട്സില്‍ പറയുന്നത്. റെഡ് സോണ്‍ മാപ്പിംഗിലെ മാറ്റങ്ങള്‍: 2025 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പുതിയ ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടം അനുസരിച്ച്, നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 152 ക്വാറികള്‍ മീഡിയം അല്ലെങ്കില്‍ ഹൈസസപ്റ്റിബിളിറ്റി സോണുകളിലായി മാറിയിട്ടുണ്ട്.

2016ലെ ദുരന്ത നിവാരണ പ്ലാന്‍ അനുസരിച്ച്, ഹൈഹാസാര്‍ഡ് സോണുകളില്‍ ക്വാറി ബ്ലാസ്റ്റിംഗ് അനുവദനീയമല്ല. ഇത്തരം ഭൂമിയിലെ ക്വാറികള്‍ ക്രമവത്കരിക്കുന്നതിനുള്ള ചട്ടങ്ങള്‍ നിലവിലുണ്ടെങ്കിലും ഫീസ് സ്വീകരിക്കുന്ന പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ കാരണം പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. പഴയ ക്വാറികളില്‍ ഡ്രോണ്‍ ലിഡാര്‍ സര്‍വേ പ്രകാരം ധാതുവിന്റെ അളവില്‍ വലിയ വ്യത്യാസങ്ങള്‍ കാണുന്നതിനാല്‍ നിലവിലെ പിഴ ചുമത്തുന്നത് പ്രായോഗികമല്ലെന്ന് യോഗം വിലയിരുത്തി.

ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി, പരിസ്ഥിതി, വ്യവസായ വകുപ്പുകളുടെ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഫീസ് അടയ്ക്കാന്‍ വൈകുന്ന സാഹചര്യത്തില്‍, ഭാവിയില്‍ ഫീസ് അടച്ചുകൊള്ളാം എന്ന സത്യവാങ്മൂലം വാങ്ങി ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

ക്വാറി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഫീസ് പുനഃപരിശോധിക്കുന്നതിനായി വ്യവസായ, ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ചര്‍ച്ച നടത്തും. പഴയ ക്വാറികളിലെ അളവിലുള്ള വ്യത്യാസവും പിഴ സംബന്ധിച്ച പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഒരു ഒറ്റത്തവണ അദാലത്ത് നടത്താന്‍ തീരുമാനിച്ചു.

Tags:    

Similar News