സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതോ നിയമനടപടികളെ തടസ്സപ്പെടുത്തുന്നതോ ആയ ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് നാവികസേന; നേവി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: സാക്ഷിയെയും കുടുംബത്തെയും വീടുകയറി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പോലീസ് അന്വേഷണം; ആക്രമിച്ചത് മുഖംമൂടി ധരിച്ചവര്‍; ആഭ്യന്തര അന്വേഷണത്തിന് നേവിയും
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട്, കേസിലെ പ്രധാന സാക്ഷിയെയും കുടുംബത്തെയും വീടുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബീഹാര്‍ സ്വദേശിയും നിലവില്‍ രാമന്തളി പുന്നക്കടവില്‍ താമസക്കാരനുമായ പുബു കുമാര്‍ (36) ആണ് പരാതിക്കാരന്‍. ഏഴിമല നാവിക അക്കാദമിയിലെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന ശ്രീകുമാര്‍ കെ. പിള്ള ഉള്‍പ്പെട്ട കൈക്കൂലി കേസില്‍ പ്രധാന സാക്ഷിയാണ് പുബു കുമാര്‍. 2025 നവംബര്‍ 3-നാണ് ശ്രീകുമാര്‍ കെ. പിള്ളയെ നേവി വിജിലന്‍സ് വിഭാഗം പിടികൂടിയത്.
പരാതിയില്‍ പറയുന്ന വിവരങ്ങള്‍ പ്രകാരം, 2026 ജനുവരി 16-ന് പുലര്‍ച്ചെ 12:30-ഓടെയാണ് സംഭവം നടന്നത്. പുബു കുമാറും കുടുംബവും വീട്ടിലിരിക്കെ, മുഖം മറച്ചെത്തിയ നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. കുട്ടിയെ ബന്ദിയാക്കിയായിരുന്നു അക്രമം. അക്രമികളില്‍ ഒരാള്‍ പുബു കുമാറിന്റെ 11 വയസ്സുകാരനായ മകനെ പിടിച്ചുനിര്‍ത്തുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസില്‍ അനുകൂലമായി മൊഴി നല്‍കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി.
'നാളെ മനീഷിന്റെ അടുത്ത് പോയി ഒപ്പിടണം, ഇല്ലെങ്കില്‍ നിങ്ങളെ എന്തുചെയ്യുമെന്ന് പറയാന്‍ പറ്റില്ല' എന്ന് അക്രമികള്‍ പറഞ്ഞതായി പുബു കുമാര്‍ പോലീസിന് മൊഴി നല്‍കി. നേവി ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ കെ. പിള്ള, ഭാര്യ സിന്ധു, മനീഷ് എന്നിവര്‍ക്കെതിരെയാണ് പരാതിക്കാരന്‍ ആരോപണം ഉന്നയിക്കുന്നത്. മനീഷ് എന്ന വ്യക്തിയുടെ ഓഫീസില്‍ വെച്ച് ശ്രീകുമാര്‍ പിള്ളയ്ക്ക് അനുകൂലമായ രേഖകളില്‍ ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതനായെന്നും, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയില്‍ പറയുന്നു. തനിക്കും കുടുംബത്തിനും ഇവര്‍ക്കെതിരെ മൊഴി നല്‍കിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും പുബു കുമാര്‍ പോലീസിനെ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്യായമായി തടഞ്ഞുവെക്കല്‍, വീടിനുള്ളില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. സബ് ഇന്‍സ്പെക്ടര്‍ അനുശ്രീ പി.വി യുടെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷണം പുരോഗമിക്കുന്നത്. അതേ സമയം വിഷയത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും നിയമനടപടികളുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വസ്തുതകള്‍ പരിശോധിക്കാന്‍ ആഭ്യന്തരതലത്തില്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതോ നിയമനടപടികളെ തടസ്സപ്പെടുത്തുന്നതോ ആയ ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് നാവികസേന വ്യക്തമാക്കി. ഇത് സേനയുടെ മൂല്യങ്ങള്‍ക്കും പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. അന്വേഷണം നിഷ്പക്ഷവും സുതാര്യവുമായിരിക്കുമെന്ന് ഉറപ്പുനല്‍കിയ സേന, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും, നിയമനടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിയമവാഴ്ച ഉറപ്പാക്കുന്നതിനും അന്വേഷണ പ്രക്രിയയില്‍ ഉള്‍പ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ദക്ഷിണ നാവിക കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ശ്രീകുമാര്‍ കെ. പിള്ള നേവി കസ്റ്റഡിയില്‍ തുടരുകയാണ്.
