പോക്‌സോ കേസ് അട്ടിമറിച്ചതിന് നിലവില്‍ സസ്‌പെന്‍ഷനിലുള്ള കോന്നി മുന്‍ ഡിവൈ.എസ്.പി ടി. രാജപ്പന്‍ തയ്യാറാക്കിയ വിചിത്രമായ ആദ്യ റഫറല്‍ റിപ്പോര്‍ട്ടിന് സമാനമോ രണ്ടാമത്തേതും? അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി പുതിയ റിപ്പോര്‍ട്ട് മടക്കി; മന്ത്രി സജി ചെറിയാനെ രക്ഷിക്കാന്‍ വീണ്ടും കള്ളക്കള്ളി; ഭരണഘടനാ അധിക്ഷേപം തെളിവില്ലാ കേസോ?
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസില്‍ മന്ത്രി സജി ചെറിയാനെ വെള്ളപൂശാന്‍ പോലീസ് നടത്തിയ ഒത്തുകളിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി പുതിയ റിപ്പോര്‍ട്ട് മടക്കിയതോടെയാണ് പഴയ റഫറല്‍ റിപ്പോര്‍ട്ടിലെ കള്ളക്കളികള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പോക്‌സോ കേസ് അട്ടിമറിച്ചതിന് നിലവില്‍ സസ്‌പെന്‍ഷനിലുള്ള കോന്നി മുന്‍ ഡിവൈ.എസ്.പി ടി. രാജപ്പന്‍ തയ്യാറാക്കിയ വിചിത്രമായ റഫറല്‍ റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്.
മന്ത്രിയെ കേസില്‍ നിന്ന് ഊരാന്‍ സാക്ഷികളെ രണ്ട് തട്ടിലാക്കിയാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സാക്ഷികള്‍ മന്ത്രിക്കെതിരെ മൊഴി നല്‍കിയെങ്കിലും, ഇവര്‍ ആരും പരിപാടിയില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നും വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നുമാണ് പോലീസ് വാദം. അതേസമയം, ആറ് മുതല്‍ 39 വരെയുള്ള സാക്ഷികള്‍ പരിപാടിയില്‍ പങ്കെടുത്ത സി.പി.എം നേതാക്കളും എം.എല്‍.എമാരുമാണ്. ഇവര്‍ നല്‍കിയ 'മന്ത്രി ഭരണഘടനയെ തള്ളിയിട്ടില്ല' എന്ന മൊഴിയാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് ആധാരമാക്കിയത്. ശാസ്ത്രീയ തെളിവുകളായ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാനോ ഫോറന്‍സിക് ഫലം കാത്തിരിക്കാനോ തയ്യാറാകാതെയായിരുന്നു ഈ നീക്കം.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നടന്ന തുടരന്വേഷണത്തിലും സജി ചെറിയാന് തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കിയത്. എന്നാല്‍ അന്വേഷണത്തിലെ വന്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി ഈ റിപ്പോര്‍ട്ട് മടക്കി. വിവാദ പ്രസംഗം ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്ത മൊബൈല്‍ കണ്ടെത്താനായില്ലെന്നും ലൈവ് വീഡിയോയുടെ ലിങ്ക് നശിപ്പിക്കപ്പെട്ടെന്നുമാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിചിത്രമായ വിശദീകരണം. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തം.
സജി ചെറിയാന് ആദ്യതവണ ക്ലീന്‍ ചിറ്റ് നല്‍കി റഫറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ടി. രാജപ്പന്‍ ആയിരുന്നു. ഇതേ ഉദ്യോഗസ്ഥന്‍ പിന്നീട് കോന്നിയില്‍ ഡിവൈ.എസ്.പി ആയിരിക്കെ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനാണ് സസ്‌പെന്‍ഷനിലായത്. അഴിമതി ആരോപണവിധേയനായ ഒരു ഉദ്യോഗസ്ഥനെ ഉപയോഗിച്ച് മന്ത്രിയെ രക്ഷിക്കാന്‍ നടത്തിയ തിരക്കഥയാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ലൈവ് വീഡിയോയുടെ അക്കൗണ്ട് നശിപ്പിക്കപ്പെട്ടാലും അത് വീണ്ടെടുക്കാന്‍ സൈബര്‍ പോലീസിന് കഴിയുമെന്നിരിക്കെ, തെളിവില്ലെന്ന് പറഞ്ഞ് കേസ് ഒതുക്കാനുള്ള നീക്കം കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യപ്പെടും.
ഡിവൈ.എസ്.പിയുടെ പഴയ റിപ്പോര്‍ട്ട്: പ്രസക്തഭാഗം ഇങ്ങനെ
ക്ഷണിക്കപ്പെട്ട വ്യക്തികള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് മന്ത്രി പ്രസംഗിച്ചത്. തിരുവല്ല എം.എല്‍.എ, റാന്നി എം.എല്‍.എ, മുന്‍ റാന്നി എം.എല്‍.എ, മുന്‍ കോന്നി എം.എല്‍.എ തുടങ്ങി പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത വ്യക്തികളെയും കണ്ടു ചോദിച്ചതില്‍ പരിപാടിയുടെ ഉദ്ഘാടകനായിരുന്ന മുന്‍ സാംസ്‌കാരിക ഫിഷറീസ് മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടന മഹത്തരമാണെന്നും 75 വര്‍ഷം പിന്നിട്ട ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലോ അവമതിപ്പുണ്ടാക്കുന്ന രീതിയിലോ ഒന്നും പറഞ്ഞിട്ടില്ലെന്നും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കേണ്ട കാലാകാലങ്ങളില്‍ മാറി വന്നിരുന്ന ഭരണകൂടങ്ങള്‍ അടിസ്ഥാന വര്‍ഗ ജനവിഭാഗങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും തൊഴിലാളി വര്‍ഗത്തെയും ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്നും അതിന് മാറ്റമുണ്ടാകണമെന്നും മറ്റുമാണ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതെന്നും മറ്റും കണ്ടു ചോദിച്ച ആറു മുതല്‍ 39 വരെ സാക്ഷികള്‍ മൊഴി നല്‍കിയിട്ടുള്ളതാണ്.
പരാതിക്കാരനായ ബൈജു നോയലിന്റെയും ഒന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും ഇവര്‍ ആരും തന്നെ കൃത്യപരിപാടിയില്‍ പങ്കെടുത്തിട്ടില്ലാത്തവരും ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിച്ച വീഡിയോയിലെ കുറച്ചു ഭാഗം മാത്രം കണ്ട് മുന്‍മന്ത്രി ഭരണ ഘടനയെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നും മറ്റും മൊഴി നല്‍കിയിട്ടുള്ളതാണ്.
കുറ്റാരോപിതനായ സജി ചെറിയാനെ കണ്ടു ചോദിച്ചതില്‍ ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലോ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലോ ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ ഭരണ ഘടന മഹത്തരമാണെന്നും ഇന്ത്യയിലെ പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെട്ട ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെ സംബന്ധിച്ചാണ് സംസാരിച്ചതെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ഭരണഘടനയുടെ മഹത്തായ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതിനെ കുറിച്ച് വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തതെന്നും മറ്റും മൊഴി നല്‍കിയിട്ടുണ്ട്.
ജില്ലാ ഗവ. പ്ലീഡര്‍ മുമ്പാകെ നിയമോപദേശം ലഭിച്ചതില്‍ പ്രകാരം കോടതി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. കാലകാലങ്ങളില്‍ വരുന്ന ഭരണകൂടങ്ങള്‍ ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വര്‍ഗ ചൂഷണത്തിന് വിധേയമാക്കുകയാണെന്ന് വിമര്‍ശനാത്മകമായി സംസാരിച്ചതല്ലാതെ ഭരണ ഘടനയെയോ ഭരണഘടനാ ശില്‍പ്പികളെയോ അവഹേളിക്കണമെന്നോ അവമതിപ്പ് ഉണ്ടാക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെയോ കരുതലോടെയോ ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ യാതൊന്നും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുള്ളതാകുന്നു. ആയതിനാല്‍ ഈ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് കാണുകയാല്‍ കോടതിയില്‍ നിന്ന് കുറവ് ചെയ്യുന്നതിന് ഈ അന്തിമ റിപ്പോര്‍ട്ട് അയയ്ക്കുന്നു.
സജി ചെറിയാനെതിരായ കേസ് എഴുതി തള്ളണമെന്ന മുന്‍ വിധിയോടെയാണ് തിരുവല്ല ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് എന്നുള്ളത് വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. വാദിയും ഒന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളും സജി ചെറിയാന്‍ ഭരണഘടനാ ലംഘനം നടത്തിയെന്ന് മൊഴി നല്‍കുകയും 2 മണിക്കൂര്‍ 28 മിനുട്ട് 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരിപാടിയുടെ വിഡിയോ തെളിവായി നല്‍കുകയും ചെയ്തിട്ടുണ്ട്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് എന്താണ് പറഞ്ഞിട്ടുള്ളതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ താന്‍ വീഡിയോ കണ്ടതായോ വിവാദ പരാമര്‍ശം ഏത് ഭാഗത്താണ് വരുന്നതെന്നോ പറഞ്ഞിട്ടില്ല. വീഡിയോ പ്രദര്‍ശിപ്പിച്ച് ഒരു സാക്ഷിയുടെയും മൊഴി എടുത്തിട്ടില്ല. വിഡിയോ പ്രദര്‍ശിപ്പിച്ച് വേണമായിരുന്നു പ്രതിയായ സജി ചെറിയാനോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍. അങ്ങനെ ചോദിച്ചതായി പറയുന്നില്ല.
