പി എസ് സി വഴി ജോലിക്കെടുത്തവര്‍:; രാപകല്‍ ഭേദമന്യേ ചോര നീരാക്കി ബെല്ലും ബ്രേക്കുമില്ലാത്ത ബസുകളില്‍ കട്ടിപ്പണി; 10 വര്‍ഷമായി ഒരു ശതമാനം പോലും ഡിഎ ഇല്ല; കിട്ടുന്നത് അടിസ്ഥാന ശമ്പളം മാത്രം; ഹൈക്കോടതിയില്‍ നിലവിലുള്ളത് നാലു കേസുകള്‍; എല്ലാം വിഴുങ്ങി സ്വിഫ്റ്റ് എന്ന വെള്ളാന: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചോദിക്കുന്നു... ഞങ്ങളെന്താ രണ്ടാം കെട്ടിലുള്ളതോ?
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിആറും 13 ശതമാനം കൂട്ടി ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായപ്പോള്‍ കഴിഞ്ഞ 10 വര്‍ഷമായി ഒരു ആനുകൂല്യവും ലഭിക്കാതെ ജീവന്‍ കൈയിലെടുത്ത് കട്ടിപ്പണി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും കണ്ണീരോടെ ചോദിക്കുകയാണ്-ഞങ്ങള്‍ എന്താ രണ്ടാം കെട്ടിലുള്ളതോ? 10 വര്‍ഷമായി ഒരു ശതമാനം പോലും ഡിഎ ഇല്ല, ഇവര്‍ക്ക് കിട്ടുന്നത് അടിസ്ഥാന ശമ്പളം മാത്രമാണ്. കേരളത്തില്‍ ഒരു സ്ഥാപന ജീവനക്കാര്‍ക്കും ഈ ദുര്‍ഗതി ഇല്ല.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഏറ്റവും അവസാനമായി ഡിഎ കിട്ടിയത് 2015-16 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. നിശ്ചിത ശതമാനം ഡിഎ നല്‍കണമെന്ന് ഉത്തരവിട്ടതിന് ശേഷമാണ് സര്‍ക്കാര്‍ ഇറങ്ങിയത്. അതിന് ശേഷം ശമ്പള വര്‍ധനവ്, ഡി.എ എന്നിവയെ കുറിച്ച് സംസാരിച്ചാല്‍ കോര്‍പ്പറേഷന്‍ മേധാവികളും സര്‍ക്കാരും പറയുന്നത് കെഎസ്ആര്‍ടിസി നഷ്ടത്തിലോടുന്നുവെന്നാണ്. ഇപ്പോള്‍ ഗതാഗത മന്ത്രി തന്നെ പറയുന്നു കെഎസ്ആര്‍ടിസി ലാഭത്തിലാണെന്ന്. തൊഴിലാളികളുമായി ഉണ്ടാക്കിയ കരാറില്‍ പറഞ്ഞിരുന്നത് എന്ന് കോര്‍പ്പറേഷന്‍ ലാഭത്തിലാകുന്നോ അന്ന് ഡിഎ വര്‍ധിപ്പിക്കുമെന്നാണ്.
കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴിലാളികളുടെ കാലനായി വന്നിട്ടുള്ളത് സ്വിഫ്ട് എന്ന കെഎസ്ആര്‍ടിസി ഉപ കമ്പനിയാണെന്ന് മനസിലാകും. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ സ്വിഫ്ട് കമ്പനിക്ക് വാടക ഇനത്തില്‍ അതു വരെ നല്‍കിയിട്ടുള്ളത് 200 കോടിയാണെന്ന് പറയുന്നു. എന്തിനാണ് ഈ വാടക നല്‍കുന്നത് എന്ന് ചോദിച്ചാല്‍ അതിന് മറുപടിയില്ല. വാടക ഇനത്തില്‍ ഇതു വരെ സ്വിഫ്ടിന് 250 കോടി എങ്കിലും കൊടുത്തിട്ടുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു.
സ്വിഫ്ടില്‍ കരാര്‍ ജീവനക്കാരാണ് ഉളളത്. റൂട്ടും ഡീസലും കെഎസ്ആര്‍ടിസി നല്‍കും. ബസുകളുടെ വാടക ഇനത്തിലാണ് കോടികള്‍ നല്‍കുന്നത്. കെഎസ്ആര്‍ടിസിയില്‍ മൂന്നു ഡ്യൂട്ടിയാണുള്ളത്. സ്വിഫ്ടില്‍ രണ്ടു ഡ്യൂട്ടി. ഇതിന് 1500 രൂപയാണ് ജോലിക്കാര്‍ക്ക് നല്‍കുന്നത്. വാടക ഇനത്തില്‍ സ്വിഫ്ടിന് നല്‍കുന്ന പണം മാത്രം മതി കെഎസ്ആര്‍ടിസി തങ്ങള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനെന്ന് ജീവനക്കാര്‍ പറയുന്നു.
2021 ലാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം ഒടുവില്‍ നടന്നത്. 10 വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. ശമ്പള സ്‌കെയില്‍ താഴ്ത്തുകയും ചെയ്തു. പിഎസ്സി മുഖേനെ ജോലിക്ക് കയറുന്ന കണ്ടക്ടര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെ എല്‍ഡി ക്ലാര്‍ക്കിന് തുല്യമായ തസ്തികയാണ്. എല്‍ഡി ക്ലാര്‍ക്കിന് മാസശമ്പളം 57,000 രൂപ ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അത് 37,000 രൂപയാണ്. ബാറ്റയും മറ്റ് അലവന്‍സുമുണ്ടെങ്കിലും വളരെ തുച്ഛമാണ്. നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ അനുകൂലമായ സാഹചര്യമാണ്. 2015-16 കാലഘട്ടത്തില്‍ 6000 ബസുകളാണ് നിരത്തിലുണ്ടായിരുന്നത്. 130 കോടിയായിരുന്നു പ്രതിമാസ വരുമാനം. നിലവില്‍ 4000-5000 ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത്.
പ്രതിമാസ വരുമാനം 300 കോടിയായി ഉയരുകയും ചെയ്തു. 150 കോടിയുടെ അധിക വരുമാനം വന്നിട്ടും ഡിഎയോ ആനുകൂല്യങ്ങളോ നല്‍കുന്നില്ല. റിസര്‍വ് പീരീഡില്‍ പോലും ഡി.എയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നാണ് ചട്ടം. ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതിന് മുന്‍പ് 240 ദിവസം ഡ്യൂട്ടി ചെയ്യുന്നതാണ് റിസര്‍വ് പീരിഡ്. ഈ കാലഘട്ടത്തില്‍ പോലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് പി എസ് സി നോട്ടിഫിക്കേഷനില്‍ പറഞ്ഞിരുന്നത്. അങ്ങനെ ജോലിക്ക് കയറിയവരെ പിന്നീട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്ന് പറഞ്ഞാണ് ഡിഎ നിഷേധിക്കുന്നത്. പിഎസ് സി വഴി ജോലിക്ക് കയറിയ തങ്ങളെ മറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വിന്യസിച്ചു കൂടേ എന്ന് ഇവര്‍ ചോദിക്കുന്നു.
ഡിഎ വര്‍ധിപ്പിച്ച് നല്‍കാത്തതിനെതിരേ 1000 ജീവനക്കാര്‍ നാലു ഘട്ടങ്ങളിലായി നാലു കേസുകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 2024-25 കാലഘട്ടത്തില്‍ 122 ജീവനക്കാര്‍ ചേര്‍ന്ന് ആദ്യ ഹര്‍ജി നല്‍കി. ആറു മാസത്തിന് ശേഷം 242 പേര്‍ കൂടി ഹര്‍ജി കൊടുത്തു. എട്ടു മാസം മുന്‍പ് 232 പേര്‍ ഇവര്‍ക്ക് പിന്നാലെ ഹര്‍ജിയുമായിപ്പോയി. സ്വിഫ്ട് കമ്പനി അടച്ചു പൂട്ടുക, ഡിഎ വര്‍ധിപ്പിച്ച് നല്‍കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കോടതി 19 തവണ സിറ്റിങ് നടത്തി. അപ്പോഴെല്ലാം കെഎസ്ആര്‍ടിസിയോട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്റെ അഭിഭാഷകന്‍ ഓരോ കാരണം പറഞ്ഞ് അത് നീട്ടിക്കൊണ്ടു പോവുകയാണ്.
ജീവനക്കാരുടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തിലേക്ക് അടക്കമുള്ള വിഹിതം കുടിശികയാണ്. ഇത് 500 കോടി രൂപയില്‍ അധികം വരും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 10 ശതമാനവും കോര്‍പ്പറേഷന്റെ വിഹതമായി 10 ശതമാനവും ചേര്‍ത്താണ് എന്‍പിഎസില്‍ അടയ്ക്കേണ്ടത്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കുന്നുണ്ടെങ്കിലും അത് എന്‍പിഎസില്‍ അടയ്ക്കുന്നില്ല. കെഎസ്ആര്‍ടിസിക്ക് സഹായമായി 18,000 കോടി സര്‍ക്കാര്‍ ഇതു വരെ നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഈ പണം എങ്ങോട്ടാണ് പോയതെന്ന് ജീവനക്കാര്‍ ചോദിക്കുന്നു. ഇതില്‍ അഞ്ചു നയാപൈസ പോലും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ആ പണം പോയ വഴി കണ്ടെത്തണം. സ്വിഫ്ട് എന്ന വെള്ളാനയ്ക്ക് വേണ്ടി ജീവനക്കാരുടെ ചോരയൂറ്റി കുടിക്കുകയാണ്. സ്വിഫ്ട് യഥാര്‍ഥത്തില്‍ വലിയ നഷ്ടമാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നിരത്തിലോടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ നാലായിരത്തിന് മുകളില്‍ 15 വര്‍ഷത്തിന് മേല്‍ പഴക്കം ചെന്നതാണെന്ന് ജീവനക്കാര്‍ അനുഭവസാക്ഷ്യം പറയുന്നു. ഒറ്റ വണ്ടിക്കും ഫിറ്റ്നെസ് ഇല്ല. സകല നിയമങ്ങളും ലംഘിച്ചാണ് നിരത്തില്‍ പായുന്നത്. ഓര്‍ഡിനറി ബസില്‍ 67 പേരില്‍ കൂടുതല്‍ കയറ്റാന്‍ പാടില്ല. 125 പേരെ വരെ കയറ്റിയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. ഒറ്റ വണ്ടിയും അറ്റകുറ്റപ്പണി നടത്തുന്നില്ല. ഡ്രൈവര്‍മാരുടെ മിടുക്ക് കൊണ്ട് മാത്രമാണ് ഒരു പാട് അപകടങ്ങള്‍ ഒഴിവാകുന്നത്.
വണ്ടിയെടുക്കുമ്പോള്‍ ലോഗ് ഷീറ്റില്‍ ഡ്രൈവര്‍മാര്‍ ഇത് രേഖപ്പെടുത്താറുണ്ട്. അറ്റകുറ്റപ്പണി ആവശ്യമാണെന്ന് പറയുന്നുമുണ്ട്. പക്ഷേ, ഒറ്റ വണ്ടിയും അറ്റകുറ്റപ്പണി നടത്താതെയാണ് നിരത്തില്‍ പായുന്നത്. യാത്രക്കാരുടെയും നിരത്തില്‍ മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും ജീവനും സ്വത്തിനും ഭീഷണിയാണ് ഇത്തരം ബസുകള്‍.
