ഇസ്രായേല്‍ ദമ്പതികളെ ഇറക്കി വിട്ട തേക്കടിയിലെ കാശ്മീരി ഷോപ്പ് ഉടമ മുന്‍പും പൗരത്വം ചോദിച്ചതിന്റെ പേരില്‍ വിവാദത്തിലായയാള്‍; കടയില്‍ കയറി ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് ദമ്പതികളുടെ ഡ്രൈവര്‍; തേക്കടി വ്യാപാരികള്‍ ഇളകിയതോടെ വിവാദ ഷോപ്പ് അടച്ചു; ഐബിയും റോയേയും തേക്കടിയില്‍ എത്തിച്ച് 'ഇസ്രയേല്‍ വിവാദം'

Update: 2024-11-14 05:40 GMT

തേക്കടി: ഇസ്രയേലില്‍ നിന്ന് തേക്കടി കാണാന്‍ എത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ച കാശ്മീരി കടയുടമകള്‍ മുമ്പും വിവാദങ്ങളില്‍ കുടുങ്ങിയവര്‍. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഈ കടയുടമകള്‍ കടയിലെത്തുന്നവരോട് രാജ്യം ചോദിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ കടയുടമകള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഈ കടയ്ക്ക് അടുത്തും കാശ്മീരികളുടെ മറ്റ് കടയുണ്ട്. അവരൊന്നും ഇസ്രയേലി ദമ്പതികള്‍ക്ക് സാധനം നല്‍കുന്നതില്‍ വിമുഖതയും കാട്ടിയില്ല. ഈ ഒരു കടമാത്രമാണ് ഈ പ്രശ്‌നത്തിന് കാരണമെന്നാണ് പ്രദേശത്തെ വ്യാപാരികളും പറയുന്നത്.

തേക്കടിയില്‍ എത്തിയ ഇസ്രയേലി സ്വദേശികള്‍ കടയിലേക്ക് ഓട്ടോയിലാണ് എത്തിയത്. അതിന് ചുറ്റമുള്ള കടകളില്‍ കയറി സാധനം വാങ്ങി നടന്നു. ഇതിനിടെയാണ് ഈ കടയിലേക്ക് എത്തിയത്. ഇസ്രയേലി എന്ന് പറഞ്ഞതോടെ സാധനം തരില്ലെന്നും ഇറങ്ങി പോകാനും കടക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ ഇസ്രയേലി സ്വദേശികള്‍ തൊട്ടടുത്ത കടക്കാരനോട് കാര്യം പറഞ്ഞു. ഇതിനിടെ ഇവരെ ഇവിടെയാക്കി ജ്യൂസ് കുടിക്കാന്‍ പോയ ഓട്ടോറിക്ഷാക്കാരനും എത്തി. പ്രശ്‌നം അറിഞ്ഞ് നാ്ട്ടുകാരുമെത്തി. കേരളത്തിന് നാണക്കേടാകുമെന്നും മാപ്പു പറയുണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ സിദ്ധാര്‍ത്ഥന്‍ നടത്തിയ നീക്കത്തിനൊടുവില്‍ കടക്കാര്‍ മാപ്പു പറഞ്ഞു. വീഡിയോ വൈറലായതോടെ അന്വേഷണത്തിന് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും എത്തി. കേന്ദ്ര ഇന്റലിജന്‍സും റോയും തേക്കടയിലേക്ക് വന്നു. വ്യാപാരികളും ഇസ്രയേലികള്‍ക്കെതിരെ നിലപാട് എടുത്ത കടയ്ക്ക് എതിരായി. ഇതോടെ ആ ഷോപ്പ് അടയ്ക്കുകയും ചെയ്തു.

സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ ഇസ്രയേല്‍ സ്വദേശികള്‍ ആണെന്ന് അറിഞ്ഞതോടെ കടയുടമകള്‍ അപമാനിക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നത്തില്‍ സമീപത്തുള്ള മറ്റു കടയുടമകളും ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോടെ കാശ്മീരികള്‍ മാപ്പ് പറഞ്ഞു പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുത്തത്. സാധനം വാങ്ങാന്‍ ഇസ്രയേലികളെ ഇറക്കിയ ശേഷം കൂട്ടുകാരനോടൊപ്പം അടുത്ത കടയില്‍ ജ്യൂസ് കുടിക്കാന്‍ പോയി. അതിന് ശേഷം മടങ്ങിയെത്തിപ്പോഴാണ് വിഷയം അറിഞ്ഞത്. ഉടന്‍ ശക്തമായി ഇടപെട്ടു. ആ ഇസ്രയേലികള്‍ക്കും പ്രശ്‌നം വഷളാക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. പ്രശ്‌നങ്ങളില്ലാതെ എല്ലാം പരിഹരിക്കണമെന്ന നിലപാടാണ് അവര്‍ എടുത്തതെന്ന് ഓട്ടോ ഡ്രൈവര്‍ മറുനാടനോട് പറഞ്ഞു.

ഈ പ്രശ്‌നത്തിന്റെ വീഡിയോ അതിവേഗം വൈറലായി. നയതന്ത്ര തലത്തിലെ ഇടപെടല്‍ കേന്ദ്ര ഏജന്‍സികളും തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് വിവര ശേഖരണത്തിന് ഐബിയും റോയും ഓടിയെത്തിയത്. നിലവില്‍ പ്രശ്‌നമൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. കട നടത്തിപ്പുകാരുടെ ചരിത്രവും പശ്ചാത്തലവുമെല്ലാം ഐബിയും റോയും ശേഖരിക്കും. പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇസ്രയേല്‍ എംബസിയും ഈ വിവാദം ശ്രദ്ധിച്ചിട്ടുണ്ട്. നിലവില്‍ അവര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. നാട്ടുകാരുടെ പിന്തുണ കിട്ടിയതില്‍ ഇസ്രയേലി ദമ്പതികളും സന്തുഷ്ടരാണ്. കേരളത്തില്‍ വിനോദ സഞ്ചാര ലക്ഷ്യത്തോടെയാണ് ഈ ദമ്പതികള്‍ എത്തിയതെന്ന് പോലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. ടൂറിസം വകുപ്പും വിവാദത്തെ ഗൗരവത്തില്‍ എടുക്കും.

ഇസ്രായേല്‍ പൗരന്മാര്‍ ആയത് കൊണ്ട് വിനോദ സഞ്ചാരികളെ ഇറക്കി വിട്ടു എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര്‍ ഇടപെടുകയായിരുന്നു. കാര്യം എന്താണെന്ന് മനസിലായതിനെ തുടര്‍ന്ന് ക്രുദ്ധരായ പ്രദേശ വാസികള്‍ കുറച്ച് കടുത്ത ഭാഷയില്‍ തന്നെ മറ്റ് കടയുടമയോട് ഇടപെടുകയായിരുന്നു. പ്രദേശ വാസികളായ കടക്കാര്‍, കശ്മീര്‍ സ്വദേശികളോട് രൂക്ഷമായി സംസാരിക്കുന്നതും, ദേഷ്യപ്പെടുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാട്ടുകാരുടെ ഇടപെടലുണ്ടായില്ലെങ്കില്‍ നയതന്ത്ര തലത്തില്‍ പോലും അത് രാജ്യത്തിന് തിരിച്ചടിയാകുമായിരുന്നു. കേരളത്തിലേക്ക് വീണ്ടും ടൂറിസ്റ്റുകള്‍ എത്തുകയാണ്.

കൊച്ചിയില്‍ നിന്നും മൂന്നാറിലേക്കും മറ്റും ആളെ കൊണ്ടു പോകാന്‍ സീ പ്ലെയിന്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിക്കുന്നതും ഇതിലൂടെയുള്ള വരുമാന നേട്ടത്തിന് വേണ്ടിയാണ്. അങ്ങനെ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ടൂറിസം വികസനത്തിന് സര്‍ക്കാര്‍ മുമ്പോട്ട് പോകുമ്പോഴാണ് ഇസ്രയേല്‍ വിവാദം തേക്കടിയില്‍ ഉണ്ടാകുന്നത്. ഇടുക്കിയിലേക്ക് വലിയ തോതിലാണ് വിദേശ സഞ്ചാരികള്‍ എത്തുന്നത്. ഈ ഒഴുക്കിനെ പോലും ഈ വിവാദം ബാധിക്കുമായിരുന്നു. എന്നാല്‍ ചിലരുടെ സമചിത്തത കാര്യങ്ങളെ ദോഷത്തിലേക്ക് കൊണ്ടു പോയില്ല. അവരാണ് അഭിനന്ദനം അര്‍ഹിക്കുന്നത്.

Tags:    

Similar News