അമേരിക്കയില്‍ നിന്ന് മേയറാവാന്‍ എത്തി സൗമിനിയോട് പരാജയപ്പെട്ട ഷൈനിക്ക് വേണ്ടി ജാതിക്കാര്‍ഡ് ഇറക്കി ഇക്കുറി ചരട് വലിക്കുന്നത് ഹൈബി ഈഡന്‍; കൊച്ചിക്കാരുടെ മാലിന്യ പ്രശ്‌നത്തിന് ദീപ്തി മോഡല്‍ കൊള്ളാമെന്ന് ജനം വിധി എഴുതിയപ്പോള്‍ എല്ലാവരും ചൂണ്ടിക്കാട്ടിയ മുഖം വെട്ടാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; ദീപ്തി മേരി വര്‍ഗീസിനെ ഒഴിവാക്കാന്‍ ഹൈബി ഉയര്‍ത്തുന്നത് ലത്തീന്‍ വാദം

ദീപ്തി മാറി വര്‍ഗീസിനെ ഒഴിവാക്കാന്‍ ഹൈബി ഉയര്‍ത്തുന്നത് ലത്തീന്‍ വാദം

Update: 2025-12-17 03:27 GMT

കൊച്ചി: കോണ്‍ഗ്രസിന് വേണ്ടി വിറകുവെട്ടുകയും വെള്ളം കോരുകയും ചെയ്തവരെ ആ പാര്‍ട്ടി വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടുണ്ടോ? സ്ഥാനം മോഹിച്ച് എത്തുന്നവര്‍ക്ക് കസേര ഒരുക്കിയ ശേഷം അവര്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയ അനുഭവഭനങ്ങള്‍ കോണ്‍ഗ്രസിന് ധാരാളമുണ്ട്. ഇത്തരക്കാര്‍ ഒരു വശത്തുള്ളപ്പോള്‍ തന്നെ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ജീവിതം അര്‍പ്പിച്ചവര്‍ ത്രിവര്‍ണ പതാക മുറുകേപിടിച്ച് പാര്‍ട്ടിയില്‍ തുടരുകയും ചെയ്യുന്നു. ഇവരുടെ പരിശ്രമം കൊണ്ട് വന്‍ വിജയം നേടാന്‍ പലിയിടത്തും സാധിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവരെ അവസാന നിമിഷം കോണ്‍ഗ്രസ് തള്ളിക്കളയുമോ? കോച്ചിയില്‍ വന്‍ വിജയം നേടിയ ശേഷം മേയര്‍ ആരെന്ന ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമ്പോള്‍ ദീപ്തി മേരി വര്‍ഗീസ് എന്ന മുതിര്‍ന്ന നേതാവിനെ വെട്ടാന്‍ കരുനീക്കം സജീവമാണ്.

പാര്‍ട്ടി പാരമ്പര്യം നോക്കിയാല്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോളം സംഘടനാ പാരമ്പര്യമുള്ള നേതാവാണ് ദീപ്തി മേരി വര്‍ഗീസ്. ദീപ്തി ഇക്കുറി മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തകരും കണക്കുകൂട്ടിയത് അവര്‍ തന്നെ മേയറാകുമെന്നാണ്. എന്നാല്‍, ഇപ്പോള്‍ ദീപ്തിയെ വെട്ടാന്‍ ലത്തീന്‍ സമുദായ കാര്‍ഡുമായി രംഗത്തുവന്നിരിക്കയാണ് കൊച്ചിയിലെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍. സ്ഥലം എംപികൂടിയായ ഹൈബി ഈഡനാണ് ഈ നീക്കത്തിന് ചരടുവലിക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇതോടെ ഒറ്റയ്ക്ക് ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും മേയറെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഗ്രൂപ്പുതാത്പര്യങ്ങള്‍ക്കപ്പുറം നേതാക്കള്‍ക്ക് വ്യക്തിതാത്പര്യംകൂടി വന്നതോടെ ചര്‍ച്ച മുന്നോട്ടുപോകാത്ത അവസ്ഥയിലാണ്. മൂന്നുപേരുകളില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീളുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.കെ. മിനിമോള്‍, ഷൈനിമാത്യു എന്നിവരുടെ പേരുകളാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്.

ലത്തീന്‍ സമുദായത്തില്‍നിന്ന് മേയര്‍ സ്ഥാനത്തിനായി ആവശ്യമുയര്‍ത്തുന്നത് മുതിര്‍ന്ന നേതാവായി ദീപ്തിയെ വെട്ടാന്‍ വേണ്ടിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം സമുദായപ്രതിനിധികള്‍ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഹൈബിയാണ് ഈ നീക്കത്തിന് പിന്നില്‍. ലത്തീന്‍ സമുദായത്തില്‍നിന്ന് എറണാകുളത്തു നിന്നു വേണോ, കൊച്ചിയില്‍ നിന്നു വേണോ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്.

മേയര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരുന്ന പേരുകളില്‍ വി.കെ മിനിമോളും ഷൈനി മാത്യുവും ലത്തീന്‍ സമുദായത്തില്‍ നിന്നാണ്. ഇതില്‍ ഷൈനി മാത്യു മുമ്പ് അമേരിക്കയില്‍ നിന്നുമെത്തി മത്സരിച്ചു വിജയിച്ചപ്പോള്‍ വി എം സുധീരന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ സീനിയോരിറ്റി അനുസരിച്ചു സൗമിനി ജെയ്ന്‍ മേയറായി. ഇപ്പോള്‍ ഷൈനിക്ക് വേണ്ടി ജാതിക്കാര്‍ഡുമായി ഹൈബിയും കൂട്ടരും രംഗത്തുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം ദീപ്തി തന്നെ മേയറാകട്ടെ എന്നതാണ്. അവര്‍ അത് അര്‍ഹിക്കുന്നുണ്ടെന്നാണ പ്രവര്‍ത്തകരുടെ വികാരം. കെട്ടിയിറക്കപ്പെട്ട നേതാവല്ല ദീപ്തി മേരി വര്‍ഗീസ്. സ്ഥാനം മോഹിക്കാതെ വര്‍ഷങ്ങാളായി അവര്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുണ്ട്. സമുദായ പരിഗണനയേക്കാള്‍ മികവിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നാണ് പ്രവര്‍ത്തക വികാരം.

അതേസമയം ദീപ്തിയെ വെട്ടാന്‍ സമുദായ കാര്‍ഡ് ഇറക്കുന്നവര്‍ പറയുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയുടെ ഉള്‍പ്പെടെ തീരമേഖലയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യമാണ്. മേയറെ നിശ്ചയിക്കുമ്പോള്‍ ഇക്കാര്യം പരിഗണിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു.

സാമുദായിക പരിഗണനയും രാഷ്ട്രീയത്തിലെ സീനിയോറിറ്റിയും ഗ്രൂപ്പുകളുടെ സ്വാധീനവുമെല്ലാം പരിഗണിച്ചാകും മേയറെ തീരുമാനിക്കുക. മേയര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായാല്‍ ഡപ്യൂട്ടി മേയറുടെ കാര്യത്തില്‍ സാമുദായിക സന്തുലനം പാലിക്കേണ്ടിവരും. മേയര്‍സ്ഥാനത്തിന് ക്രൈസ്തവസമുദായം പിടിമുറുക്കിയിരിക്കുന്നതിനാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഹൈന്ദവസമുദായത്തിന് നല്‍കണമെന്ന ആവശ്യം ശക്തമാണ്. നഗരത്തില്‍ മുതിര്‍ന്ന കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാറിന്റെ പേരാണ് നായര്‍ സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ളത്.

എന്തു പരിഗണകള്‍ കാരണമാണെങ്കിലും ദീപ്തിയെ പരിഗണിക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ എളുപ്പം പിടിച്ചെടുത്തത് അല്ലെന്നും കൃത്യമായ പ്രതിപക്ഷ പ്രവര്‍ത്തനം ഇവിടെ നടന്നുവെന്നുമാണ് ദീപ്തിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയിലെ മാലിന്യ പ്രശ്‌നങ്ങളും വെള്ളക്കെട്ടും ഒക്കെ എല്‍ഡിഎഫിനെ അടിക്കാന്‍ യുഡിഎഫ് കൃത്യമായി ഉപയോഗിച്ചു. ബ്രഹ്‌മപുരം കത്തിയതൊക്കെ ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു.

ഇതിനൊക്കെയും കഴിഞ്ഞത് കൊച്ചിന്‍ സ്റ്റേഡിയത്തിനടുത്ത് പ്രതിപക്ഷ കൗണ്‍സിലരായ ദീപ്തി മേരി വര്‍ഗീസ് ജിയോജിത്ത് ഫൗണ്ടേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച്, കോര്‍പ്പറേഷന്റെ ഒരു രൂപ ഫണ്ട് ഇല്ലാതെ ഭൂമി മിത്ര എന്ന പേരില്‍ ഒരു മാലിന്യ പ്ലാന്റ് തുടങ്ങിയപ്പോഴാണ്' കൊച്ചിയുടെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ബദല്‍ സംവിധാനം ഉണ്ട് എന്ന് ഒരു പ്രതിപക്ഷ കൗണ്‍സിലര്‍ കൊച്ചിക്കാരോട് വിളിച്ചുപറയുന്ന കാഴ്ചയാണ് അവിടെ കണ്ടത്. അവിടെ നിന്നുമാണ് കൊച്ചിന്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ തേരോട്ടം തുടങ്ങിയതും.

ദീര്‍ഘവീക്ഷണത്തോടെ ദീപ്തി മേരി വര്‍ഗീസ് മുന്നില്‍ നിന്നപ്പോള്‍ മേയര്‍ അനില്‍കുമാര്‍ വേണ്ട ദീപ്തിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മതിയെന്ന് കൊച്ചിയിലെ ജനത അങ്ങ് തീരുമാനിച്ചു. ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദീപ്തി സ്വന്തം ഡിവിഷന്‍ നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ ഒരു വനിതാ നേതാവിനെ കിട്ടുന്ന പൊതു സ്വീകാര്യത കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്. വമ്പന്‍ ഭൂരിപക്ഷത്തില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചു പിടിച്ചിരിക്കുന്നു.

മേയറായി ദീപ്തി മേരി വര്‍ഗീസ് വന്നാല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ കാണിച്ച അതേ ആര്‍ജ്ജവം തന്നെ കൊച്ചിയെ നയിക്കാന്‍ കാണിക്കുമോ എന്നതാണ് ജനം ഉറ്റുനോക്കുന്നത്. കൊച്ചിയുടെ സമസ്ത മേഖലകളിലും ഓരോ പ്രശ്‌നങ്ങളിലും അവര്‍ ഓടിയെത്തും ആയിരുന്നു. വെള്ളക്കെട്ട് ഉണ്ടെങ്കിലും മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവിടെ ആദ്യത്തെ ശബ്ദം ദീപ്തി മേരിയുടേതായിരുന്നു. ആ ശബ്ദം കൂടുതല്‍ മികവോടെ കൊച്ചിയെ നയിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ആ നീക്കത്തിന് തടയിടാന്‍ സമുദായ കാര്‍ഡുമായി ഒരു വിഭാഗം രംഗത്തുവരുന്നതും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സമവായ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഹൈന്ദവസമുദായത്തിലെ മറ്റുവിഭാഗക്കാരും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി വലവീശുന്നുണ്ട്. എന്നാല്‍ ഒരേസമുദായത്തിലെ ഒന്നിലധികം പേര്‍ രംഗത്തുള്ളതിനാല്‍ ആ വഴിക്കുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. തീരുമാനത്തിലെത്താന്‍ കഴിയാതെവന്നാല്‍ മേയര്‍സ്ഥാനം വീതംവെപ്പിലേക്ക് എത്താനുള്ള സാധ്യതകളും കാണുന്നുണ്ട്. മേയര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായശേഷം വേണം ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കാന്‍.

അതിനിടെ ഇക്കുറി ഡെപ്യൂട്ടി മേയര്‍ സ്ഥാനം കിട്ടിയേതീരു എന്ന തീരുമാനത്തിലാണ് മുസ്ലിം ലീഗ്. പശ്ചിമ കൊച്ചിയലടക്കം മുന്നണിക്ക് അതിശക്തമായ വിജയം ഉണ്ടാക്കിക്കൊടുത്തതിനുപിന്നില്‍ തങ്ങളും വിയര്‍ത്തിട്ടുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം. ലീഗിനുവേണ്ടി മുതിര്‍ന്ന കൗണ്‍സിലര്‍ ടി.കെ. അഷ്റഫാണ് രംഗത്തുള്ളത്. ഇവിടെ ചര്‍ച്ചചെയ്താല്‍ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാവില്ലെന്ന് ഉറപ്പായതിനാലാണ് അഷ്റഫ് പാണക്കാട്ടേക്ക് വണ്ടികയറിയത്. അവിടെനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷായാണുള്ളത്. ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുവന്നിരുന്ന അഷ്റഫിന് ഇക്കുറി അത് ലഭിക്കില്ല.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വനിതാസംവരണമാണ്. ടാക്സ് ആന്‍ഡ് അപ്പീല്‍, ക്ഷേമകാര്യം, പൊതുമരാമത്ത്, തുടങ്ങിയ സ്ഥിരംസമിതികള്‍ മാത്രമാണ് പുരുഷന്മാര്‍ക്ക് ഇക്കുറി ലഭിക്കുക.

Tags:    

Similar News