ഹിസ്ബുള്ളയെ തീര്‍ത്ത മൊസാദ് ബുദ്ധി നടപ്പിലാക്കിയത് മലയാളിയിലൂടെയോ? റിന്‍സണ്‍ ജോസിനെ തേടി നോര്‍വെയും ബള്‍ഗേറിയയും; പൊട്ടിത്തെറിച്ച പേജറുകളുടെ ഇടനിലക്കാരന്‍ എന്ന് മാധ്യമങ്ങള്‍: ലെബനന്‍ യുദ്ധത്തിലെ മലയാളി ട്വിസ്റ്റ് ഇങ്ങനെ

റിന്‍സണ്‍ ജോസിനെ തേടി നോര്‍വെയും ബള്‍ഗേറിയയും

Update: 2024-09-20 06:25 GMT

ലണ്ടന്‍: ലോകത്തെ അമ്പരപ്പിച്ച പേജര്‍ ആക്രമണത്തിന് പിന്നില്‍ മലയാളി കണക്ഷനോ? ലബനനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കില്‍ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങള്‍ രംഗത്തു വന്നതോടെ മലയാളികളും ഞെട്ടുകയാണ്. ലോകത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് നടക്കമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്ന് ലോകമാധ്യമങ്ങള്‍ പുറത്തുവിട്ടത്. യുകെയിലെ പ്രമുഖ മാധ്യമമായ ഡെയ്ലിമെയിലാണ് പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മലയാളി കണ്ണിയായ റിന്‍സണ്‍ ജോസിന്റെ ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ടു ചെയ്തത്. ഇസ്രായേലിന്റെ മാസ്റ്റര്‍പ്ലാന്‍ അറിയാതെ നോര്‍വെ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോസ് ഇടപാടില്‍ പെട്ടുപോയെന്ന വിധത്തിലാണ് ഡെയ്‌ലി മെയ്ല്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്.

നോര്‍വ്വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി പ്രൊഫഷണലാണ് റിന്‍സണ്‍ ജോസ്. ലബനനിലേക്ക് അയ്യായിരത്തോളം പേജറുകള്‍

വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകള്‍ നിര്‍മ്മിച്ചത് എന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച കമ്പനി തങ്ങള്‍ ദൗത്യത്തിന്റെ ഉപകരാര്‍ ദീര്‍ഘകാലമായി ബന്ധമുള്ള ഹംഗറിയിലെ ബി.എ.സി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചതെന്ന് അറിയിച്ചു. ഈ സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് കഴിഞ്ഞ ദിവസം വിവാദങ്ങളില്‍നിറഞ്ഞു നിന്ന ക്രിസ്ത്യാനാ ആര്‍സി ഡയകോണോ ബാര്‍സോണി.

പേജറുകള്‍ നിര്‍മ്മിക്കുന്നതിനായി ക്രിസ്ത്യാനക്ക് പണം നല്‍കിയത് ബള്‍ഗേറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമയായ റിന്‍സണ്‍ ജോസാണ് എന്നാണ് ബി.എ.സി കണ്‍സള്‍ട്ടിംഗ് അറിയിച്ചത്. 1.3 മില്യണ്‍ പൗണ്ടാണ് റിന്‍സണ്‍ കൈമാറിയത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പേജര്‍ പദ്ധതിയിലെ ഇടനിലക്കാരനായി റിന്‍സണ്‍ മാറിയെന്ന വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനവുമായി റിന്‍സന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. സ്‌ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്. ഈ പശ്ചാത്തലത്തിലാണ് മലയാളിയിലേക്കും അയാളുടെ കമ്പനിയിലേക്കും അന്വേഷണം നീളുന്നത്.


 



ആദ്യം ലണ്ടനില്‍ ജോലി ചെയ്തിരുന്ന റിന്‍സണ്‍ 2015 ലാണ് ഓസ്ലോയില്‍ എത്തിയത് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ റിന്‍സണ്‍ ഓസ്ലോയില്‍ ഇല്ല എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. നേരത്തേ നിശ്ചയിച്ചത് പ്രകാരമുള്ള വിദേശയാത്രയിലാണ് അദ്ദേഹം എന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായി ഓസ്ലോ പോലീസ് അറിയിച്ചു.

ഓസ്ലോ നഗരപ്രാന്തത്തിലുള്ള മോര്‍ട്ടന്‍സ്രൂഡിലെ റിന്‍സന്റെ ഫ്ളാറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു എങ്കിലും അവിടെ ആരും ഇല്ലായിരുന്നു. നിരവധി മാസങ്ങളായി റിന്‍സണെ കാണുന്നില്ല എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എന്നാല്‍ റിന്‍സന്റെ പേരുമായി ബന്ധപ്പെട്ട് പുറത്ത വരുന്ന വാര്‍ത്തകള്‍ ഞെട്ടിച്ചു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.


 



നല്ലൊരു മനസിന്റെ ഉടമയാണ് റിന്‍സണ്‍ എന്നും ക്യാന്‍സര്‍ രോഗികള്‍ക്കായി സ്വന്തം തലമുടി നല്‍കിയ വ്യക്തിയാണ് റിന്‍സണ്‍ എന്നൊക്കെയാണ് സുഹൃത്തുക്കള്‍ പറയുന്നത്. റിന്‍സണ്‍ ഒരിക്കലും ഭവിഷ്യത്തുകള്‍ അറിഞ്ഞു കൊണ്ടായിരിക്കില്ല ഇത്തരമൊരു ഇടപാടില്‍ ഉള്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2016 ലാണ് റിന്‍സണ്‍ ജോസ് നോര്‍ട്ടാ ലിങ്ക് എന്ന സ്ഥാപനം ആരംഭിച്ചത്. റിന്‍സണെ ഫോണിലൂടെയും ഇ-മെയില്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല എന്നാണ് ഡെയ്ലി മെയില്‍ വ്യക്തമാക്കുന്നത്. റിന്‍സണ്‍ ജോസ് അമേരിക്കയിലാണെന്നും സൂചനകളുണ്ട്.


Full View


Tags:    

Similar News