വ്യായാമത്തിലും വര്‍ഗീയതയോ! പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പുതിയ വ്യായാമ മുറയിറക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ഫീസില്ലാതെ നടത്തുന്ന പരിശീലനത്തിന് പിന്നില്‍ മതരാഷ്ട്രവാദികള്‍; പുതിയ എക്സര്‍സൈസ് കൂട്ടായ്മകള്‍ക്കെതിരെ പൊലീസ് അന്വേഷണം
കോഴിക്കോട്: എന്തും വളരെ പെട്ടെന്ന് വര്‍ഗീയമാവുന്ന ഒരുകാലമാണെല്ലോ ഇത്. പക്ഷേ ഒരു വ്യായാമ മുറപോലെ വര്‍ഗീയമാവുമെന്ന് കണ്ട് ഞെട്ടിയിരിക്കയാണ് കേരളാ പൊലീസ്. മെക് സെവന്‍ എന്നപേരില്‍ കേരളത്തിലടക്കം വളരെ പെട്ടെന്ന് പ്രചാരം കിട്ടിയ ഒരു വ്യായാമ മുറക്ക് പിന്നില്‍ ഇസ്ലാമിക മതമൗലികവാദികളുടെ പങ്കിനെക്കുറിച്ച്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്.
മെക് സെവന്‍ എന്ന വ്യായാമ മുറക്കെതിരെ വിമര്‍ശനവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ രംഗത്ത് എത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടും, ജമാഅ ഇസ്ലാമിയുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മാസ്റ്റര്‍ ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
വ്യായാമ മുറക്ക് വേണ്ടി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍മാരില്‍ ചിലരെ പറ്റി അന്വേഷിച്ചപ്പോള്‍ അവര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് എന്ന വിവരം ലഭിച്ചതായി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.''ഇവിടിപ്പോ ഒരു പുതിയ നീക്കമുണ്ട്. കണ്ണൂരിലുണ്ടോ എന്നറിയില്ല. വ്യായാമ മുറ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് പരിശീലനം നടത്തുകയാണ്. ചില സഖാക്കളാണ് ഇത്സംബന്ധിച്ച് പറഞ്ഞത്. ഇതനുസരിച്ച് കക്കോടി, ബാലുശേരി എന്നിവടങ്ങളില്‍കാര്യമായ അന്വേഷണം നടത്തിയപ്പോഴാണ് അഡ്മിന്‍മാര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്ന വിവരം ലഭിച്ചത്.
ജമാഅത്തെ ഇസ്ലാമിക്കാരാണ് ഇവരെ എഴുന്നെള്ളിച്ച് കൊണ്ടുവരുന്നത്.പത്തു പൈസ ഫീസില്ല. ആദ്യം ഒന്നുരണ്ടുപേര്‍ പരിശീലനം നല്‍കാനായി വരും. പിന്നീട് കൂട്ടത്തിലുള്ള ആരെങ്കിലുംചെയ്താല്‍ മതി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തിന്മറയിടാനുള്ള പരിവേഷമുണ്ടാക്കുകയാണ് ചെയ്യുന്നത്''- മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.
എന്താണ് മെക് സെവന്‍
അതിവേഗം പ്രചാരം നേടുന്ന വ്യായാമ മുറയാണ് മെക് സെവന്‍. യോഗയും ധ്യാനവും അക്യുപ്രഷറും ഉള്‍പ്പെട്ട എഴ് വിഭാഗങ്ങളിലെ 21 തരം വ്യായാമ മുറയാണിത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയും വിമുക്ത ഭടനുമായ പെരിങ്കടക്കാട് സലാഹുദ്ദീനാണ് ഇതിന് രൂപം നല്‍കിയത്. ഇരുപത് വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്ത ശേഷമാണ് സൈനുദ്ദീന്‍ നാട്ടിലെത്തിയത്.
2012 ജൂലൈയില്‍ തുറക്കലിലാണ് ഇതിന് തുടക്കം കുറിച്ചത്. മള്‍ട്ടി എക്സര്‍സൈസ് കോംപിനേഷന്‍ എന്നാണ് മെക് സെവനെ വിളിക്കുന്നത്. എയ്റോബിക്, ലളിത വ്യായാമം, യോഗ, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷര്‍, ധ്യാനം, ഫെയ്സ് മസാജ് എന്നീ 7 ഇനങ്ങളെയാണു പേര് സൂചിപ്പിക്കുന്നത്. ഈ ഏഴ് വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. സൈനിക സേവനത്തിനിടെയാണ് ഇക്കാര്യം സ്വായത്തമാക്കിയത് എന്നാണ് സലാഹുദ്ദീന്‍ പറയുന്നത്. ഏതു പ്രായക്കാര്‍ക്കും ലളിതമായി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പക്ഷേ സലാഹുദ്ദീന്‍ സദുദ്ദേശത്തോടെയാണ് ഇത് തുടങ്ങിയതെങ്കിലും, ഇസ്ലാമിക മതമൗലികവാദികളില്‍ ഒരു വിഭാഗം ഇത് ഹൈജാക്ക് ചെയ്തുവെന്നാണ് പറയുന്നത്. മെക് സെവന്‍ കൂട്ടായ്മകളുടെ മറവിലാണ് അവര്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് ഉണ്ടാക്കുന്നത് എന്നാണ് വിമര്‍ശനം.വ്യായാമം പരിശീലിക്കയാണെന്ന് പറഞ്ഞാണ് ഇവര്‍ യുവാക്കളെ അടക്കം കൂട്ടുന്നത്. പുറമെനിന്ന് നോക്കുമ്പോള്‍ കുഴപ്പം ഒന്നും തോന്നില്ലെങ്കിലും, പതുക്കെപതുക്കെ ഈ കായിക പരിശീലനം ആയുധ പരിശീലനമായി മാറുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
നേരത്തെ കേരളത്തില്‍ ആദ്യമായി തുടങ്ങിയ മതമൗലികവാദ സംഘടന എന്ന് പേരുള്ള നാദാപുരം ഡിഫന്‍സ് ഫോഴ്സൊക്കെ തുടക്കം ഈ രീതിയിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കയാണ്.