സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും എകെജി സെന്ററിന്റെയും തിട്ടൂരം നടപ്പാക്കിയത് പത്മകുമാറിനെ ഒന്നും അറിയിക്കാതെ; ദേവസ്വം കമ്മീഷണറായിരിക്കെ സര്‍വ്വ ശക്തന്‍; സ്വര്‍ണ്ണ പാളിയില്‍ സംശയ നിഴലിലുള്ള ഉദ്യോഗസ്ഥനെ പിഎ ആക്കിയതും ചരിത്രം; ഇമെയില്‍ കൊള്ളുന്നത് കുളനട പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റേത്; വാസു പ്രതിയാകുമോ?

Update: 2025-10-07 05:58 GMT

കൊച്ചി: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബാക്കിയുള്ള സ്വര്‍ണ്ണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിന് ഇ മെയില്‍ അയച്ചുവെന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഈ ഇ മെയില്‍ എ പത്മകുമാറിന് കിട്ടിയതാണെന്നായിരുന്നു സൂചനകള്‍. എന്നാല്‍ എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോള്‍ കിട്ടിയതാണ്. ഇക്കാര്യം വാസു സ്ഥിരീകരിച്ചു. ഇതോടെ പത്മകുമാര്‍ ആരോപണ നിഴലില്‍ നിന്നും മാറുകയാണ്. മുമ്പും പത്മകുമാറിന് വാസു കാരണം പഴി കേട്ടിട്ടുണ്ട്. സ്വര്‍ണ്ണ പാളി കേസില്‍ വാസു പ്രതിയാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

തിരുവിതാകൂര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു പത്മകുമാര്‍. അന്ന് കമ്മീഷണറായിരുന്നു വാസു. സ്ത്രീ പ്രവേശന വിവാദത്തില്‍ അടക്കം നിയമ നടപടികളില്‍ മുന്നില്‍ നിന്നത് വാസുവായിരുന്നു. സ്ത്രീ പ്രവേശന വിധിയിലേക്ക് കാര്യങ്ങളെത്തിയത് വാസുവിന്റെ ഇടപെടലുകളിലൂടെയായിരുന്നുവെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പില്‍ സര്‍ക്കാരിനായി യാത്ര ചെയ്തതും വാസുവായിരുന്നു. സുപ്രീംകോടതിയില്‍ നിന്നും അന്ന് വാസു നേരെ പോയത് എകെജി സെന്ററിലായിരുന്നു. അതെല്ലാം വലിയ ചര്‍ച്ചയായിരുന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. ഈ എകെജി സെന്റര്‍ കൂടിക്കാഴ്ച ഏറെ ചര്‍ച്ചയായിരുന്നു. സ്ത്രീ പ്രവേശന വിധിയിലെ ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളിലെ വൈരുദ്ധ്യം അടക്കം ചര്‍ച്ചയായി.

സ്ത്രീ പ്രവേശന വിധിയെ ബോര്‍ഡ് അംഗീകരിക്കുമെന്ന സത്യവാങ്മൂലം വലിയ ചര്‍ച്ചയായി. അന്ന് നവോത്ഥാന വഴിയില്‍ സിപിഎമ്മിനേയും പിണറായി വിജയനേയും കൊണ്ടു പോയത് വാസുവിന്റെ നിലപാട് ആയിരുന്നു. വിധി നടപ്പാക്കാന്‍ സാവകാശം തേടാനുള്ള പത്മകുമാറിന്റെ നീക്കം പൊളിഞ്ഞത് വാസുവിന്റെ ഇടപെടല്‍ കാരണമായിരുന്നു. സിപിഎമ്മിന്റെ വനിതാ സംരക്ഷണ മതിലിലേക്ക് പോലും കാര്യങ്ങളെത്തി. രണ്ടു വട്ടം തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായ സിപിഎമ്മുകാരനാണ് വാസു. 1977ലും 82ലും കുളനട പഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് വിജിലന്‍സ് ട്ര്യുബ്യൂണലില്‍ ജഡ്ജിയായി. മന്ത്രി പികെ ഗുരുദാസന്റെ പേഴ്‌സണല്‍ സ്റ്റാഫിലും ഉണ്ടായിരുന്നു. അവിടെ നിന്നാണ് ഐഎഎസുകാര്‍ക്ക് മാത്രം അവകാശമുള്ള ദേവസ്വം കമ്മീഷണറായത്.

യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും ഐഎഎസുകാരന്‍ ആ പദവിയില്‍ എത്തി. പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ദേവസ്വം കമ്മീഷണറായി വാസു. പിന്നീട് സര്‍ക്കാരിന്റെ വിശ്വസ്തന്‍. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും മുകളിലായിരുന്നു വാസു എന്നത് പകല്‍ പോലെ വ്യക്തം. വാസുവിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍. ഇതില്‍ ഒരാള്‍ വാസുവിന്റെ പിഎയുമായി. അഴിമതി കേസില്‍ കുടുങ്ങിയ ശേഷമായിരുന്നു ഈ നിയമനം. മെസ് തട്ടിപ്പിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതും വാസുവിന്റെ പിന്തുണയിലാണെന്ന വാദം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു വാസു.

ഇതിനൊപ്പമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ വാസുവിനാണ് എത്തുന്നതെന്ന സ്ഥിരീകരണം ഉണ്ടാകുന്നത്. ഈ ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണ്ണപാളിയുമായി ബന്ധപ്പെട്ട വിവാദം നടക്കുമ്പോള്‍ വാസുവായിരുന്നു ദേവസ്വം ബോര്‍ഡിലെ പ്രധാനി,. ഇതോടെ വീണ്ടും പത്മകുമാര്‍ പഴിയില്‍ നിന്നും രക്ഷപ്പെടുകയാണ്.

ഇമെയില്‍ കഥ ഇങ്ങനെ

2019 ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ബാക്കിയുള്ള സ്വര്‍ണ്ണം ഉപയോഗിക്കാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ മെയില്‍ അയച്ചത്. ശബരിമല ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വര്‍ണ്ണപ്പണി പൂര്‍ത്തിയാക്കിയ ശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ടെന്നും ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ആ സ്വര്‍ണ്ണം ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇ മെയില്‍ അയച്ചത്. 2019 ഡിസംബര്‍ 17 ന് ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ മെയിലിന് മറുപടി അയക്കുകയും ചെയ്തു.

ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ആറാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണണെന്നും പ്രത്യേക അന്വേഷണ സംഘത്തോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. വിജയ് മല്യ ദ്വാരപാലക ശില്പങ്ങളില്‍ ആവരണം ചെയ്തത് 1.564 കിലോ ഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ്. 1999ല്‍ സ്വര്‍ണ്ണം പൂശാന്‍ ഉപയോഗിച്ചത് പരമ്പരാഗത രീതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരെ കുറിച്ച് സംശയമുണ്ട്. ദേവസ്വം മാന്വലിന്റെ ലംഘനമാണ് നടന്നത്. 2019ലെ പ്ലേറ്റിങ്ങിനു ശേഷം തിരികെ നല്‍കിയ സ്വര്‍ണപാളികള്‍ ഉദ്യോഗസ്ഥര്‍ തൂക്കി നോക്കിയില്ല. സ്വര്‍ണം ആവരണം ചെയ്ത സമയത്തെ തൂക്കവും പിന്നീട് കുറവ് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അത്തരം അറിവുകള്‍ ഉണ്ടായിരുന്നിട്ടും വസ്തുക്കള്‍ വീണ്ടും സ്വര്‍ണാവരണം ചെയ്യാന്‍ ഏല്പിച്ചു എന്നതാണ് ശ്രദ്ധേയം.

സ്വര്‍ണപ്പാളി മോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിക്കുകയും ചെയ്തു എന്‍.വാസു. ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വര്‍ണപ്പണി പൂര്‍ത്തിയാക്കിയ ശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ടെന്നും , ഇത് മറ്റ് ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടിയുള്ളതായിരുന്നു മെയില്‍.കത്ത് താന്‍ നോട്ട് എഴുതി ദേവസ്വം കമ്മീഷണര്‍ക്ക് വിട്ടെന്നും,പിന്നീട് കോവിഡ് കാലമായതിനാല്‍ എന്തായെന്ന് അറിയില്ലെന്നും എന്‍.വാസു പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ല. സ്വര്‍ണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവില്‍ അല്ലെന്നും അതുകൊണ്ടാണ് വിഷയത്തില്‍ അഭിപ്രായം പറയാതിരുന്നതെന്നും എന്‍.വാസു പറഞ്ഞു. സ്‌പോണ്‍സര്‍ എന്ന നിലയിലാ പോറ്റിയെ പരിചയമുള്ളത്. നിരവധി സ്‌പോണ്‍സര്‍മാര്‍ ശബരിമലയില്‍ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതല്‍ അന്വേഷണം നടത്തല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബാക്കിയുള്ള സ്വര്‍ണ്ണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിന് ഇ മെയില്‍ അയച്ചുവെന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2019 ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ബാക്കിയുള്ള സ്വര്‍ണ്ണം ഉപയോഗിക്കാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ മെയില്‍ അയച്ചത്. ശബരിമല ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വര്‍ണ്ണപ്പണി പൂര്‍ത്തിയാക്കിയ ശേഷം കുറച്ച് സ്വര്‍ണം ബാക്കിയുണ്ടെന്നും ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ആ സ്വര്‍ണ്ണം ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നും ആവശ്യപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇ മെയില്‍ അയച്ചത്. 2019 ഡിസംബര്‍ 17 ന് ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ മെയിലിന് മറുപടി അയക്കുകയും ചെയ്തിരുന്നു.

Similar News