തട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മലയെ രക്ഷിച്ച ജനകീയന്‍; കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റാന്‍ ധൃതഗതിയില്‍ നീങ്ങിയവരെ വെട്ടിലാക്കിയത് എഡിഎം; 300 കോടി രൂപയുടെ അനധികൃത ഖനനം തടഞ്ഞ ക്ലീന്‍ ഇമേജ്; നവീന്‍ ബാബു നിയമവിരുദ്ധ ക്വാറി മാഫിയയുടെ ആജന്മശത്രു; ശ്രീകണ്ഠാപുരത്തെ പ്രശാന്തന്റെ ബന്ധു സംശയ നിഴലില്‍
പാലക്കാട്: നിയമവിരുദ്ധ ക്വാറി മാഫിയയുടെ ആജന്മശത്രുവായിരുന്നു എഡിഎം നവീന്‍ ബാബുവെന്ന വിവരവും പുറത്ത്. പ്രശാന്തനോട് 98,000 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപണമുയരുന്ന നവീന്‍ ബാബു എന്നും ക്വാറി മാഫിയയുടെ ആജന്മശത്രുവായിരുന്നു. ശ്രീകണ്ഠാപുരം മേഖലയില്‍ ക്വാറി മാഫിയയെ നിയന്ത്രിക്കുന്നത് പ്രശാന്തന്റെ അടുത്ത ബന്ധുവാണ്. ഇതും നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പുതു തലം നല്‍കുന്നു. ഈ മേഖലയിലെ ക്വാറി മാഫിയാ ഇടപെടലിനെതിരെ ഒരു ഫയലില്‍ നവീന്‍ ബാബു കുറിച്ചിരുന്നുവെന്നാണ് സൂചന. ഈ ഫയല്‍ കുറിപ്പാണ് ചിലരുടെ കണ്ണിലെ കരടായി നവീന്‍ ബാബുവിനെ മാറ്റിയത്. ഇതു കൊണ്ടു കൂടിയാണ് നവീന്റേത് കൊലപാതകമാകാനുള്ള സാധ്യതയും കൂടുന്നത്. പെട്രോള്‍ പമ്പിന് അപ്പുറത്തേക്ക് നവീന്റെ മരണത്തിന് പിന്നില്‍ ചിലതുണ്ടെന്നതാണ് വസ്തുത. ക്വാറി മാഫിയകള്‍ കോടികള്‍ വാഗ്ദാനം ചെയ്തിട്ടും അതിലൊന്നും വീഴാത്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍. കണ്ണൂരിലെ വന്‍ ക്വാറി മാഫിയകള്‍ക്ക് നവീന്‍ ബാബു ഒരു വലിയ മാര്‍ഗതടസമായിരുന്നു. ഇതും മാനസിക പീഡനങ്ങള്‍ക്ക് കാര്യകാരണമായിട്ടുണ്ട്.
ജൂലൈ മുതല്‍ കണ്ണൂരില്‍ വന്‍ പൊതുജന പ്രതിഷേധത്തിനിടയാക്കിയ ഒന്നാണ് തട്ടുമ്മല്‍ കൂവക്കര മലയില്‍ സ്വകാര്യ വ്യക്തി ക്വാറി തുടങ്ങാന്‍ നടത്തിയ ശ്രമങ്ങള്‍. ഒരു നാടു മുഴുവന്‍ ആശ്രയിക്കുന്ന ജലസ്രോതസ് തകര്‍ക്കുന്നതാണ് ഈ ക്വാറി മാഫിയ. പെരുമ്പപ്പുഴയുടെ ഉത്ഭവ സ്ഥാനമാണ് കൂവക്കര മല. ഈ ക്വാറിയുടെ സമീപത്തായി തട്ടുമ്മല്‍ ദിവ്യപുരം ക്ഷേത്രം, രണ്ട് ജുമാ മസ്ജിദ്, മദ്രസകള്‍, നെടുംചാല്‍ കരിമണല്‍ ചാമുണ്ഡി ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി, അങ്കണവാടികള്‍ തുടങ്ങിയവയുണ്ട്. നിര്‍ദിഷ്ട ക്വാറിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിട്ടാണ് എല്ലോറ എന്ന ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. ഇത് ഏറെ വിവാദമായിരുന്നു. ചെറുപുഴ പഞ്ചായത്തിലാണ് തട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മല. ഇതിനെതിരെ പ്രദേശവാസികള്‍ രൂപീകരിച്ച അക്ഷന്‍ കമ്മിറ്റിക്ക് നീതി ലഭിച്ചത് അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റായി നവീന്‍ ബാബു എത്തിയപ്പോഴാണ്. ഇതു വലിയ ശത്രുക്കള്‍ നവീന്‍ ബാബുവിനുണ്ടാക്കി. ജീവനോടെ നവീന്‍ ബാബുവിനെ കണ്ണൂരില്‍ നിന്നും തിരിച്ചയയ്ക്കില്ലെന്നും ചിലര്‍ അന്ന് വീമ്പു പറഞ്ഞിരുന്നു.
എല്ലോറ എന്ന ക്വാറി തുടങ്ങുന്നതിനായി നിര്‍ദിഷ്ട-കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റാന്‍ ധൃതഗതിയിലാണ് നീക്കങ്ങള്‍ നടന്നിരുന്നത്. ടവര്‍ മാറ്റുന്നതിനായി തദ്ദേശ ഭരണവകുപ്പിന് ഒരു കോടി രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ എല്ലോറ ക്വാറി ഉടമകള്‍ തയാറായിരുന്നു. ക്വാറിക്കായി ടവറിന്റെ നിര്‍മാണം താമസിപ്പിക്കുകയാണ് എന്ന് ആരോപിച്ച ആക്ഷന്‍ കമ്മിറ്റിക്ക് നീതി കൊടുത്തതും നവീന്‍ ബാബുവായിരുന്നു. പരാതികള്‍ എല്ലാം മനസ്സിലാക്കി വിധി പറഞ്ഞു. എല്ലോറ ക്വാറിയിലേയ്ക്കുള്ള റോഡ് പണിയടക്കം എല്ലാം നിലച്ചു. അങ്ങനെ എല്ലോറ എന്ന പേരില്‍ ക്വാറിയും ക്രഷറും നടത്തുന്നതിന് 2023ല്‍ കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മുന്‍പാകെ ക്വാറി നടത്തിപ്പുകാരിലൊരാള്‍ നല്‍കിയ അപേക്ഷയില്‍ അനുകൂല തീരുമാനം ഉണ്ടായില്ല. പത്തനംതിട്ടയിലെ ക്വാറി മാഫിയയും നവീന്‍ ബാബുവിന്റെ സ്ഥലം മാറ്റത്തെ ഭീഷണിയായി കണ്ടു. ഇത്തരം ഭയങ്ങളും നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിലുണ്ടോ എന്ന സംശയവും സജീവമാണ്.
കാസര്‍ഗോഡും കണ്ണൂരും ജില്ലകളില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഏതാണ്ട് 300 കോടി രൂപയുടെ അനധികൃത ഖനനമാണ് നടന്നിട്ടുള്ളത്. ഈ ജില്ലകളില്‍ എഡിഎം ആയിരുന്നു നവീന്‍ ബാബു. എക്‌സ്‌പ്ലോസീവ്‌സ് ലൈസന്‍സ് ദുരുപയോഗിച്ച കേസുകള്‍ തന്നെ ഇഷ്ടം പോലെയുണ്ട്. കണ്ണൂര്‍ ജില്ലയില്‍ എക്‌സ്‌പ്ലോസീവ്‌സ് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ മാത്രം ലക്ഷങ്ങളോ കോടികളോ അങ്ങോട്ട് ചോദിക്കാതെ തന്നെ കിട്ടുന്ന കാലത്താണ് കണ്ണൂരും കാസറഗോഡും എഡിഎം ആയി നവീന്‍ ജോലി ചെയ്തത്. ക്വാറി അസോസിയേഷന്‍ ഭാരവാഹിയുടെ വരെ ലൈസന്‍സ് റദ്ദാക്കുകയാണ് എഡിഎം ചെയ്തത്. അഴിമതിക്കാരന്‍ എന്ന് അവര്‍ പോലും പരാതി പറയാത്ത ആളായിരുന്നു നവീന്‍ ബാബുവെന്നതാണ് വസ്തുത. ശ്രീകണ്ഠാപുരത്തെ ക്വാറികള്‍ക്ക് പൂട്ടു വീണതോടെ പ്രശാന്തന്റെ അടുത്ത ബന്ധു നവീന്‍ ബാബുവിന് എതിരായി. ഇതില്‍ വരിഞ്ഞ ഗൂഡാലോചനയും പദ്ധതിയുമാണ് നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിലുള്ളതെന്നാണ് ഉയരുന്ന വിലയിരുത്തല്‍.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പമ്പിന് നല്‍കിയ അപേക്ഷയില്‍ അപേക്ഷകന്റെ പേരിന്റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്. പിന്നാലെ എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചെന്നു പറയുന്ന പരാതിയില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് പ്രശാന്തന്‍ എന്നുമാണ്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്തമാണ്. ഇതെല്ലാം എഡിഎമ്മിനെതിരായ പ്രശാന്തന്റെ കൈക്കൂലി പരാതി വ്യാജമെന്ന സൂചനയാണ് നല്‍കുന്നത്. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറില്‍ പ്രശാന്ത് ടി.വി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പ്രശാന്തന്‍ ടി.വി എന്നും. രണ്ട് രേഖയിലെയും ഒപ്പിലെ വ്യത്യാസവും വളരെ വ്യക്തമാണ്. ഇതെല്ലാം ബെനാമി ഇടപാടുകളുടെ സൂചനയാണ് നല്‍കുന്നത്.
നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പരാതിക്കാരനായ പ്രശാന്തന്‍ ബൈക്കിലും നവീന്‍ ബാബു നടന്നുമാണ് വരുന്നത്. പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്സിന്റെ മുന്നില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തത്. ഇരുവരും റോഡില്‍ നിന്നു സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പെട്രോള്‍ പമ്പിന്റെ എന്‍ഒസി ലഭിക്കാന്‍ പ്രശാന്തന്‍, നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം, പണം നല്‍കിയെന്ന് ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ല.
പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ സംരംഭകന്‍ പ്രശാന്തന്‍ ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നാണ് പ്രശാന്തന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പ്രശാന്തന്റെ പരാതി വ്യാജമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതിനിടെയാണ് സിസിടിവി ദൃശ്യം പുറത്തുവരുന്നത്.