കാരാട്ടുമായുള്ള ഡല്‍ഹി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പ്രകോപിതന്‍; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എലത്തൂര്‍ എന്‍സിപിക്ക് നല്‍കില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കുകയുമില്ല; പിസി ചാക്കോയുടെ 'ഡല്‍ഹി തന്ത്രം' പാളി; താന്‍ മുഖ്യമന്ത്രിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മന്ത്രി എകെ ശശീന്ദ്രനും; കേരള എന്‍സിപിയില്‍ പിളര്‍പ്പിന് സാധ്യത
തിരുവനന്തപുരം: തോമസ് കെ തോമസിനെ ഉടന്‍ മന്ത്രിയാക്കാന്‍ കഴിയാത്ത സാങ്കേതിക സാഹചര്യമുണ്ടെന്ന് സിപിഎം ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍സിപിയ്ക്ക് മന്ത്രിയെ പിന്‍വലിക്കാം. എന്നാല്‍ നൂറു കോടിയുടെ കൂറുമാറ്റ അഴിമതി ആരോപണമുള്ളതു കൊണ്ട് തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കുട്ടനാട് എംഎല്‍എയുമായി ബന്ധപ്പെട്ട് മറ്റ് ചില പരാതികളും മുഖ്യമന്ത്രിക്ക് കിട്ടിയെന്നാണ് സൂചന. ഇതോടെ മന്ത്രിയായി എകെ ശശീന്ദ്രന്‍ തുടരാന്‍ സാധ്യത കൂടി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട എന്‍സിപി (എസ്പി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനേയും ഇക്കാര്യം സിപിഎം അറിയിക്കും.
അതിനിടെ എലത്തൂര്‍ സീറ്റ് അടുത്ത തവണ സിപിഎം ഏറ്റെടുക്കും. ഇനി മത്സരിക്കാന്‍ ഇല്ലെന്ന് എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം കോട്ടയില്‍ എന്‍സിപിക്ക് സീറ്റും കൊടുക്കില്ല. ഇതോടെ എന്‍സിപി ഇടതു പക്ഷത്ത് കൂടുതല്‍ പ്രതിസന്ധിയിലാകും. കേരളത്തില്‍ എന്‍സിപിയായി നില്‍ക്കുന്ന ശരത് പവാര്‍ വിഭാഗമാണ്. യഥാര്‍ത്ഥ എന്‍സിപി മഹാരാഷ്ട്രയിലെ ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ എന്‍സിപിയിലെ എംഎല്‍എമാര്‍ക്ക് കേരളത്തില്‍ വിപ്പ് കൊടുക്കാന്‍ പോലും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ എന്ന് അവകാശപ്പെടുന്ന പിസി ചാക്കോയ്ക്ക് കഴിയല്ലെന്നതാണ് മറ്റൊരു വസ്തുത. ഇതെല്ലാം കണക്കിലെടുത്താണ് കടുത്ത തീരുമാനം പിണറായി സ്വീകരിക്കുന്നത്. എന്‍സിപിക്ക് വേണമെങ്കില്‍ മുന്നണി വിട്ടു പോകാമെന്ന പരോക്ഷ സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും വിലയിരുത്തലുണ്ട്.
മുന്നണി സംവിധാനത്തില്‍ മന്ത്രിയെ നിശ്ചയിക്കുക അതത് പാര്‍ട്ടികളാണെങ്കിലും തോമസ് കെ.തോമസിന്റെ കാര്യത്തില്‍ അതുണ്ടാവാത്തതിലെ അതൃപ്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ കാരാട്ടിനെ അറിയിച്ചിരുന്നു. കാരാട്ടിനെ ഇടപെടുത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ സമ്മര്‍ദം ചെലുത്തി തോമസിന് മന്ത്രിസ്ഥാനം ഉറപ്പിക്കാനായിരുന്നു നീക്കം. ഇത് പിണറായിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. കൂറുമാറ്റത്തിനു കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം ഉയര്‍ന്ന തോമസ് കെ തോമസിനെ മന്ത്രിയാക്കില്ലെന്ന് മുഖ്യമന്ത്രി ഏതാണ്ട് തറപ്പിച്ചു പറഞ്ഞു. ഡല്‍ഹിയില്‍ പ്രകാശ് കാരാട്ടിനെ കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി എന്‍സിപി സംസ്ഥാന നേതൃത്വം നടത്തിയ സമ്മര്‍ദ ചര്‍ച്ചയില്‍ മുഖ്യമന്ത്രി അതൃപ്തനായി. ഇത്തരം കളികള്‍ക്ക് മുതിരുന്നവര്‍ കേരളത്തിലെ ഇടതുപക്ഷത്ത് വേണ്ടെന്ന നിലപാടില്‍ മുഖ്യമന്ത്രി എത്തിയതായാണ് സൂചന.
അതിനിടെ ശരദ് പവാര്‍ വിളിപ്പിച്ചത് അനുസരിച്ചാണ് ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഇനി കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു. കേരളത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. പവാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി. അനാവശ്യ വിവാദങ്ങളിലേക്കു പോകേണ്ടെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പാര്‍ട്ടിയുടെ ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ അദ്ദേഹം വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു കഴിഞ്ഞു. അക്കാര്യം ശരദ് പവാറിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാടിനോട് പ്രതിഷേധിക്കുന്ന നിലപാടിലേക്കു പോകുന്നതില്‍ തനിക്കു താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയുടെ കേരളത്തിലെ ശരത് പവാര്‍ വിഭാഗത്തില്‍ പിളര്‍പ്പിന് പോലും സാധ്യത ഉണ്ട്.
ഇപ്പോഴത്തെ വിവാദം പാര്‍ട്ടിക്കു ഗുണകരമാകില്ലെന്നും മന്ത്രിസ്ഥാനം തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടായേക്കാമെന്നുമാണ് എ.കെ.ശശീന്ദ്രന്‍ നല്‍കുന്ന മുന്നറിയിപ്പ്. താന്‍ തല്‍കാലം മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ശശീന്ദ്രന്‍ പറയാതെ പറയുകയാണ്. പിസി ചാക്കോ കടുത്ത നിലപാട് എടുത്താല്‍ സിപിഎം പക്ഷത്ത് തന്നെ ശശീന്ദ്രന്‍ നിലയുറപ്പിക്കും. ഇത് പാര്‍ട്ടിയിലെ പിളര്‍പ്പായി മാറുകയും ചെയ്തു. അതിനിടെ പാര്‍ട്ടി മാറ്റം എന്‍സിപിയുടെ ആഭ്യന്തരകാര്യമാണെന്നും ശശീന്ദ്രന്‍ നന്നായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.