പാലക്കാട്ടെ 52 അംഗ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്കുള്ളത് 28 പേര്‍; ആറു പേര്‍ കൂറുമാറുമെന്ന് അഭ്യൂഹം; എല്ലാ കൗണ്‍സിലര്‍മാരും പരിവാര്‍ നിരീക്ഷണത്തില്‍; 'സന്ദീപ് ഇഫക്ടില്‍' മുന്‍സിപ്പാലിറ്റി ബിജെപിക്ക് കൈമോശം വരുമോ? മാന്ത്രിക 27 ഒപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രയത്‌നത്തില്‍; ഓപ്പറേഷന്‍ അയ്യാപ്പുറം മുമ്പോട്ട് പോകുമ്പോള്‍

Update: 2024-11-18 06:39 GMT

പാലക്കാട്: അയ്യാപ്പുറത്തേക്കാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഓപ്പറേഷന്‍ അയ്യാപ്പുറത്തിലൂടെ എട്ട് ബിജെപി കൗണ്‍സിലര്‍മാരെ ചാടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വികെ ശ്രീകണ്ഠനും ഷാഫി പറമ്പിലും കിണഞ്ഞു പരിശ്രമിക്കുന്നു. സന്ദീപ് വാര്യര്‍ എന്ന കോണ്‍ഗ്രസുകാരനും ശ്രമത്തിന് പിന്നില്‍. എന്നാല്‍ ആറില്‍ എന്ന് എട്ടിലേക്കുയര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഒന്‍പത് ആയാല്‍ ഭരണം ഉറപ്പായും പിടിക്കാം. മാന്ത്രിക സഖ്യയ്ക്ക് അടുത്തെത്താനും കഴിയും. 52 അംഗങ്ങളാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയിലുള്ളത്. ഇവിടെ ഭൂരിപക്ഷത്തിന് വേണ്ടത് 27. രണ്ടു പക്ഷത്തും 26 ആയാല്‍ നറക്കെടുപ്പില്‍ ഭരണം നിശ്ചയിക്കും. പാലക്കാട് ബിജെപിക്ക് 28 പേരുണ്ട്. ഇതില്‍ ആറു പേര്‍ സന്ദീപ് വാര്യര്‍ ഫാന്‍സാണ്. അവര്‍ മാറാന്‍ എ്ല്ലാ അര്‍ത്ഥത്തിലും തയ്യാറാണ്. അതുകൊണ്ട് ഭരണം വീഴുമെന്ന് ഉറപ്പില്ല. എട്ടുപേരെത്തിയാല്‍ എല്ലാം കോണ്‍ഗ്രസിന് ശുഭമാകും.

യുഡിഎഫിന് 12 പേരുടെ പിന്തുണയാണുള്ളത്. ആറു സ്വതന്ത്രരുമാണ്. ഇവരെ എല്ലാം അനുകൂലമാക്കിയാല്‍ യുഡിഎഫിന് 18 പേരാകും. പിന്നെ വേണ്ടത് ഒന്‍പത് പേര്‍. എട്ടു പേരുണ്ടെങ്കിലും ഒരു കൈനോക്കാം. ബിജെപിയും സിപിഎമ്മും ഒരുമിക്കില്ലെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. ഇടതു മുന്നണിയ്ക്ക് ആറു പേരുടെ പിന്തുണയാണുള്ളത്. ഇനി ചെയര്‍മാന്‍ പദവിയിലേക്ക് ഇലക്ഷന്‍ വന്നാല്‍ സിപിഎം വിട്ടു നില്‍ക്കാനേ സാധ്യതയുള്ളൂ. അതുകൊണ്ടാണ് 12 പേരുള്ള യുഡിഎഫ് ആറു സ്വതന്ത്രന്മാരെ കൂടെ നിര്‍ത്തി അട്ടിമറിക്കളി നടത്തുന്നത്. പാലക്കാട്ടെ കൃഷ്ണകുമാര്‍ വിരുദ്ധ വികാരം ശക്തമാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ തോറ്റാല്‍ അത് ആളിക്കത്തും. ആ ഒരു സാഹചര്യത്തില്‍ ബിജെപിയില്‍ നിന്നും ഇളകി വരുന്ന കൗണ്‍സിലര്‍മാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഓപ്പറേഷന്‍ അയ്യാപ്പുറം അതുകൊണ്ട് തന്നെ പാലക്കാട്ടെ തിരഞ്ഞെടുപ്പിന് ശേഷവും വിജയിക്കാന്‍ സാധ്യത ഏറെയാണ്.

ചടുലമായ നീക്കങ്ങള്‍ ഇതിനായി സന്ദീപ് വാര്യര്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രധാന നേതാവിനെ കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. അവസാന നിമിഷം നടക്കാതെ പോയി. ഇതിന് കാരണം രഹസ്യ ചോര്‍ച്ചയാണ്. അതുകൊണ്ടാണ് എല്ലാ വിഷയങ്ങളിലും കരുതല്‍ എടുക്കുന്നത്. സന്ദീപുമായുള്ള ചര്‍ച്ചകള്‍ പോലും കോയമ്പത്തൂരിലാണ് നടന്നത്. ഇതിന് കാരണവും കോണ്‍ഗ്രസില്‍ പോലും ആരും ഒന്നും അറിയരുതെന്ന തിരിച്ചറിവാണ്. പാലക്കാട്ടെ ബിജെപിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളാണ് നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടത്. ബിജെപിയില്‍ അവഗണന നേരിടുന്ന പല നേതാക്കളും സന്ദീപുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

കുറച്ചുപേര്‍ കോണ്‍ഗ്രസിലെത്താന്‍ സാധ്യതയുണ്ട്. പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍മാരടക്കം ബിജെപി വിടുമെന്ന വിവരങ്ങളും പുറത്തുവരുന്നു. മൂന്നിലധികം കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം പോയാല്‍ ബിജെപിയുടെ നഗരസഭ ഭരണം നഷ്ടമാകും. അതായത് അവരുടെ സംഖ്യ 25ലേക്ക് മാറും. അപ്പോഴും സിപിഎം നിലപാട് നിര്‍ണ്ണായകമാണ്. ബിജെപിയില്‍ നിന്നും എട്ടു പേര്‍ മാറിയാല്‍ കാര്യങ്ങള്‍ എല്ലാം കോണ്‍ഗ്രസിന് അനുകൂലമാകുകയും ചെയ്യും. ബിജെപി തുടര്ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. അതേസമയം ബിജെപിയിലെ ഭിന്നത മുതലെടുക്കാനുളള നീക്കത്തിലാണ് യുഡിഎഫ്.

Tags:    

Similar News