വിശദീകരണം ചോദിച്ച് പ്രശാന്ത് ഐഎഎസിന് നല്‍കിയത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ആളുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍; ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിലെ സംശയ നിവാരണം ആരോപണ വിധേയന്റെ അവകാശം; രണ്ടാഴ്ച ആകാറായിട്ടും മറുപടി നല്‍കാന്‍ ഭയന്ന് സര്‍ക്കാര്‍; ആ വിവാദ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമോ?

ആ വിവാദ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമോ?

Update: 2024-12-27 09:47 GMT

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച പ്രശാന്ത് ഐഎഎസിന് നല്‍കിയത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ആളുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍. ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിലെ സംശയ നിവാരണം തേടിയപ്പോള്‍ കൈമാറിയ സ്‌ക്രീന് ഷോട്ടില്‍ കാണുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടാണ്.

അങ്ങിനെയെങ്കില്‍ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തമെന്ന് പ്രശാന്ത് പറയുന്നു. ഇതും സര്‍ക്കാരിന് ഭാവിയില്‍ തലവേദനയായി മാറും. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയ്ക്ക് എന്‍ പ്രശാന്ത് വിശദീകരണം തേടുന്നത്. വ്യക്തമായ നിയമോപദേശം ഇതിന് പിന്നിലുണ്ടെന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ടാണ് മതിയായ കരുതല്‍ എടുക്കാനുള്ള നീക്കം. പ്രശാന്തിന്റേത് അതിരു കടന്ന നടപടിയാണെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്.

കഴിഞ്ഞ 16നാണ് എന്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതെങ്കിലും ഇത് വരെ മറുപടി നല്‍കിയിട്ടില്ല. ചാര്‍ജ്ജ് മെമ്മോക്ക് മറുപടിയായി ചീഫ് സെക്രട്ടറിയോട് തിരിച്ച് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണ്. ഇതില്‍ കടുത്ത രോഷത്തിലാണ് പിണറായി സര്‍ക്കാര്‍.

തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പിന്നെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തിയുണ്ടെന്നാണ് പ്രശാന്തിന്റെ ചോദ്യം. സസ്‌പെന്റ് ചെയ്യുന്നതിന് മുമ്പോ ചാര്‍ജ് മെമ്മോ നല്‍കുന്നതിന് മുമ്പോ എന്ത് കൊണ്ട് തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല, ചാര്‍ജ് മെമ്മോക്കൊപ്പം വെച്ച തന്റെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആരാണ് ശേഖരിച്ചത്? ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. തനിക്ക് കൈമാറിയ സ്‌ക്രീന് ഷോട്ടില്‍ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്.

അങ്ങിനെയെങ്കില് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം. ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് വാദം. സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കില്‍ ഇതെങ്ങനെ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയെന്ന് അടുത്ത ചോദ്യം? ഐടി നിയമപ്രകാരം സര്‍ട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു.

തന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കിയാല്‍ ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കാമെന്നാണ് അതില്‍ പറയുന്നത്. ഏഴു കാര്യങ്ങളിലാണ് ചീഫ് സെക്രട്ടറിയില്‍ നിന്നും ഉത്തരം തേടുന്നത്. ഐഎഎസ് തലത്തിലെ പോരിനെ പുതിയ തലത്തിലെത്തിക്കുന്നതാണ് ഈ അസാധാരണ നീക്കം. മറുപടി പറയാന്‍ അസാധ്യമായ കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയോട് പ്രശാന്ത് ചോദിക്കുന്നതെന്നതും പ്രധാനമാണ്. ചീഫ് സെക്രട്ടറിയുടെ ചാര്‍ജ്ജ് മെമ്മോയ്ക്ക് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരണം ചോദിക്കുന്നതും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.

തനിക്കെതിരെ ആരെങ്കിലും പരാതി നല്‍കിയോ എന്നതാണ് ചീഫ് സെക്രട്ടറിയോടുള്ള പ്രധാന ചോദ്യം. എന്തുകൊണ്ട് സര്‍ക്കാര്‍ സ്വന്തം നിലയില്‍ വിശദീകരണം തേടിയെന്നും ചോദിക്കുന്നു. ഇതിനൊപ്പം നടപടിക്ക് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തതിനേയും കുറ്റപ്പെടുത്തുന്നു. തന്റെ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്തത് ആരെന്നും ഏത് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണ് അത് ശേഖരിച്ചതെന്നും പ്രശാന്ത് അന്വേഷിക്കുന്നു. ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ കൃത്രിമം അല്ലെന്ന് ഉറപ്പിച്ചോ എന്ന ചോദ്യവുമുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മാത്രമേ ചാര്‍ജ് മെമ്മോയ്ക്ക് വിശദീകരണമുള്ളൂവെന്നാണ് പ്രശാന്ത് പറയുന്നത്.

പത്തു ദിവസത്തില്‍ അധികമായിട്ടും ഇതിനോട് ചീഫ് സെക്രട്ടറി പ്രതികരിച്ചിട്ടില്ല. സര്‍ക്കാരിന്റെ കൂടി അഭിപ്രായം മാനിച്ചാണ് ഈ മൗനം. പ്രശാന്തിനെതിരെ സര്‍ക്കാര്‍ വ്യക്തമായ നിയമോപദേശം തേടുന്നുണ്ടെന്നും സൂചനകളുണ്ട്. വിവിധ കുറ്റങ്ങള്‍ ആരോപിച്ച ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു നേരത്തെ പ്രശാന്ത് ഐ എ എസ്. ആദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് , കെ ഗോപാലകൃഷ്ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. നടപടി എടുക്കാത്തപക്ഷം കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയതിലക് ഐ.എ.എസിനെ സസ്പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്.

ഏതായാലും തനിക്കെതിരായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന സൂചനകള്‍ തന്നെയാണ് പ്രശാന്ത് നല്‍കുന്നത്. ചീഫ് സെക്രട്ടറിയ്ക്ക് അടക്കം പ്രശാന്ത് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. ഐഎഎസ് ചേരി പോരിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണ്ണമാവുകയാണെന്ന് വ്യക്തമാകുകയാണ് ഇതിലൂടെ.

ഐഎഎസ് തലപ്പത്തെ പോര് നീളുന്നത് അസാധാരണമായ തലത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ഒപ്പം സര്‍ക്കാരിന് നാണക്കേടും. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് എന്‍ പ്രശാന്തിനെ സസ്പെന്റ് ചെയ്തത്. തൊട്ടു പിന്നാലെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോയും നല്‍കി. എന്നാല്‍ മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയായിരുന്നു പ്രശാന്ത്.

സസ്‌പെന്‍ഡ് ചെയ്യുന്നതിനും ചാര്‍ജ് മെമ്മോ നല്‍കുന്നതിനും മുമ്പ് എന്തുകൊണ്ട് തന്റെ ഭാഗം കേട്ടില്ലെന്നും പ്രശാന്ത് ചോദിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ചു എന്നും സസ്‌പെന്‍ഷനില്‍ ആയ ശേഷം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും കുറ്റപ്പെടുത്തിയാണ് ചീഫ് സെക്രട്ടറി പ്രശാന്തിന് ചാര്‍ജ്ജ് മെമ്മോ അയച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന് നേരെയാണ് പ്രശാന്ത് പരസ്യവിമര്‍ശനം ഉന്നയിച്ചത്.

സംസ്ഥാനത്തെ രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരില്‍ കെ.ഗോപാലകൃഷ്ണനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ എന്‍.പ്രശാന്തിനെയും ആണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ചീഫ് സെക്രട്ടറിക്ക് എന്‍ പ്രശാന്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്. എ ജയതിലക് ഐഎഎസിന്റെ ചിത്രം സഹിതമാണ് എന്‍ പ്രശാന്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാര്‍മശം നടത്തിയത്. തനിക്കെതിരെ പത്ര ത്തിന് വാര്‍ത്ത നല്‍കുന്നത് എ ജയതിലകാണെന്ന് എന്‍ പ്രശാന്ത് ആരോപിച്ചിരുന്നു. 'ഓണക്കിറ്റില്‍ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയര്‍ തീര്‍ക്കാന്‍ മാത്രം ആരും കേരളത്തിലില്ലെന്നും എന്‍ പ്രശാന്ത് ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.

ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമര്‍ശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്ന കമന്റിനുള്ള മറുപടിയായാണ് എന്‍ പ്രശാന്ത് ഇക്കാര്യം കുറിച്ചത്. 'ജനിച്ച് വീണതേ ഐ എ എസ് ആവും എന്ന് കരുതിയിട്ടല്ല. പഠിച്ചതാകട്ടെ നിയമമാണ്. ഓണക്കിറ്റില്‍ ഫ്രീ ആയി കിട്ടിയതല്ല, പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്. ജോലിയും കരിയറും തീര്‍ക്കാന്‍ മാത്രം ആരും കേരളത്തില്‍ ഇല്ല എന്നാണെന്റെ ഒരിത്' - ഇങ്ങനെയായിരുന്നു പ്രശാന്ത് നല്‍കിയ ഒരു മറുപടി.'നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സംസാരിക്കുന്നതും എഴുതുന്നതും ഒക്കെ നല്ലോണം ആലോചിച്ചു ചെയ്യൂ.. ജോലിയും കരിയറും ഒക്കെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു വിഭാഗം തലക്കുമുകളില്‍ ഉണ്ടെന്നു മറന്നു പോകരുത്. സമാധാനമായി ചിന്തിച്ചു പക്വതയോടെ വേണ്ടത് ചെയ്യൂ' എന്ന കമന്റിനുള്ള മറുപടിയായാണ് എന്‍ പ്രശാന്ത് ഇങ്ങനെ കുറിച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ ചിത്രം സഹിതമുള്ള കുറിപ്പില്‍ നേരത്തെ എന്‍ പ്രശാന്ത് അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. തനിക്കെതിരെ മാതൃഭൂമിക്ക് വാര്‍ത്ത നല്‍കുന്നത് ജയതിലകാണെന്ന് ആരോപിച്ച പ്രശാന്ത്, 'സ്പെഷല്‍ റിപ്പോര്‍ട്ടര്‍' എന്നാണ് ജയതിലകിനെ പരിഹസിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് വിമര്‍ശിച്ചിരുന്നു. ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നും എന്നാല്‍ തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്‍മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എന്‍. പ്രശാന്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ് വിവാദവുമായി ബന്ധപ്പെട്ടാണ് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെതിരെ വക്കീല്‍ നോട്ടീസ് പ്രശാന്ത് അയച്ചത്. ഈ വിഷയത്തില്‍ ഗോപാലകൃഷ്ണനെതിരെ ഇനിയും പോലീസ് നടപടി എടുത്തിട്ടില്ല.

Tags:    

Similar News