വര്‍ഷങ്ങളോളം വിദേശത്തു ജോലി ചെയ്ത സമ്പാദ്യവുമായി നാട്ടിലെത്തി; സ്വന്തം നാട്ടില്‍ വ്യവസായം തുടങ്ങണമെന്ന ആഗ്രഹത്താല്‍ ശ്രമം തുടങ്ങി; വകുപ്പുകളുടെ അനുമതി ലഭിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ഉടക്കിട്ടതോടെ കഷ്ടകാലം തുടങ്ങി; മുഖ്യമന്ത്രിക്കു വരെ പരാതി നല്‍കിയിട്ടും രക്ഷയില്ലാതെ സംരംഭകന്‍; വ്യവസായ സൗഹൃദ കേരളത്തില്‍ ഒരു സംരംഭകന്റെ ദുര്‍വിധി ഇങ്ങനെ
വ്യവസായ സൗഹൃദ കേരളത്തില്‍ ഒരു സംരംഭകന്റെ ദുര്‍വിധി ഇങ്ങനെ
അങ്കമാലി: വിദേശത്തു നിന്നും നാട്ടിലെത്തി ചെറുകിട വ്യവസായം ആരംഭിക്കാന്‍ ശ്രമിച്ച സംരംഭകന്‍ ഉദ്യോഗസ്ഥരുടെ പകപോക്കലിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഭൂമി സംബന്ധമായ രേഖകള്‍ അനധികൃതമായി തിരുത്തി പ്രവര്‍ത്തനാനുമതി നിഷേധിക്കുകയായിരുന്നു. ഇടതുഭരണം നിലനില്‍ക്കുന്ന പഞ്ചായത്ത് വാര്‍ഡംഗം മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്തതിനാല്‍ വ്യവസായ സംരംഭം അവസാനിപ്പിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് സംരംഭകന്‍.
2020 ലാണ് അങ്കമാലി മഞ്ഞപ്ര പല്ലിക്കുന്നില്‍ രാജന്‍ ജോസ് ഭാര്യ മേരിക്കുട്ടി രാജന്റെ പേരില്‍ നടുവട്ടം വെസ്റ്റില്‍ മീന്‍ തീറ്റ ഉത്പാദിപ്പിക്കാനായി ചെറുകിട ഫാക്ടറി ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. വിദേശത്ത്് വര്‍ഷങ്ങളോളം ജോലി ചെയ്ത രാജന്‍ നാട്ടില്‍ സ്വന്തം സ്ഥലത്തുതന്നെ വ്യവസായം ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ഇതിനു മുന്നിട്ടിറങ്ങിയത്. സ്വന്തം ഭൂമിയില്‍ ചെറുകിട സംരംഭം തുടങ്ങുന്നതിന് രാജന്‍ വ്യവസായ വകുപ്പില്‍ നിന്നും അനുമതി തേടിയതിനു ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിലും അപേക്ഷ സമര്‍പ്പിച്ചു.
ഫാക്ടറി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട ഭൂമി മൂന്നു വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളതിനാല്‍ മൂന്നു വകുപ്പുകളും രാജന് പ്രവര്‍ത്തനാനുമതി നല്‍കി. പഞ്ചായത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഫാക്ടറി തുടങ്ങാമെന്ന സാഹചര്യം നിലനില്‍ക്കെയാണ് 2000 ത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമായി രാജന്‍ ഇടയുന്നത്്. അതോടുകൂടി രാജന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. അപേക്ഷ നല്‍കി ആഴ്ചകള്‍ കഴിഞ്ഞശേഷവും അനുമതി ലഭിക്കാതെ വന്നതോടെ രാജന്‍ അന്വേഷിച്ചെത്തി. അപ്പോഴാണ്, കെട്ടിടത്തിന് ആവശ്യമായ വിസ്തീര്‍ണ്ണം ഇല്ലെന്നും അതിനാല്‍ അനുമതി നല്‍കാനാവില്ലെന്നും പഞ്ചായത്തില്‍ നിന്നും അറിയിച്ചത്.
191.91 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണം രേഖപ്പെടുത്തിയിരുന്ന സ്ഥലത്ത് 12 ചതുരശ്രമീറ്ററായി തിരുത്തപ്പെട്ടതായി കാണുകയായിരുന്നെന്ന്് രാജന്‍ പറയുന്നു. മേല്‍ക്കൂരയിലെ വിസ്തീര്‍ണ്ണവും തിരുത്തപ്പെട്ടു. അതുകൂടാതെ അടിസ്ഥാന നികുതി രജിസ്റ്ററില്‍ (ബി.ടി.ആര്‍) പുറമ്പോക്കു ഭൂമിയെന്നു മാറ്റിയതായും രാജന്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പില്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ നല്‍കി.
തുടര്‍ന്ന്, റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഭൂമി സംബന്ധിച്ച രേഖകളില്‍ വെട്ടിത്തിരുത്തല്‍ നടന്നതായി കണ്ടെത്തി. തിരുത്തിയ ഉദ്യോഗസ്ഥന്റെ പേര് രേഖകളില്‍ കാണുന്നില്ലെന്നും റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടപടിയെടുക്കാന്‍ പോലീസ് സ്റ്റേഷനിലും വിജിലന്‍സിലും പരാതി നല്‍കിയെങ്കിലും അവിടെയും അനുകൂല നിലപാടുണ്ടായില്ല.
കേരളത്തില്‍ മുതല്‍മുടക്കി വ്യവസായം ആരംഭിക്കാനെത്തിയ താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ച് വ്യവസായ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും രാജന്‍ പരാതിപ്പെടുന്നു. രാജന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നയിടത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്നും പഞ്ചായത്ത് രേഖകളില്‍ അങ്ങനെയുള്ളതു കൊണ്ടാണ് അനുമതി നല്‍കാത്തതെന്നും നിലവിലെ പഞ്ചായത്ത് പ്രസിഡന്‍്റ് വല്‍സലകുമാരി വേണു പറയുന്നു.