ഒന്നിനും ഒരുകുറവും ഉണ്ടായില്ല; തനിച്ചൊരു സെല്‍, കിടക്കാന്‍ കട്ടിലും പിന്നെ മേശയും; രാവിലെ ഉപ്പുമാവും ഗ്രീന്‍പീസും, ഉച്ചയ്ക്കു മീനും തൈരും വറുത്തുപ്പേരിയും കൂട്ടി സദ്യയും; എല്ലാം രുചിയോടെ ശാപ്പിട്ട് നിലമ്പൂര്‍ എംഎല്‍എ; തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി വി അന്‍വറിന് കിട്ടിയത് സ്‌പെഷ്യല്‍ പരിഗണന
തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി വി അന്‍വറിന് കിട്ടിയത് സ്‌പെഷ്യല്‍ പരിഗണന
കെ എം റഫീഖ്
മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി വി അന്‍വറിന് ലഭിച്ചത് സ്‌പെഷ്യല്‍ പരിഗണന. കട്ടിലും, ടേബിളിനും പുറമെ തനിച്ചു സെല്ലും നല്‍കി. രാവിലെ ഉപ്പുമാവും ഗ്രീന്‍പീസും, ഉച്ചയ്ക്കു മീനും തൈരും വറുത്തുപ്പേരിയും കൂട്ടി സദ്യയുമായിരുന്നു ഇന്നു ജയിലില്‍. എം.എല്‍.എമാര്‍ക്കു നല്‍കുന്ന പരിഗണന മാത്രമാണു നല്‍കിയതെന്നാണു ജയിലധികൃതരുടെ വിശദീകരണം.
568 പേര്‍ക്കു മാത്രം സൗകര്യമുള്ള തവനൂര്‍ ജയിലില്‍ നിലവില്‍ കഴിയുന്നതു 651 പേരാണ്. 83 പേര്‍ ജയിലില്‍ അധികമായുണ്ട്. ശനിയാഴ്ചകളില്‍ ജയിലില്‍ മട്ടന്‍ വരെ നല്‍കുന്നുണ്ട്. ജയിലിലും അന്‍വര്‍ ഭക്ഷണമെല്ലാം കഴിച്ചു. എല്ലാ ബ്ലോക്കിലും എത്തിച്ചു നല്‍കുന്ന ഭക്ഷണം സെല്ലില്‍ നിന്നുള്ളവര്‍ വന്നു എടുത്തുകൊണ്ടുപോയി കഴിക്കുന്നതാണ് പതിവ്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ജയില്‍ ഉച്ച ഭക്ഷണത്തിനോടൊപ്പം മത്സ്യമുണ്ടാകും.
ശനിയാഴ്ച്ച മട്ടനും, മറ്റുള്ള ദിവസങ്ങളില്‍ വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ചുരുക്കി പറഞ്ഞാല്‍ സാധാരണക്കാരന്‍ പണമില്ലാത്തതിനാല്‍ മട്ടന്‍ കഴിക്കാതിരിക്കുമ്പോള്‍ കുറ്റവാളികള്‍ക്കു മട്ടനും, മീനും ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണു വിളമ്പുന്നത്. തൈര്, കാബേജ്, പയര്‍, ബീന്‍സ് തുടങ്ങിയ വറുത്ത ഉപ്പേരികളും ഇവിടെ നല്‍കിവരാറുണ്ട്. രാവിലെ പാല്‍ചായ തന്നെയാണു നല്‍കാറുള്ളത്. ഇന്നു രാത്രി ജയിലില്‍ ചോറിനു പുറമെ കപ്പയുമുണ്ട്. കൂടെ രസവും, അച്ചാറുമുണ്ട്. 20ഓളം തടവുകാര്‍ ചേര്‍ന്നാണു ഭക്ഷണം ഒരുക്കുന്നത്.
കോഴിക്കോടുനിന്നുള്ള സൊസൈറ്റിയാണു ഭക്ഷണത്തിനാവശ്യമായ മട്ടന്‍ ഉള്‍പ്പെടെ എത്തിക്കാറുള്ളത്. പച്ചക്കറിയും മറ്റും സപ്ലൈക്കോയും ഇവിടെയില്ലെങ്കില്‍ സഹകരണ മേഖലയിലെ മറ്റു സൊസൈറ്റികള്‍ വഴിയാണു എത്തിക്കാറുള്ളത്. മാസം ക്വട്ടേഷന്‍ വിളിച്ചാണു ഭക്ഷണത്തിനു ഏല്‍പിക്കാറുള്ളതെന്നാണു ജയില്‍ സൂപ്രണ്ട് പറയുന്നത്. നിലവില്‍ തടവുകാരുടെ എണ്ണം കൂടുതലും പോലീസുകാരുടെ എണ്ണം കുറവുമാണ്. 12 ജീവനക്കാരുടെ കുറവാണ് ജയിലിലുള്ളത്.
അതേ സമയം നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അന്‍വര്‍ എംഎല്‍എയ്ക്ക് വൈകിട്ടോടെ ജാമ്യം അനുവദിച്ചു.നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധി സ്വാഗതാര്‍ഹമെന്ന് അന്‍വറിന്റെ സഹോദരന്‍ മുഹമ്മദ് റാഫി പ്രതികരിച്ചു.
അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കസ്റ്റഡി ആവശ്യം തള്ളിക്കളയുകയാണുണ്ടായത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍.
അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.