പൊലീസില്‍ നിന്നും പിരിച്ചുവിട്ടവരെ ഒപ്പം കൂട്ടി അന്‍വറിന്റെ 'പ്രതിരോധ' സേന; പിണറായിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ അജിത് കുമാര്‍ സിബിഐയിലേക്കോ? വിവാദങ്ങള്‍ക്ക് പിന്നില്‍ ആര്‍ക്കും പിടികൊടുക്കാത്ത ചില തിരക്കഥ

പിണറായിയുടെ അധികാര കൈമാറ്റത്തിന് 'വഴിയൊരുക്കാന്‍' നീക്കങ്ങള്‍

Update: 2024-09-16 11:13 GMT

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഡപ്യൂട്ടേഷനില്‍ കേന്ദ്രസര്‍വീസില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സൂചന. അതിനൊരു സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയാണ് വിവാദങ്ങളും അന്വേഷണ നാടകങ്ങളും ഒക്കെ അരങ്ങേറുന്നതെന്നാണ് അഭ്യൂഹം. ആര്‍ക്കും പിടികൊടുക്കാത്ത ചില തിരക്കഥകളാണ് ഈ നാടകത്തിന് പിന്നില്‍.

ഒന്നര കൊല്ലത്തിനകം പിണറായി അധികാരത്തില്‍ നിന്നും പിന്മാറി മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താന്‍ സാധ്യതയുണ്ടെന്നും ആ സമയത്ത് തനിക്കെതിരെ ഉയരാന്‍ ഇടയുള്ള കേസുകള്‍ ഇല്ലാതാക്കാന്‍ പിണറായി വിജയന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളുടെയും ഗൂഢാലോചനയുടെയും ഭാഗമാണ് ഇപ്പോള്‍ അരങ്ങേറുന്ന വിവാദങ്ങളെന്നും വിശ്വസിക്കുന്നവരുണ്ട്. പി വി അന്‍വര്‍ പോലും പിണറായിയെ സഹായിക്കാന്‍ വേണ്ടി രംഗത്ത് ഇറങ്ങിയതാണെന്നും അജിത് കുമാറിന് മേല്‍ ആര്‍എസ്എസ് ബന്ധം ആരോപിച്ച് വിവാദം ഉണ്ടാക്കി ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് പരിക്കേല്‍പ്പിക്കാതെ നാടുകടത്താനുള്ള നീക്കമാണെന്നും പറയപ്പെടുന്നു.

സിബിഐയും എന്‍ഐഎയുമടക്കം കേന്ദ്രസേനകളില്‍ ഒന്നിന്റെ പ്രധാനപ്പെട്ട ചുമതലയിലേക്ക് അജിത് കുമാര്‍ മാറുക എന്ന ലക്ഷ്യത്തോടു കൂടി പിണറായി വിജയന്‍ ഒരുക്കിയ തിരക്കഥയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പിണറായിയുടെ വിശ്വസ്തനായിരുന്ന ഒരാള്‍ പൊടുന്നനെ കേന്ദ്രസര്‍വീസിലേക്ക് പോയാല്‍ വിവാദമാകാന്‍ സാഹചര്യമുള്ളതിനാല്‍ ആര്‍എസ്എസ് ചാപ്പ കുത്തി വിവാദം ഉണ്ടാക്കിയതിന് ശേഷം കേന്ദസര്‍ക്കാര്‍ രക്ഷകരായി എത്തുന്നു എന്ന തരത്തില്‍ കേന്ദ്രസര്‍വീസിലേക്ക് മാറുന്നുവെന്നതാണ് തിരക്കഥ.


Full View

അങ്ങനെയെങ്കില്‍ അന്‍വറിന് വിജയം പ്രഖ്യാപിക്കാം. ആര്‍എസ്എസുകാരനാണ് എഡിജിപി അജിത് കുമാര്‍ എന്ന് പറഞ്ഞത് ശരിവയ്ക്കുന്നതിന് തുല്യമായി മാറും കേന്ദ്രസര്‍വീസിലേക്കുള്ള ഡെപ്യൂട്ടേഷന്‍. അവിടെ മാത്രമല്ല, അന്‍വര്‍ പറഞ്ഞതുപോലെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി എന്നുകൂടിയാകുമ്പോള്‍ അന്‍വര്‍ വിജയിയും ഹീറോയുമായി മാറും. അതേ സമയം അജിത് കുമാര്‍ സുരക്ഷിതനായി സിബിഐയിലോ എന്‍ഐഎയിലോ എത്തിയാല്‍ ഒന്നര കൊല്ലത്തിന് ശേഷം അധികാര കൈമാറ്റം ഉണ്ടാകുമ്പോള്‍ പിണറായിക്ക് എതിരെ വരാന്‍ സാധ്യതയുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ അജിത് കുമാര്‍ അവിടെ ഉണ്ടാകുകയും ചെയ്യും.

വാസ്തവത്തില്‍ പിണറായി വിജയന്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനാണ്. കെജ്രിവാളിനെപ്പോലെ അതീവ തന്ത്രജ്ഞന്‍. ന്യൂനപക്ഷള്‍ക്ക് ഒപ്പമാണ് താന്‍, മോദി വിരുദ്ധനും സംഘവിരുദ്ധരുടെ ഏറ്റവും വലിയ അഭയ കേന്ദ്രമാണ് താന്‍ എന്ന് വരുത്തി തീര്‍ക്കുമ്പോള്‍ തന്നെ അണിയറയില്‍ ബിജെപിയുമായും ആര്‍എസ്എസുമായും ബന്ധം സ്ഥാപിച്ച് കേന്ദ്രത്തിന്റെ സംരക്ഷണയില്‍ കഴിയാന്‍ പിണറായിക്ക് മാത്രമെ കഴിയു.

വാസ്തവത്തില്‍ ഈ അന്തര്‍ധാര പിണറായി ഉണ്ടാക്കിയെടുത്തത് ഉദ്യോഗസ്ഥരെ വച്ചാണ്. രമണ്‍ ശ്രീവാസ്തവയാണെങ്കിലും ലോക്‌നാഥ് ബഹ്‌റയാണെങ്കിലും എന്തിനെറെ അജിത് കുമാര്‍ ആണെങ്കിലും ഇതിന് മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ വിജയ് സാഖറെ ആണെങ്കിലും പിണറായിയുടെ വിശ്വസ്തരും കേന്ദ്രസേനയിലെ ആര്‍എസ് എസ് വക്താക്കളുമാണ്. അങ്ങനെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുനയൊടിക്കാന്‍ ഉദ്യോഗസ്ഥരെ കൃത്യമായി ഉപയോഗിച്ചിട്ടുള്ള പിണറായി അതേ ലക്ഷ്യത്തോട് കൂടി അജിത് കുമാറിനെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നാടകമൊക്കെ നടത്തിയത് എന്ന് വിശ്വസിക്കാന്‍ പോന്ന സാഹചര്യമുണ്ട്.

പിണറായിയുടെ പോലീസ് നിരപരാധികളെ വേട്ടയാടിയപ്പോള്‍ അതിന് നേതൃത്വം കൊടുത്തത് എം ആര്‍ അജിത് കുമാര്‍ എന്ന പിണറായി വിജയന്റെ അതിവിശ്വസ്തനായ എഡിജിപിയായിരുന്നു. കഴിഞ്ഞ കുറെ കാലമായി സര്‍ക്കാരില്‍ നിന്നും സാധാരണക്കാര്‍ അടക്കം നേരിടുന്ന നീതി നിഷേധവും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീതി രഹിത പ്രവര്‍ത്തി കൊണ്ടും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഗുണഫലങ്ങള്‍ ഉണ്ടാക്കിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തന്നെ എഡിജിപി അജിത് കുമാറിനെതിരെ രംഗത്ത് വന്നിതാണ് അതിശയിപ്പിക്കുന്ന നീക്കം.

പൊലീസിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്ത അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരിക്കുന്നത്. സീതാറാം യച്യൂരിയുടെ വിയോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് നടപടി സ്വീകരിക്കും എന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. അഴിമതിയും കൊലപാതകവും സ്വര്‍ണക്കടത്തും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് സേന തന്നെ ഇളിഭ്യരായിരിക്കുകയാണ്.

അതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉയര്‍ത്തിയ എഡിജിപി ആര്‍ എസ് എസ് നേതാക്കളെ കണ്ടു എന്ന ആരോപണം പാര്‍ട്ടിയെ വല്ലാതെ പിടിച്ചുകുലുക്കുന്നുണ്ട്. മലബാറിലെ ന്യൂനപക്ഷങ്ങളുടെ പിന്തുണ സിപിഎമ്മിന് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇതുവരെ തങ്ങള്‍ പാലു കൊടുത്തത് കടിക്കുന്ന പാമ്പിനെയാണ് എന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് നേതൃത്വം.

അതുകൊണ്ടു തന്നെ ആരോപണം അന്‍വറിന് ഭാഗികമായി ഗുണം ചെയ്തിട്ടുണ്ട്. അന്‍വര്‍ പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെങ്കിലും മലബാറിലെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഹീറോ പരിവേഷം നേടിയെടുക്കാന്‍ അന്‍വറിന് സാധിച്ചു. അന്‍വറിന്റെ ഇടപെടലിന് പിന്നില്‍ തീവ്രഇസ്ലാമിക ശക്തികളാണ് എന്ന് എഡിജിപി അജിത് കുമാര്‍ പൊലീസിന് മൊഴി കൊടുത്തത് വഴിത്തിരിവാകുകയാണ്. ഈ സാഹചര്യത്തില്‍ ഇനിയെന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

എഡിജിപി അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണ ശുപാര്‍ശയില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല. ആ തീരുമാനം എടുത്തേക്കുമെന്നും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ അതൊന്നും പിണറായിയെയോ എഡിജിപിയെയോ ബാധിക്കുകയില്ല എന്നതാണ് സത്യം.

അതേ സമയം ഒരു വശത്ത് ഇത്തരം നീക്കം നടക്കുമ്പോള്‍ തന്നെ കേരള പൊലീസിനെ വിശ്വാസം ഇല്ലാത്തതുകൊണ്ട് സമാന്തര അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പി വി അന്‍വര്‍. പി വി അന്‍വറിന് കേരളാ പൊലീസിനെ തെല്ലും വിശ്വാസമില്ല. അജിത് കുമാര്‍ ക്രമസമാധാന ചുമതലയില്‍ ഇരിക്കുമ്പോള്‍ ഭയം അന്‍വറിനുണ്ട്. അതുകൊണ്ടുതന്നെ സമാന്തരമായ അന്വേഷണവുമായി മുന്നോട്ട് പോകുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി കേരള പൊലീസിന് ഇടയില്‍ അനേകം പേരെ പിരിച്ചുവിട്ടിരുന്നു. സിഐയും എസ്‌ഐയും അടക്കം ധാരാളം പേരെ പൊലീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

അനേകം പൊലീസ് ഓഫീസര്‍മാരും പൊലീസുകാരും ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഈ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരും പിരിച്ചുവിടപ്പെട്ടവരുമായ പൊലീസുകാരുമായി അന്‍വറിന്റെ സംഘം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അവരെയൊക്കെ ഒന്നിച്ചുചേര്‍ത്ത് ഒരു സമാന്തര അന്വേഷണ സംഘത്തിന് രൂപം കൊടുക്കുകയാണ് അന്‍വര്‍. പൊലീസില്‍ ഇപ്പോഴും നല്ല ബന്ധമുള്ള സര്‍വീസില്‍ തിരിച്ചുകേറുമെന്ന് ഉറപ്പുള്ള, പുറത്തായിട്ടും നിയമ പോരാട്ടം നടത്തുന്നവരടക്കുള്ളവരാണ് അന്‍വറിന്റെ ശക്തിയായി മാറുന്നത്. അങ്ങനെ കേരള പൊലീസിന് ബദലായി അന്വേഷണ സംഘത്തിന് രൂപം കൊടുത്തിരിക്കുകയാണ് അന്‍വര്‍. ഒരു എസ് പിയും രണ്ട് ഡിവൈഎസ്പിമാരും അടക്കമുള്ളവര്‍ അന്‍വറിന് വേണ്ടി ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള ചാരപ്രവര്‍ത്തികള്‍ ചെയ്തുകൊടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.

ആരോപണ വിധേയനായ എസ് പി വിക്രമന്‍ മലപ്പുറം ക്രൈംബ്രാഞ്ച് എസ് പിയായിരുന്നു. മലപ്പുറത്തെ കൂട്ടസ്ഥലം മാറ്റത്തിന്റെ ഭാഗമായി വിക്രമനും പുറത്താക്കപ്പെട്ടു. വിക്രമനെ തിരിച്ചുകൊണ്ടിവരുവാനും മാമി തിരോധാനക്കേസ് വിക്രമനെ തന്നെ ഏല്‍പ്പിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്. അന്‍വറിന് എതിരെയുള്ള അമ്പത് ലക്ഷം രൂപയുടെ വഞ്ചനാകേസ് ക്രിമിനല്‍ കേസായി മുന്നോട്ട് പോകുന്നതിനിടെ സിവില്‍ കേസാക്കി മാറ്റി വൈരുദ്ധ്യം തെളിയിച്ചയാളാണ് വിക്രമന്‍. ആ വിക്രമനാണ് അന്‍വറിന്റെ ചാരനായി പൊലീസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.

ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് പി വിക്രമിന് എതിരെയും രണ്ട് ഡിവൈഎസ്പിമാര്‍ക്ക് എതിരെയും നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. അതീവ രഹസ്യമായ പൊലീസ് ഫയല്‍ ചോര്‍ത്തിക്കൊടുത്തത് നിയമ വിരുദ്ധ പ്രവര്‍ത്തിയാണെന്നും അതിന് പിന്നില്‍ അന്‍വറിന് എതിരെയും ഈ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് എതിരെയും കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ സമാന്തര സേനയുമായി മുന്നോട്ട് പോകുന്നതും മാമി കേസടക്കമുള്ള വിവാദങ്ങളില്‍ കൃത്യമായി ഇടപെട്ടുകൊണ്ട് അന്‍വര്‍ നടത്തുന്ന നീക്കങ്ങളൊക്കെ ഇത്തരം ഗൂഢ ലക്ഷ്യങ്ങളോടെയുള്ളതാണ്. അന്‍വറിനെതിരെ നടപടിയെടുക്കുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെങ്കിലും അന്‍വറിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പണി വാങ്ങുമെന്ന് തന്നെയാണ് റിപ്പോര്‍്ട്ടുകള്‍ അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറിയിരിക്കുന്നത്.

അതേ സമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നിന്നും തിരികെ നാട്ടില്‍ എത്തിയിട്ടുണ്ട്. ഇതോടെ അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അടക്കം തീരുമാനം ഉണ്ടായേക്കും.

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്‍വറിന്റെ ആരോപണങ്ങളാണ് വിജിലന്‍സിന് കൈമാറണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തത്. സര്‍ക്കാരിന് കൈമാറിയ ശുപാര്‍ശയില്‍ ഇതേവരെ നടപടിയെടുത്തിരുന്നില്ല. തുടര്‍ച്ചയായി വന്ന അവധി ദിവസങ്ങള്‍ കാരണമാണ് ഇതെന്നാണ് സൂചന. അതേസമയം, ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പിവി അന്‍വറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് ഡിജിപി വിശദമായ റിപ്പോര്‍ട്ട് തേടി.

അന്‍വറിന് പോലീസിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അന്‍വറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടിണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി.വി.അന്‍വറിനെതിരെ പൊലീസ് ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റിപ്പോര്‍ട്ടാണ് അന്‍വര്‍ ഫെയ്സ് ബുക്കിലിട്ടത്. ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ രഹസ്യ രേഖ ചോര്‍ന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൗനമാണ്.

നേരത്തെ താന്‍ ഫോണ്‍ ചോര്‍ത്തിയതായി അന്‍വര്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. പൊലീസ് ഇതില്‍ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യരേഖ പുറത്തുവിട്ടത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് ആര്‍എസ്എസ് അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അന്‍വര്‍ ആരോപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

പൊലീസുകാര്‍ ഉപയോഗിക്കുന്ന അയാപ്സ് സോഫ്റ്റ്വര്‍ വഴി  പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്നും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോര്‍ന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം സ്വന്തം ഫെയ്സ് ബുക്ക് പേജിലുമിട്ടു.

Tags:    

Similar News